Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുമുറെത്തിന്നാം പൊട്ടിയപ്പം

വി. മിത്രൻ
pottiyappam

കച്ചോടം പൊട്ടിയപ്പം വട്ടായിപ്പോയീ... എന്ന പാട്ടുപാടാത്ത മലയാളികളില്ല. പൊട്ടിയപ്പം എന്ന വാക്കു ശ്രദ്ധിച്ചോ? പരാജയപ്പെട്ടപ്പോൾ എന്നാണു പാട്ടിലെ അർഥം. എന്തുതോൽവിയാണ് ഭായ്... എന്ന് ചോദിക്കുന്ന അതേ സംഗതി.

പക്ഷേ, ആ പേരിലൊരു പലഹാരമുണ്ട്, മലബാറിൽ! പൊട്ടിയപ്പം, ആഹാ ഒരു പലഹാരത്തിനിടാൻ പറ്റിയ നല്ല പേര്.

ഇതുമൊരു നോമ്പുകാല വിഭവമായി മേശപ്പുറത്ത് എത്താറുണ്ട്. എന്നാൽ നാലുമണിച്ചായയ്ക്കൊപ്പം കഴിക്കാവുന്ന വിഭവമായാണു കണക്കാക്കുന്നത്. മൈദയിലുണ്ടാക്കുന്ന ഈ വിഭവം ചതുരാകൃതിയിലാണ്. കറുമുറെ കടിച്ചുതിന്നാം. മധുരം വേണ്ടവർക്കു മധുരവും എരിവു വേണ്ടവർക്ക് എരിവും ചേർത്തുണ്ടാക്കാം.

പൊട്ടില്ല, പൊട്ടിയപ്പം 

2 കപ്പ് മൈദ, കാൽ ടീസ്പൂൺ ബേക്കിങ് പൗഡർ, ഉപ്പ്, എള്ള് എന്നിവ മിക്സ് ചെയ്തെടുക്കുക. ഒരു മുട്ടയും വെള്ളവും ചേർത്തു നന്നായി ഇളക്കുക. ചപ്പാത്തി മാവുണ്ടാക്കുന്നതു പോലെ കുഴച്ചെടുത്ത് 2 മണിക്കൂർ വയ്ക്കണം. ഇതു പരത്തി ചെറിയ ചതുരങ്ങളായി മുറിച്ച് എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കാം. ഇതു പഞ്ചസാരപ്പാനിയിലോ ശർക്കരപ്പാനിയിലോ വിളയിച്ചെടുക്കാം. എരിവു വേണമെങ്കിൽ‍ മാവു കുഴയ്ക്കുമ്പോൾ കുറച്ചു മുളകുപൊടി ചേർക്കാം.