Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടനൊപ്പം താമരശ്ശേരി ചുരത്തിലെ ഈ ചായക്കടയും സിനിമയിലുണ്ട്

വി. മിത്രൻ
Author Details

മഴക്കാറു മൂടിയ വഴി ഒഴുകിപ്പരന്നു പുള‍ഞ്ഞു കിടക്കുന്നു. തണുത്ത കാറ്റ് താഴ്‌വാരത്തുനിന്ന് ഒഴുകി മുകളിലേക്ക് കയറുന്നു. വെള്ളക്കടലാസിൽനിന്ന് ചിത്രങ്ങൾ മായ്ക്കുന്ന റബർപോലെ, മുന്നിലെ കാഴ്ചകളെ മായ്ച്ചുകളയുന്ന വെളുവെളുത്ത കോടമഞ്ഞ്. താമരശ്ശേരി ചുരത്തിന് പേരറിയാത്ത ഏതൊക്കെയോ കാട്ടുചെടികളുടെ ഗന്ധമാണ്.

ആകാശംതൊടുന്ന മരങ്ങൾ. താഴേയ്ക്കു നോക്കിയാൽ തലചുറ്റുന്നതത്ര അഗാധമായ കൊക്ക. കീഴ്ക്കാംതൂക്കായ പാറകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന പാത. ഒൻപതാംവളവിനപ്പുറം വൈത്തിരിയെത്തുംമുൻപ് ലക്കിടിയിലെ വ്യൂപോയിന്റ്. അവിടെനിന്നു നോക്കിയാൽ താഴെ നമ്മുടെ നാട് പച്ചപ്പുപുതച്ച് കിടക്കുന്നതു കാണാം. നേർവരയായി കോഴിക്കോട്ടേക്ക് നീളുന്ന പാതയിലൂടെ കുഞ്ഞുറുമ്പുകൾ പോലെ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതും കാണാം. പത്തുനാൽപതു വർഷം മുൻപ് ഈ ചുരം ഇങ്ങനെയായിരുന്നില്ല. ഇന്ന് വീതിയേറിയ രണ്ടുവരിപ്പാതയാണ് ചുരത്തിൽ. എന്നാൽ അന്ന് ഒറ്റവരിപ്പാതയാണ്. ഇത്രയും വാഹനങ്ങളില്ല. കാട്ടിൽനിന്നു മരവും കയറ്റി മുരണ്ടുമുരണ്ടുവരുന്ന പഴയ ലോറികൾ. കറുത്തപുക ചുമച്ചുതുപ്പി വല്ലപ്പോഴും ചുരം കയറുന്ന കെഎസ്ആർടിസി ബസുകൾ. ആർഭാടമെന്നുപറയാൻ നാലുവീൽ ഡ്രൈവുള്ള വില്ലീസ് ജീപ്പ്. 

hamsa

പിന്നെ വല്ലപ്പോഴും ജാഡക്കാരൻ അംബാസഡർ കാറും ചുരം കയറും. ഇന്ന് ഓരോ മിനിറ്റിലും നൂറ് ബൈക്കുകളെങ്കിലും ചുരം കയറി പറന്നുപോകുന്നതു കാണാം. പക്ഷേ അന്ന് ബൈക്കുകൾ ചുരം കയറുന്നത് വിരളമായിരുന്നു. വല്ലപ്പോഴും ഒരു രാജ്ദൂതോ യെസ്ഡിയോ ചുരം കയറിയാലായി. അന്നുമിന്നും ചുരത്തിലൂടെ കടന്നുപോകുന്ന മറ്റൊരു താരമാണ് എൻഫീൽഡ്.

ഒൻപത് ഹെയർപിൻ വളവുകൾ. പവർസ്റ്റിയറിങ്ങില്ലാത്ത അക്കാലത്ത് ചുരത്തിലൂടെ വാഹനമോടിക്കൽ ഒരു ജീവൻമരണ പോരാട്ടമായിരുന്നു. ചുരത്തിൽ ഡ്രൈവർമാർ പരസ്പരം പാലിച്ചിരുന്ന ചില നിയമങ്ങളുമുണ്ടായിരുന്നുവത്രേ.

തേക്കും ഈട്ടിയുമൊക്കെയായി ലോറി നിറയെ മരങ്ങൾ കെട്ടിവച്ച് ചുരമിറങ്ങുന്ന ലോറികൾ ഒരു കാഴ്ചയായിരുന്നു. ഇരുണ്ടുചുവന്ന നിറമാർന്ന ആകാശത്തിനുകീഴിൽ നിഴൽ മൂടിയ ചുരം. കോടമഞ്ഞിനെ കീറിമുറിച്ച് വരുന്ന ലോറികളുടെ മഞ്ഞ ഹെഡ്‌‌ലൈറ്റുകൾ. അങ്ങകലെ താഴ്‌വാരത്ത് ജീവിതം ആഘോഷമാണ്. അത് ചുരത്തിനുമുകളിൽനിന്നു കാണാം.

tripeat

ക്ലച്ച് താങ്ങിത്താങ്ങി ചുരമിറങ്ങി വരുമ്പോൾ ലോറിയുടെ എൻജിൻ ചൂടാകും. റേഡിയേറ്ററിൽനിന്നു വെളുത്തപുക ഉയരും. ഒരുവിധത്തിൽ ഏഴാം വളവ് പിന്നിട്ടാൽ റോഡിന്റെ ഇടതുവശത്തായി ഒരു കുഞ്ഞരുവിയുണ്ട്. പാറക്കെട്ടുകൾ‍ക്കിടയിലൂടെ തലതല്ലിച്ചാടിവരുന്ന തണുത്ത വെള്ളം. പാറകൾക്കിടയിൽ കുഞ്ഞു വയലറ്റ് പൂക്കൾ. ഡ്രൈവർമാർ ഇവിടെ ലോറികൾ ഒതുക്കി നിർത്തും. അരുവിയിലെ വെള്ളം കോരി റേഡിയേറ്റർ തണുപ്പിക്കും. ലോറി അൽപസമയം വിശ്രമിക്കും. കൂടെ ഡ്രൈവറും. തകരപ്പാടിയെന്നാണ് ഈ വളവിനെ പണ്ട് ഡ്രൈവർമാർ വിളിച്ചിരുന്നത്. മുത്തങ്ങയ്ക്കടുത്തും ഇതുപോലൊരു തകരപ്പാടിയുണ്ട്. അരുവിയോടു ചേർന്ന് റോഡരികിൽ രണ്ടു കടകളുണ്ട്. പതിറ്റാണ്ടുകളായി ഈ കുഞ്ഞുകടകൾ ഇവിടെയുണ്ട്. ചുരത്തിൽ അക്കാലത്തുണ്ടായിരുന്ന കടകൾ ഇവ മാത്രമായിരുന്നു. 

മാൽപ്പൊരിയും സിനിമാതാരവും

ഇപ്പോഴും ഈ ചായക്കടകൾ സജീവമാണ്. നാൽപതു വർഷമായി ഒരു  കട നടത്തുന്നയാളാണ് ചേലപ്പുറത്ത് ഹംസ. ചുരത്തിലെ മലഞ്ചെരുവിലാണ് ഹംസയുടെ വീട്. സ്റ്റൗവിലെ പാത്രത്തിൽ വെള്ളം തിളയ്ക്കുന്നു. 

വയനാടൻ ചായപ്പൊടി വെള്ളത്തിലിട്ട് ആവശ്യത്തിനു പാലും ചേർത്ത് ഹംസ ചായയടിച്ചു. നല്ല കിടിലൻ ചായ. കൂടെ ചില്ലിട്ട മരയലമാരയിൽ പുഴുങ്ങിയ  മുട്ടയും മുട്ടമസാലയും ഇരുന്നു ചിരിക്കുന്നു. 

നിരന്നിരിക്കുന്ന കുപ്പികളിൽ തേനിലിട്ട നെല്ലിക്ക, നാരങ്ങാമുട്ടായി..അലമാരയുടെ മുകളിലെ  തട്ടിൽ മാൽപ്പൊരി. മൈദയും പഴവും ചേരുന്ന മാൽപ്പൊരിക്ക് അതിമധുരമാണ്. നല്ല ചൊടിയുള്ള അരിമുറുക്കുകൾ എടുത്തുനീട്ടി ഹംസ പറഞ്ഞു: ചായയ്ക്കൊപ്പം അരിനുറുക്കാണ് ചേർച്ച. ഹംസയുടെ ഈ കുഞ്ഞു കട ചില സിനിമകളിൽ തല കാണിച്ചിട്ടുണ്ട്. 

mohanlal

രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫർ എന്ന സിനിമയിൽ മോഹൻലാൽ ഈ കടയിൽ വരുന്നുണ്ട്. ആദിവാസി ബാലനായ മണിയെ കാണാതായ ശേഷം കാടിറങ്ങുന്ന കഥാപാത്രം. ലോറിയിൽ ചുരമിറങ്ങി വരുമ്പോൾ ഹംസയുടെ കടയിൽ ജോലിചെയ്യുകയാണ് ആ ആദിവാസി ബാലൻ. വർഷങ്ങൾക്കുമുൻപ് പ്രേംനസീർ അഭിനയിച്ച നെല്ല് എന്ന സിനിമയിലും കട മുഖം കാണിച്ചിട്ടുണ്ട്.