Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുട്ടും കടലയും ദാ ഇപ്പൊ വരും; അതുവരെ‘പൂവൻപഴം’ വായിച്ചിരിക്കൂ...

anjappam ചങ്ങനാശേരിയിൽ ‘അഞ്ചപ്പം’ ഭക്ഷണശാല ഫാ. ബോബി ജോസ് കട്ടികാട് ഉദ്ഘാടനം ചെയ്യുന്നു

പട്ടിണിയായ മനുഷ്യനോടു പുസ്തകം കയ്യിലെടുക്കാൻ പറഞ്ഞ ചിന്തനീയമായ കാലം കഴിഞ്ഞുപോയെന്ന് ആരു പറഞ്ഞു.  അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന ‘അഞ്ചപ്പം’ എന്ന വിശേഷാൽ ഭക്ഷണശാല ചങ്ങനാശേരിയിൽ തുറന്നു. അന്നം മാത്രമല്ല അക്ഷരവും ചൂടോടെ, രുചിയോടെ വിളമ്പും അഞ്ചപ്പത്തിൽ. ഫാ. ബോബി ജോസ് കട്ടികാട് ‘അഞ്ചപ്പ’ത്തിന്റെ ഉദ്ഘാടകനായി. 

കുറച്ചുകൂടി ദരിദ്രരോട് അടുത്താൽ നമുക്ക് ഓരോരുത്തർക്കും  ശുദ്ധീകരണം സംഭവിക്കും. അതിനുള്ള ഒരു വേദിയാണ് അഞ്ചപ്പമെന്ന് ഫാ. ബോബി ജോസ് പറഞ്ഞു. ചങ്ങനാശേരി നഗരസഭാ അധ്യക്ഷൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ, പഴയപള്ളി മുസ്​ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഫുവാദ്, എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി.എം.ചന്ദ്രൻ, കൗൺസിലർ സാജൻ ഫ്രാൻസിസ്, വി.ജി.തമ്പി, ബിജു ആന്റണി, മുസമ്മൽ ഹാജി, റോബിൻ കുര്യൻ, ലൂയിസ് ഏബ്രഹാം, പ്രേം സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. മാർക്കറ്റ് റോഡിലുള്ള പനച്ചിക്കൽ ബിൽഡിങ്ങിലാണ് അഞ്ചപ്പം പ്രവർത്തിക്കുന്നത്.

തീൻമേശയിൽ എന്തെല്ലാം

പണം വാങ്ങാൻ കൗണ്ടർ ഇല്ലാത്ത ഭക്ഷണശാലയാണിത്. ഭക്ഷണശേഷം പുറത്തിറങ്ങുന്നവർക്ക് ഇഷ്ടമുള്ള തുക ഭക്ഷണശാലയുടെ പെട്ടിയിൽ നിക്ഷേപിക്കാം. 

പണം ഇല്ലെങ്കിലും കുഴപ്പമില്ല. ഭക്ഷണം കഴിച്ചു മടങ്ങാം. ആരും ചോദിക്കാനെത്തില്ല. സൗജന്യമായി ഭക്ഷണം കഴിച്ചു എന്നാർക്കെങ്കിലും തോന്നിയാൽ അതു പരിഹരിക്കാനാണു പെട്ടി വച്ചിരിക്കുന്നത്. ഭക്ഷണശാലയിൽ എത്തുന്നവരോട് ഒരു നിബന്ധനയുണ്ട്.

ഭക്ഷണം പാഴാക്കരുത്. 250 പേർക്കുള്ള ഭക്ഷണമാണ് ആദ്യഘട്ടത്തിൽ തയാറാക്കുന്നത്. തിരക്കു വർധിക്കുന്നതനുസരിച്ചു ഭക്ഷണത്തിന്റെ അളവും കൂട്ടും. ലഭിക്കുന്ന പണം കൂടുതലാണെങ്കിൽ കറികളുടെ എണ്ണവും കൂട്ടുംവിളമ്പുന്നുണ്ട് അറിവും കേവലം ഭക്ഷണശാല മാത്രമല്ല ‘അഞ്ചപ്പം.’ വിഭവങ്ങൾക്കൊപ്പം പുസ്തകങ്ങളും തീൻമേശയിൽ നിരത്തുന്നുണ്ട്.

ആഹാരത്തിനൊപ്പം അറിവും നൽകി മടക്കി അയയ്ക്കാനാണ് ‘അഞ്ചപ്പം’ ലക്ഷ്യമിടുന്നത്. സായാഹ്നങ്ങളിൽ പുസ്തക നിരൂപണങ്ങളും ചർച്ചകളും നടത്താനുള്ള വേദിയായി ഭക്ഷണശാല മാറും. 

പുസ്തകങ്ങൾ വായിക്കാൻ ആർക്കും ഇവിടെയെത്താം. 

വല്ലാതെ വിശന്നെത്തുന്ന സഹൃദയാ, പുട്ടും കടലും അൽപം വൈകിയാലും സങ്കടപ്പെടേണ്ട; ബഷീറിന്റെയോ കാരൂരിന്റെയോ  ‘പൂവൻപഴം’ മേശപ്പുറത്തെത്തും. കൊതി തീരുവോളം അതു വായിച്ചിരിക്കൂ.