Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ ബോക്സിങ് റാണിയുടെ ഇഷ്ടഭക്ഷണത്തിൽ പട്ടിയിറച്ചിയും

PTI11_24_2010_000169A

വീട്ടിൽനിന്ന് മാറി നിൽക്കുമ്പോൾ ഏറ്റവും മിസ് ആകുന്നതെന്ത് എന്ന് ലോക ബോക്സിങ് ചാംപ്യൻ എം. സി. മേരികോമിനോട് ഒരഭിമുഖത്തിൽ ചോദിച്ചപ്പോൾ കുട്ടികളും അടുക്കളയും എന്നായിരുന്നു മറുപടി. പാചകത്തോടും ഭക്ഷണത്തോടും മേരിക്കുള്ള ഇഷ്ടം ഈ ഒറ്റ മറുപടിയിൽനിന്ന് വ്യക്തം. മൽസരങ്ങളുമായി ബന്ധപ്പെട്ട് അന്യനാട്ടിൽ കിട്ടുന്ന ഭക്ഷണം രുചിച്ചുനോക്കുക മാത്രമല്ല അവ തന്റെ പാചകപ്പുരയിൽ പരീക്ഷിക്കുക എന്നതും മേരിയുടെ ഹോബിയാണ്. പുറത്തുനിന്ന് കഴിക്കുന്നതെന്തും തന്റെ കുടുംബത്തിനായി പരീക്ഷണം നടത്താൻ മേരി മറക്കാറില്ല. അമ്മയാണ് പാചകത്തിൽ മേരിയുടെ ഗുരു. 

കായികതാരം എന്ന നിലയിൽ ഭക്ഷണം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിയന്ത്രണമുണ്ടെങ്കിലും ഇഷ്ടമുള്ളതൊക്കെ കഴിക്കാൻ  മേരിക്ക് മടിയില്ല. ഏറ്റവും രുചിയേറിയ വിഭവങ്ങളുടെ പറുദീസ ചൈനയാണെന്നാണ് മേരിയുടെ പക്ഷം.

ബോക്സിങ് ടൂർണമെന്റുകളുമായി ബന്ധപ്പെട്ട് അന്യനാട്ടിലാണെങ്കിൽ ചൈനീസ് വിഭവങ്ങളാണ് മേരിക്ക് കൂടുതല്‍ പ്രിയം. ഏതു നാട്ടിലാണെങ്കിലും അവിടുത്തെ ഭക്ഷണവും രീതികളുമൊക്കെ മനസിലാക്കും. എങ്കിലും തന്റെ ഏറ്റവും ഇഷ്ടവിഭവങ്ങൾവരുന്നത് തന്റെ അടുക്കളയിൽനിന്നുതന്നെയാവും. ഇതിനായി സ്വന്തം അടുക്കളത്തോട്ടംപോലും മേരിക്കുണ്ട്. അവിടെ ഒട്ടുമിക്ക സുഗന്ധവ്യഞ്ജനങ്ങളും കൃഷിചെയ്യുന്നുണ്ട്: വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവ.  

സ്വന്തംനാടായ മണിപ്പൂരിന്റെ തനത് ഭക്ഷണത്തോടാണ് മാഗ്‍നിഫിഷ്യന്റ് മേരിക്ക് കൂടുതൽ പ്രേമം. എൻങ അറ്റോയിബ തോങ്ബ എന്ന മീൻ കറിയാണ് ഏറ്റവും ഇഷ്ടമുള്ള വിഭവം. 

മീൻ നന്നായി ഉടച്ചെടുത്ത വിഭവമാണിത്. മീൻ കൊണ്ടുണ്ടാക്കുന്ന മറ്റൊരു വിഭവമായ ചാമ്തോങ്ങാണ് മറ്റൊരു ഇഷ്ടവിഭവം. ഉണക്കിയെടുത്ത മീൻകൊണ്ടുണ്ടാക്കുന്ന ഒരു കറിയാണിത്. 

നമുക്ക് അന്യമായ ഒരു വിഭവവും മേരിയുടെ ഇഷ്ടഭക്ഷണമാണ്– പട്ടിയിറച്ചി. ബീഫും പോർക്കും ഏറെ ഇഷ്ടപ്പെടുന്ന മണിപ്പൂരികളിൽനിന്ന് വ്യത്യസ്തയല്ല മേരിയും. 

എന്നാൽ ഭക്ഷണകാര്യത്തിൽ മേരിക്ക് ചില ചിട്ടകളുണ്ട്. ആരോഗ്യകരവും സമ്പൂർണവുമായ ആഹാരരീതിയാണ് പിന്തുടരുന്നത്. 

രാവിലെയുള്ള പതിവ് വ്യായാമങ്ങൾക്കും പരിശീലനത്തിനും മുൻപായി ലഘു സ്നാക്ക്സ്. പരിശീലനം കഴിഞ്ഞാലുടൻ പ്രാതൽ. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയിൽ ഉച്ചഭക്ഷണം. അത്താഴം എട്ടിനും ഒൻപതിനുമിടയിൽ കഴിച്ചിരിക്കും. വ്യത്യസ്ത തരം പഴച്ചാറുകളോടാണ് താൽപര്യം. കിടക്കുന്നതിനുമുൻപ് ഒരു ഗ്ലാസ് പാൽ നിർബന്ധം. മൽസരങ്ങൾ നടക്കുന്ന സമയങ്ങളിൽ ഏറെ എരിവും പുളിയുമുള്ള ആഹാരം ഒഴിവാക്കും.