Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാചകമടി പോലെയല്ല പാചകം

reenabashir-actress റീന ബഷീർ

വീട്ടിലെ ഇഷ്ടയിടം ഏതെന്നു ചോദിച്ചാൽ അടുക്കളയെന്നാകും റീന ബഷീറിന്റെ മറുപടി. കാരണം കുട്ടിക്കാലം മുതൽ റീന കൂടുതൽ സമയവും പാചക പരീക്ഷണങ്ങളുമായി ചെലവഴിച്ചത് വീട്ടിലെ അടുക്കളയിലാണ്. അമ്മ നൽകിയ പാഠങ്ങൾ റീനയ്ക്കു പിൻകാലത്ത് ഗുണം ചെയ്യുകയും ചെയ്തു. പുതിയ രൂചിക്കൂട്ടുമായി മിനിസ്ക്രീനിൽ തിളങ്ങിയ റീനയ്ക്ക് ബിഗ് സ്ക്രീനിലേക്കു വഴിതെളിച്ചതും പാചകത്തിന്റെ കൈപ്പുണ്യം ! സുലഭമായ ചേരുവകൾ കൊണ്ട് അസാധാരണ വിഭവങ്ങൾ തയാറാക്കുകയെന്നതാണ് റീനയുടെ രുചിതന്ത്രം. 

വാചകമടി പോലെയല്ല പാചകം

വീട്ടിൽ വെറുതെയിരിക്കാമെന്നു വിചാരിക്കുമ്പോഴാകും അടുക്കളയിൽനിന്നു റീനയെ അമ്മ വിളിക്കുന്നത്. ചേരുവകൾ അരിഞ്ഞോ പാത്രങ്ങൾ അടുപ്പിച്ചു കൊടുത്തോ മുങ്ങാനൊന്നും അമ്മ സമ്മതിക്കില്ലായിരുന്നു. പാചകത്തിന്റെ ഓരോ ഘട്ടത്തിലും അമ്മയുടെ ലൈവ് കമന്ററി നിർബന്ധമായും കേൾക്കണമായിരുന്നു. ഇടയ്ക്ക് അമ്മ ചോദിക്കുന്ന ചോദ്യങ്ങൾക്കു കൃത്യമായി മറുപടിയും കൊടുക്കണം. ആദ്യം പാചകം ബോറായി തോന്നിയിരുന്നെങ്കിലും അമ്മയുടെ 'നിർബന്ധിത ക്ലാസ്' പാചകത്തിൽ അഭിരുചി പകർന്നു. സ്കൂളിലെ പാചക ക്ലാസുകളിൽ റീനയ്ക്കു തിളങ്ങാനും സാധിച്ചു. എട്ടു മുതൽ പത്താം ക്ലാസ് വരെ സ്കൂളിലെ പാചക ക്ലാസുകളിൽ പുതിയ രുചിക്കൂട്ടുകളൊരുക്കി അധ്യാപകരെയും കൂട്ടുകാരെയും ഞെട്ടിച്ചു. ഫോർട്ട് കൊച്ചിയിലെ സെന്റ് മേരീസ് ആൻഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിൽ സിൽവിയ മിസ്സിന്റെ നേത്യത്വത്തിൽ നടത്തിയിരുന്ന പാചകക്ലാസുകൾ റീനയക്ക് ജീവിതത്തിൽ തന്നെ മുതൽക്കൂട്ടാകുകയായിരുന്നു.

പത്തിരി, പിന്നെ മട്ടൻ ബിരിയാണി

വീട്ടിലെ വിരുന്നുകളിലെ സ്ഥിരം താരമായ പത്തിരിയാണ് റീനയുടെ പാചകത്തിലെ ആദ്യ വെല്ലുവിളി. അമ്മയുടെ ശിക്ഷണത്തിൽ, പൊടിയാത്ത പത്തിരി തയാറാക്കാൻ പഠിച്ചതാണ് പാചകത്തിന്റെ ആദ്യം നേട്ടം ! പൂ പോലുള്ള പത്തിരി തയാറാക്കിയ ആത്മവിശ്വാസത്തിൽ മട്ടൺ ബിരിയാണിയിൽ കൈവച്ചെങ്കിലും ആദ്യ ശ്രമം തന്നെ പാളിപ്പോയി. അങ്ങനെ തോറ്റു കൊടുക്കാൻ പറ്റുമോ? പലതവണ ശ്രമിച്ചപ്പോൾ ബിരിയാണിയുടെ രൂചിക്കൂട്ട് റീനയ്ക്കു വഴങ്ങി. ഇത്രയും രുചിവൈവിധ്യമുള്ള വിഭവം ഇൗ ദുനിയാവിലുണ്ടോ? കോഴിക്കോടൻ, ഹൈദരാബാദി... എണ്ണിയാൽ തീരാത്ത ബിരിയാണിക്കൂട്ടുകളുണ്ട്. മസാലയുടെ അളവ് മുതൽ അരിയുടെ വേവു വരെ ഓരോ ദേശത്തെയും ബിരിയാണിയെ വ്യത്യസ്തമാക്കുന്നു. അറിവിലുള്ള എല്ലാ ബിരിയാണികളും കഴിച്ചിട്ടുണ്ടെങ്കിലും വയ്ക്കാനും വിളമ്പാനും മട്ടൺ ബിരിയാണിയാണ് റീനയ്ക്കു താൽപര്യം. 

reena റീന ബഷീർ മകൾ ആഞ്ജലയ്ക്കൊപ്പം

ആത്മവിശ്വാസം നൽകും പാചകം

പാഠ്യവിഷയങ്ങളെപ്പോലെ തന്നെ പാചകവും സ്കൂളിലെ പാഠ്യപദ്ധതിയിൽ വേണമെന്നാണ് റീനയുടെ പക്ഷം. വീട്ടിലും പാചകത്തിനുള്ള സാഹചര്യം ഒരുക്കുന്നതു വഴി കുട്ടികളിൽ ആത്മവിശ്വാസം വർധിക്കും. തീയിൽ കളിക്കരുത്, ആൺകുട്ടികൾ അടുക്കളയിൽ കയറരുത് തുടങ്ങിയ പതിവു പല്ലവികൾ ഒഴിവാക്കിയാൽത്തന്നെ പാചകത്തിൽ കുട്ടികൾക്കു താൽപര്യം തോന്നും. ലളിതമായ പാചകക്കുറിപ്പുകൾ നൽകി കുട്ടികൾക്കു പാചകം പരിചയപ്പെടുത്തുക. ഘട്ടംഘട്ടമായി പുതിയ വിഭവങ്ങളൊരുക്കാൻ പ്രോത്സാഹിപ്പിക്കുക. പാചകം ഹോബിയാക്കിയാക്കാൻ പ്രേരിപ്പിച്ചാൽ മൊബൈലിനോടും ടിവിയോടുമുള്ള കൂട്ടു കുറയ്ക്കാം. പാചകത്തിന്റെ രസതന്ത്രം പഠിച്ചാൽ ആരോഗ്യത്തിന്റെ കാര്യത്തിലും കുട്ടികൾ ശ്രദ്ധാലുക്കളാകും. ഭക്ഷണം അറിഞ്ഞു കഴിക്കുന്നതു തന്നെ നല്ല കാര്യമല്ലേ? മക്കളായ ബിനുവും അഞ്ചലയും അത്യാവശ്യം നന്നായി പാചകം ചെയ്യുമെന്ന് റീന സാക്ഷ്യപ്പെടുത്തുന്നു. വീട്ടിലെ അടുക്കള അവർക്കായി തുറന്നിട്ടിരിക്കുന്നു. പരീക്ഷണത്തിലെ ഓരോ പിഴവും സ്വയം മുന്നേറാൻ മക്കളെ സഹായിക്കുമെന്നതാണ് റീനയുടെ ന്യൂജെൻ പേരന്റിങ് മന്ത്ര. ഏതു പ്രായത്തിലുള്ളവർക്കും സഹായകരമായൊരു സംരംഭം തുടങ്ങണമെന്നാണ് ആഗ്രഹം. കുക്കിങ് മുതൽ ബേക്കിങ് വരെ അറിയാവുന്നതു പറഞ്ഞു കൊടുക്കാനൊരു ഇടം.

ഫിറ്റ്നസ് സീക്രട്ട്

പാചകം പോലെ തന്നെ ഭക്ഷണവും ആസ്വദിച്ചു കഴിക്കുക. രുചി പിടിച്ചാൽ വാരി വലിച്ചു കഴിക്കുന്ന പതിവുമില്ല. ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും ശ്രദ്ധയോടെയുള്ള ഭക്ഷണക്രമത്തിലൂടെ നേടാൻ സാധിക്കുമെന്നാണ് റീനയുടെ ഫിറ്റ്നസ് സീക്രട്ട്.

പാചകത്തിൽ നിങ്ങൾക്കും തിളങ്ങാം

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ടതാണ് ചിക്കൻ വിഭവങ്ങൾ. ചിക്കൻ കുറച്ച് ഉപ്പും കുരുമുളകും പുരട്ടി വേവിച്ചു വച്ചിരുന്നാൽ ഫില്ലിങ്സായി ഉപയോഗിക്കാം. ചപ്പാത്തി റോൾ, ബ്രഡ് റോൾ എന്നിവയുടെ കൂടെയൊക്കെ ചേർക്കാം. തക്കാളി, കാപ്സിക്കം, വെജിറ്റബിൾസ് തുടങ്ങിയവ മസാലപ്പൊടി ചേർത്തു വേവിക്കുന്നതിന്റെ കൂടെ അൽപം ചിക്കൻ ചേർത്താൽ കൂടുതൽ രുചകരമായിരിക്കും. ബട്ടറിൽ വഴറ്റി എടുക്കുന്ന ചിക്കനു വേറൊരു ടേസ്റ്റായിരിക്കും. കാപ്സിക്കം, സവോള, കാബേജ്, പച്ചമുളക് എന്നിവ ബട്ടറിൽ വഴറ്റി എടുക്കുക. അതിലേക്കു ചിക്കൻ വേവിച്ചതു ചേർത്ത് ഫില്ലിങ്സായി ഉപയോഗിക്കാം. ഈ കൂട്ടിലേക്കു ബസ്മതി റൈസ് വേവിച്ചെടുത്ത് അൽപം നാരങ്ങാനീരും ചേർത്താൽ  കുട്ടികൾക്കുള്ള സൂപ്പർ ലഞ്ചായി. ഇഷ്ടമുള്ള ഫ്രൂട്ട്സ്, വെജിറ്റബിൾസ് അങ്ങനെ എന്തും ചേർത്ത് ഭക്ഷണം രുചികരമാക്കാം. 

reena-actress റീന ബഷീർ

ഈസി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി 

∙ മിൽക്ക് ബൺ – പകുതി സ്ലൈസ് ചെയ്യുക (മുഴുവൻ വിടുവിക്കരുത്), ഇതിനകത്ത് ഫില്ലിങ് നിറയ്ക്കാൻ പാകത്തിന് കുറച്ചു ഭാഗം മാറ്റുക.
∙ ഫില്ലിങ് നിറയ്ക്കുന്നതിനു മുൻപ് അതിൽ ബട്ടർ തേയ്ക്കണം.
∙ ഒരു സ്ലൈസിൽ ബട്ടറും മറ്റതിൽ സോസും തേയ്ക്കാം.
∙ അതിനു ശേഷം ഒരു ചെറിയ സവോള പൊടി പൊടിയായി അരിഞ്ഞെടുക്കാം.
∙ രണ്ട് ഉരുളക്കിഴങ്ങ് തൊലിയോടെ പകുതിയാക്കി, വേവിച്ച്തൊലികളയാതെ തയാറാക്കാം.
∙ ബ്രൊക്കോളി ഉപ്പിട്ടു 2-3 മിനിറ്റ് വേവിച്ചെടുക്കാം (പകുതി വേവാണ് പാകം, പച്ചനിറം കളയരുത്)
∙ മല്ലിയില പൊടിയായി അരിഞ്ഞത്
∙ ഉണക്കമാങ്ങയുടെ പൊടി അല്ലെങ്കിൽ നാരങ്ങ ഉപയോഗിക്കാം. നാരങ്ങ ഉപയോഗിച്ചാൽ അപ്പോൾത്തന്നെ കഴിക്കണം. മാങ്ങയുടെ പൊടിയാണെങ്കിൽ ചെറിയൊരു പുളിരസം കിട്ടുകയും ചെയ്യും. ഡ്രൈ ആയി സ്നാക്ക്സ് ബോക്സിൽ ഇരിക്കും.
∙ പച്ചമുളകു പൊടിയായരിഞ്ഞത് (ആവശ്യമെങ്കിൽ, അല്ലെങ്കിൽ കുരുമുളകു പൊടി)
∙ ഉപ്പ് ഏറ്റവും അവസാനം ചേർക്കാം.

തയാറാക്കുന്ന വിധം

തയാറാക്കിയ ഫില്ലിങ് ബണ്ണിൽ നിറയ്ക്കാം, നോൺ വെ‍‍‍ജ് വേണമെന്നുള്ളവർക്ക് ചിക്കൻ ഉപ്പും കുരുമുളകുപൊടിയും ചേർത്തു വേവിച്ചത് മിക്സിയിലിട്ട് പൊടിച്ചതും ഈ ഫില്ലിങിന്റെ മുകളിൽ നിറച്ചു കഴിക്കാം. ബീഫ് ഇഷ്ടമുള്ളവർക്ക് അത് ഫില്ലിങ്ങിൽ ചേർക്കാം. ബ്രൊക്കോളി വളരെ ആരോഗ്യകരമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള രുചികൾ ഇതിനൊപ്പം കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.