Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അങ്ങനെ ഞാൻ വെജിറ്റേറിയനായി': അൻസിബ

Ansiba നടി അൻസിബ ഹസൻ തന്റെ രുചി ഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നു...

എന്റെ ഒരു മുസ്‌ലിം കുടുംബമാണ്. വീട്ടിൽ മാംസാഹാരം പതിവാണ്. പെരുന്നാൾ സമയത്തു നോൺ വെജ് വിഭവങ്ങളുടെ മേളമാണ്. ബാക്കിയുള്ളവർ ചിക്കൻ ബിരിയാണിയൊക്കെ തട്ടുമ്പോൾ ഞാൻ ചോറും അവിയലും തൈരുമൊക്കെ കൊണ്ടു തൃപ്തിപ്പെടും. അതിനു പിന്നിലൊരു കഥയുണ്ട്... 

എന്റെ ചെറുപ്പത്തിൽ അമ്മയുടെ സഹോദരൻ ഞങ്ങളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. രാത്രിയിൽ അങ്കിൾ ഓരോ കഥകൾ പറയും. ഒരു ദിവസം പറഞ്ഞ കഥയുടെ അർഥം നമ്മൾ മനുഷ്യർ ശവംതീനികളാണ് എന്നതായിരുന്നു. കാരണം ഒരു ജീവിയെ കൊന്ന് അതിന്റെ മാംസമാണല്ലോ നമ്മൾ കഴിക്കുന്നത്. അതിനുശേഷം നോൺവെജ് കണ്ടാൽ അപ്പോൾ ശവംതീനിക്കഥ ഓർമവരും. ഞാൻ മീനും മാംസാഹാരവും കഴിക്കുന്നത് നിർത്തി. തനി പച്ചക്കറിയായി. 

അതോടെ രോഗങ്ങൾ പിന്നെലെയെത്തി. രക്തക്കുറവും ക്ഷീണവും പതിവായി. വൈറ്റമിൻ ടാബ്‌ലറ്റുകൾ ജീവിതത്തിന്റെ ഭാഗമായി. വീട്ടുകാർ എത്ര ശ്രമിച്ചിട്ടും പഴയ ശവംതീനിക്കഥ മനസ്സിൽ നിന്നും മായ്ക്കാൻ കഴിഞ്ഞില്ല. മൂന്നാം ക്‌ളാസ് മുതൽ പത്താം ക്‌ളാസ് വരെ ആ സമരം നീണ്ടു. അതിനുശേഷമാണ് ഡോക്ടർമാർ നിർദേശിച്ച പ്രകാരം ചെറിയ തോതിൽ മീനും ചിക്കനും കഴിച്ചു തുടങ്ങിയത്. ഇപ്പോഴും മട്ടനും ബീഫും കഴിക്കില്ല. വറുക്കുമ്പോൾ അധികം മണം ഇല്ലാത്ത മീനുകൾ മാത്രമാണ് കഴിക്കുക.

ചക്ക കൊണ്ടു മൈലാഞ്ചി...

താമസിച്ച വീടുകളിലൊക്കെ ധാരാളം പ്ലാവുകൾ ഉണ്ടായിരുന്നു. സീസൺ ആകുമ്പോൾ പഴുത്ത ചക്കയുടെ മണം പരിസരം നിറയും. ചക്ക കൊണ്ടു പലതരം പലഹാരങ്ങൾ ഉമ്മ ഉണ്ടാക്കുമായിരുന്നു. ചക്ക ഹൽവ, ചക്ക അട, ചക്കപ്പായസം... എത്ര ചക്ക ഉപയോഗിച്ചാലും കുറെയൊക്കെ താഴെ വീണു ചീഞ്ഞു പോകും. പിന്നീട് തമിഴ്‌നാട്ടിൽ പഠിക്കാൻ പോയപ്പോഴാണ് നമ്മൾ പറമ്പിൽ വെറുതെ കളയുന്ന ചക്കയുടെ സ്റ്റാറ്റസ് മനസ്സിലായത്. ഒരു ചുളയ്ക്കു വച്ചാണ് പണം ഈടാക്കുക. 

ചെറുപ്പത്തിൽ ചക്കയുടെ വിളഞ്ഞി (വെളുത്ത പശയുള്ള നാര്) കൊണ്ടു ഞങ്ങൾ മൈലാഞ്ചിയിടുമായിരുന്നു. അത് വേണ്ട ആകൃതിയിൽ ഒട്ടിച്ചു വയ്ക്കും. എന്നിട്ട് അതിന്റെ മുകളിൽ മൈലാഞ്ചി പരത്തും. സംഭവം റെഡി!

പാചകം ഇഷ്ടമാണ്...

കോഴിക്കോട് രുചിയുടെ പറുദീസയല്ലേ...ഉമ്മ നല്ല കുക്കാണ്. ഉമ്മയുടെ കൂടെ കൂടി ഞാനും അൽപം പാചകം കൈവശമാക്കിയിട്ടുണ്ട്. ഉന്നക്കായയാണ് എന്റെ മാസ്റ്റർപീസ്. പിന്നെ പഴം നിറച്ചത്. നോമ്പ് തുറക്കുന്ന സമയത്ത് ഉണ്ടാക്കുന്ന കുറെ വിഭവങ്ങളുണ്ട്. പത്തിരി, ഈത്തപ്പഴം ഫ്രൈ, ഉണ്ണിയപ്പം...ഇതൊക്കെ ഉണ്ടാക്കാറുണ്ട്.