Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേനും വയമ്പും ആദ്യാക്ഷര മധുരമാകുമ്പോൾ

വി. മിത്രൻ
Author Details
navarathri-ruchi

മനസ്സൊരു സൗപർണികയാവുന്ന  നവരാത്രിക്കാലം. വാക്കിന്റ അധിപയായ,  സ്വരങ്ങളുടെ ഐശ്വര്യമായ മാതൃഭാവം മനസ്സിൽ നിറയുന്ന ദിനരാത്രങ്ങൾ. മനസ്സും ശരീരവും ഏകാഗ്രമാക്കി അറിവിന്റെ ആദ്യമധുരത്തിലേക്കുള്ള യാത്ര. രുചിയെന്ന ആസക്തിയെ നിയന്ത്രിക്കുന്നതാണ് നവരാത്രിയുടെ പ്രത്യേകത.  തേനിൽ മുക്കി നാവിൻതുമ്പിലെഴുതുന്ന ആദ്യാക്ഷരം. പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ മധുരം പൂന്തേനിന്റേതാണെന്നാണ് വിശ്വാസം. പ്രകൃതിയിൽനിന്നുള്ള ഏറ്റവും പരിശുദ്ധമായ രുചിയിൽ മുക്കിയാണ് ആദ്യത്തെ അറിവ് നാവിൻതുമ്പിൽ എഴുതിയുണർത്തുന്നത്. വയമ്പു ചേർത്തരച്ച തേനിൽമുക്കിയ സ്വർണമോതിരം കൊണ്ടാണ് നാവിൻതുമ്പിൽ ആദ്യാക്ഷരം കുറിക്കുന്നത്.

അറിഞ്ഞ് ഉണ്ണാം, അറിവിലേക്ക്

നവരാത്രിയിലെ ഒൻപതു ദിവസവും ഒരിക്കലൂണ് എന്ന രീതിയാണു കേരളത്തിലെ പ്രത്യേകത. ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം അരിഭക്ഷണം കഴിക്കുന്നു. മറ്റു നേരങ്ങളിൽ ലഘുഭക്ഷണമോ ഇളനീരോ കഴിക്കണമെന്നാണ് ആചാരം. വിദ്യാരംഭത്തിനു ഭക്ഷണത്തോടുള്ള ആസക്‌തി നിയന്ത്രിക്കേണ്ടത് അവശ്യമാണെന്ന സന്ദേശമാണ് ഒരിക്കലൂണിലൂടെ നൽകുന്നത്.

അരിപ്പൊരി

അരി കൊണ്ടുണ്ടാക്കുന്ന പൊരി, കദളിപ്പഴം, കൽക്കണ്ടം, കരിമ്പുകഷ്ണങ്ങൾ എന്നിവ ചേർത്തിളക്കുന്ന കൂട്ടാണ് മലബാറിലെ നവരാത്രിദിവസങ്ങളിൽ പ്രധാന നിവേദ്യം. ഏതു ക്ഷേത്രത്തിലും പൊരിയും പഴവുംകരിമ്പും ചേരുന്ന ഈ രുചിക്കൂട്ട് ലഭിക്കും.

 തിരു രുചികൾ

ഏഴോ എട്ടോ രീതികളിൽ തൃമധുരം ഉണ്ടാക്കുന്ന പതിവുണ്ട്. ചേരുവകളിലെ നേരിയ വ്യത്യാസം മാത്രമാണ് ഇതിനെല്ലാം ഉള്ളത്.  തേനും കൽക്കണ്ടവും ഉണക്ക മുന്തിരിയും ചേർത്തുണ്ടാക്കുന്നതാണ് ആദ്യത്തെ രീതി. തേനും കദളിപ്പഴവും മുന്തിരിയും ചേർത്തുണ്ടാക്കുന്നത് മറ്റൊരു രീതി. തേനും കദളിപ്പഴവും കൽക്കണ്ടവും ചേർത്തും തൃമധുരം ഉണ്ടാക്കാം. ഇതേ കൂട്ടുകളിൽ തേനിനു പകരം നറുനെയ്യ് ചേർക്കാവുന്നതാണ്. കൽക്കണ്ടത്തിനു പകരം ശർക്കര ചേർക്കുകയുമാവാം. 

പാത്രത്തിൽ ചെറുതായരിഞ്ഞ പഴം ആദ്യമെടുക്കുക. ഇതിനും മുകളിൽ മുന്തിരിയോ കൽക്കണ്ടമോ ചേർക്കുക. അവസാനം ചേരുവകളുടെ നിരപ്പൊപ്പിച്ചു നെയ്യോ തേനോ ചേർക്കുക.