Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചിച്ചന്തകൾ ‌‌

എം. മുഹമ്മദ് ഷാഫി
markets

കൃഷി തുടങ്ങി മനുഷ്യൻ സാമൂഹിക ജീവിതം ആരംഭിച്ച കാലത്തു നിന്ന് പിന്നെയുമെത്രയോ നൂറ്റാണ്ടുകളുടെ ദൂരമുണ്ട് ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്ന ചന്ത എന്ന ആശയത്തിലേക്ക്. സാധനങ്ങളുടെ കൈമാറ്റം അതിനും വളരെ മുൻപു തന്നെ മനുഷ്യൻ ശീലിച്ചിട്ടുണ്ടെന്നു കരുതാമെങ്കിലും വിശാല അർഥത്തിലുള്ള ചന്തയുടെ തുടക്കം കച്ചവടത്തിന്റെ കൂടി തുടക്കമാണ്. പ്രാചീന പേർഷ്യയിലാണ് ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന ആദ്യ ചന്ത ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. പിന്നീടിത് പശ്ചിമേഷ്യയിലൊട്ടാകെ വ്യാപിച്ചു. ഒടുവിൽ യൂറോപ്പിലേക്കുമെത്തുകയായിരുന്നു. 

യൂറോപ്പിലെ ചന്തകൾ

1086ൽ വില്യം രാജാവിന്റെ കാലത്ത് ക്രോഡീകരിച്ച കയ്യെഴുത്തു പുസ്തകമായ ഡോംസ് ഡേ ബുക്കിൽ ഇംഗ്ലണ്ടിലുണ്ടായിരുന്ന 50 ഭക്ഷ്യച്ചന്തകളെക്കുറിച്ചു പറയുന്നുണ്ട്. എന്നാൽ മിക്ക ചരിത്രകാരന്മാരും അക്കാലത്ത് ഇതിലും കൂടുതൽ ഉണ്ടാവാനാണ് സാധ്യതയെന്നാണ് വിശ്വസിക്കുന്നത്. 13–ാം നൂറ്റാണ്ട് ആയപ്പോൾ ഇംഗ്ലണ്ടിൽ ഭക്ഷ്യച്ചന്തകളുടെ എണ്ണം 356 ആയി. പിന്നീട് 100 വർഷം കൂടി പിന്നിട്ടപ്പോൾ ഇത് 1,746 ചന്തകളായി ഉയർന്നു. റോമാ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണികഴിപ്പിച്ച മാർസെല്ലം ഒരു ആഡംബര ഭക്ഷ്യച്ചന്തയായിരുന്നു. റെഡ് മുള്ളറ്റ് പോലുള്ള പ്രത്യേകതരം മത്സ്യം പോലുള്ളവ ഇവിടെയുണ്ടായിരു ന്നുവെന്നാണ് ചരിത്രരേഖകളിൽ നിന്നു വ്യക്തമാകുന്നത്. 

 വെനീസിലെ ചന്ത

മധ്യകാലത്ത് വെനീസിലെ ഭക്ഷ്യച്ചന്തകൾ പേരുകേട്ടവയായിരുന്നു. വലുപ്പം കൊണ്ടും വ്യത്യസ്ത തരത്തിലുള്ള ഒട്ടേറെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയാലും ഈ ചന്തകൾ ലോക പ്രശസ്തി നേടിയിരുന്നു. കഴിക്കാനാവുന്ന എല്ലാത്തരം വിഭവങ്ങളും ലഭിക്കുന്ന ഇടം എന്നാണ് ഇറ്റാലിയൻ എഴുത്തുകാരനായ മറ്റെയോ ബാൻഡല്ലൊ വെനീസിലെ ചന്തകളെക്കുറിച്ച് എഴുതിയിട്ടുള്ളത്. 

ആധുനിക ജർമനിയിലെ ക്രിസ്മസ് ചന്തകൾ പോർക്കും സുഗന്ധ വ്യഞ്ജനങ്ങളും ഇലകളും ചേർത്തുണ്ടാക്കുന്ന സേസേജായ ബ്രാഡ്‍വെഡ്സ്, മുൾഡ് വൈൻ, ജിഞ്ചർ ബ്രഡ്, വറുത്ത ബദാം എന്നിവയ്ക്കു പേരുകേട്ടതാണ്. 15–ാം നൂറ്റാണ്ടിലാണ് ഈ ചന്തകളുടെ തുടക്കമെന്നാണ് കരുതപ്പെടുന്നത്. ജർമൻ നഗരമായ ഡ്രെസ്ഡെനിലെ സ്ട്രീസെൽ മാർക്കറ്റ് ആണ് രാജ്യത്തെ ആദ്യത്തെ ഭക്ഷ്യച്ചന്തയെന്നാണ് കരുതപ്പെടുന്നത്. എന്നാൽ മ്യൂണിക്, ബാട്സെൻ, ഫ്രാങ്ഫർട്ട് എന്നീ നഗരങ്ങളിലെ ചന്തകൾക്കും ഇത്രയും തന്നെ പഴക്കമുണ്ടെന്ന വാദവും നിലനിൽക്കുന്നു. 

ഒഴുകുന്ന ചന്തകൾ

ഏഷ്യൻ രാജ്യമായ തായ്‌ലൻഡിലെ ഒഴുകുന്ന ചന്തകൾ ഏറെ പ്രശസ്തമാണ്. ആയിരക്കണക്കിന് ചെറുവഞ്ചികളിലാണ് ഇവിടെ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന ചന്തയുള്ളത്. ഇതിൽ ബാങ്കോക്കിന് 100 കിലോമീറ്റർ അകലെയുള്ള ഡാംനുവൻ സജ്യുയക് ലോകപ്രശസ്ത ഭക്ഷ്യച്ചന്തയാണ്. കർഷകർ തങ്ങളുടെ ഉൽപന്നങ്ങളുമായി നഗരത്തിലെ പ്രാചീന കനാലിലൂടെ വഞ്ചികളിൽ തുഴഞ്ഞെത്തിയാണ് കച്ചവടം നടത്തുന്നത്. ഇതിനു സമീപത്താണ് ആംപവ ഫ്ലോട്ടിങ് മാർക്കറ്റ് ഉള്ളത്. കടൽമൽസ്യങ്ങൾക്ക് പ്രശസ്തമാണിവിടം. കക്കയും കൂന്തളും ഉൾപ്പെടെയുള്ള വിഭവങ്ങൾ ഇവിടെ ലഭിക്കും. 

കശ്മീരിലെ ഷിക്കാര ചന്ത

ഇന്ത്യയിലുമുണ്ട് ഒഴുകുന്ന ചന്ത. ശ്രീനഗറിലെ ദാൽ തടാകത്തിലാണ് ഈ പഴം, പച്ചക്കറി ചന്തയുള്ളത്. രാവിലെ 5 മണി മുതൽ 7 മണിവരെ പരമ്പരാഗത കശ്മീരി വഞ്ചികളായ ഷിക്കാരകളിലാണ് ഇവിടെ പച്ചക്കറികൾ വിൽക്കുന്നത്. കർഷകർ ഉൽപാദിപ്പിക്കുന്ന സാധനങ്ങളുമായി ഇവിടേക്കെത്തി ഷിക്കാരകളിൽ വിൽപന നടത്തുകയാണ് ചെയ്യുന്നത്. ഡൽഹിയിലെ ഖരി ബവോലി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന ചന്തയാണ്. 17–ാം നൂറ്റാണ്ടിൽ സ്ഥാപിതമായതെന്നു കരുതുന്ന ഇവിടെ സുഗന്ധ വ്യഞ്ജനങ്ങൾക്കു പുറമെ നട്സ്, ഹെർബ്സ് തുടങ്ങിയവയ്ക്കെല്ലാം പ്രശസ്തമായ ഈ ചന്ത ചാന്ദ്നി മാർക്കറ്റിന് സമീപത്തായാണ്. ലോകത്തെ തന്നെ പഴക്കമുള്ള സുഗന്ധവ്യഞ്ജന ചന്തകൂടിയാണിത്. ഡൽഹിയിലെ ദില്ലി ഹാറ്റ് ഇന്ത്യയിലെ പഴക്കമേറിയ ചന്തകളിൽ മറ്റൊന്നാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത വിഭവങ്ങൾ ലഭിക്കുന്ന ഇടം കൂടിയാണിത്. 

മണിപ്പൂരിലെ ഇംഫാലിലുള്ള ഇമ മാർക്കറ്റ് ആണ് മറ്റൊരു പ്രമുഖ ചന്ത. 1786ലെ ഗസറ്റിൽ തുറസായ സ്ഥലത്ത് രാവിലെ സ്ത്രീകൾ കച്ചവടം നടത്തുന്നിടം എന്നാണ് ഈ ചന്തയെക്കുറിച്ച് പറയുന്നത്. 1874ൽ ബ്രിട്ടീഷ് ഭരണകാലത്താണ് കൊൽക്കത്തയിലെ ലിൻസ്ഡേ സ്ട്രീറ്റിൽ ന്യൂ മാർക്കറ്റ് സ്ഥാപിച്ചത്. ഭക്ഷ്യവിഭവങ്ങൾക്കായിവിടെ പ്രത്യേക ഇടമുണ്ട്. ഹൈദരാബാദിലെ ലാഡ് ബസാർ 1724–ലെ ഭരണാധികാരിയായ നൈസാമാണ് സ്ഥാപിച്ചത്. ഉത്തർപ്രദേശിലെ കനൂജ് മാർക്കറ്റ്, ഷിംലയിലെ ലക്കർ ബസാർ, ജയ്പൂരിലെ ജോഹരി ബസാർ തുടങ്ങിയവ ഇന്ത്യയിലെ പ്രശസ്തമായ ചന്തകളിൽ ചിലതാണ്.