Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മേ...ഈ പയറുകറി ഉണ്ടാക്കുന്നത് എങ്ങിനെയാ?

വി. മിത്രൻ
nazriya

ഓശാന നാളുകളിൽ പൂജയുടെ ജീവിതത്തെ മാറ്റി മറിച്ച ഗഡാഗഡിയൻ സംഭവങ്ങളുടെ കഥ. മരുന്നിനു തമാശയും കലർപ്പില്ലാത്ത പ്രണയവുമായി തട്ടുതടവില്ലാതെ നമ്മുടെ മനസിൽ കയറിക്കൂടിയ ഓം ശാന്തി ഓശാന. നസ്‌റിയയുടെ കുറുമ്പിത്തരങ്ങളുടെ വൺമാൻഷോയിൽ ഭക്ഷണത്തിനെന്തു കാര്യം എന്നാണോ ആലോചന ? കഥയെഴുതിയ മിഥുൻ മാനുവൽ തോമസും ഓശാനയുടെ അമരക്കാരൻ ജൂഡ് ആന്റണി ജോസഫും അറിഞ്ഞോ അറിയാതെയോ ഇക്കഥ കോർത്തെടുത്തത് രുചിയുടെ പെരുക്കങ്ങൾ ചേർത്താണ്. 

ചേനത്തണ്ട് ചെറുപയർ തോരൻ എങ്ങനെ തയാറാക്കാം?

1999ൽ ചാക്കോച്ചനും ശാലിനിയും തകർത്തുവാരിയ നിറം റിലീസ് ചെയ്‌ത കാലം. നിറം സിനിമയിൽ പെൺപിള്ളേർ എല്ലാവരും ചാക്കോച്ചന്റെ സുന്ദരമുഖം നോക്കിയപ്പോ പ്ലസ്‌ടുക്കാരി പൂജ കണ്ണുവെച്ചത് ചാക്കോച്ചന്റെ സിബിസെഡിൽ. അത്യാവശ്യം കുറുമ്പുമായി ഓടിച്ചാടി നടക്കുന്ന പൂജയുടെ അച്‌ഛൻ മത്തായി ഡോക്‌ടർ സ്വന്തമായി മരുന്നു കണ്ടെത്താനുള്ള പരീക്ഷണ കുതന്ത്രത്തിലാണ്. പക്ഷേ കോളജ് ലക്‌ചററായ അമ്മ ആനിയുടെ പ്രധാന ഹോബി കുക്കിങ്ങ് ആണ്. ആസ്വദിച്ച് ഭക്ഷണം പാകം ചെയ്‌ത് പ്ലെയിറ്റിൽ മനോഹരമായി അലങ്കരിച്ച് ആസ്വദിക്കുക. രുചിച്ച് ആഹ്ലാദിക്കുക. ഇതാണ് ആനിയുടെ പ്രധാന ഹോബി. എന്നാൽ പൂജയ്‌ക്ക് കുക്കിങ് കണ്ണെടുത്താൽ കണ്ടുകൂട. 

അതവിടെ നിൽക്കട്ടെ, പൂജയുടെ വഴികാട്ടിയാണ് റേച്ചൽ ആന്റി. പൂജയുടെ ജീവിതത്തെയും സിനിമയെത്തന്നെയും മാറ്റിമറിക്കുന്നത് റേച്ചൽ ആന്റിയാണ്. വീട്ടിലെ നിലവറയിൽ പലതരം വൈനുകൾ ഉണ്ടാക്കുന്ന റേച്ചൽ ആന്റി. കൃത്യമായ അനുപാതത്തിൽ കൂട്ടുകൾ ചേർത്ത് മുന്തിരിയും പഴങ്ങളുമൊക്കെ വൈനാക്കി മാറ്റുന്ന റേച്ചൽ ആന്റിയെ പൂജ വിളിക്കുന്നത് വൈൻ ആന്റിയെന്നാണ്. ആന്റിയുണ്ടാക്കുന്ന വൈനുകൾ ഔൺസ് ഗ്ലാസിൽ ഒഴിച്ച് പൂജയ്‌ക്കു കൊടുക്കും. അതു കുടിച്ചുനോക്കി അഭിപ്രായം പറയുകയാണ് ആന്റിയുടെ ഔദ്യോഗിക വൈൻ ടെയ്‌സ്‌റ്ററായ പൂജയുടെ പണി. ഒരിത്തിരി വൈനും കുടിച്ച് അൽപം പിമ്പിരിയായി ഇരിക്കുമ്പോഴാണ് പൂജയോട് ആന്റി പറയുന്നത്, നമ്മൾ ഇഷ്‌ടമില്ലാത്തവരെ കല്യാണ് കഴിച്ചാൽ അയാളെ കഷ്‌ടപ്പെട്ട് ഇഷ്‌ടപ്പെടേണ്ടി വരുമെന്ന്. 

ഇഷ്‌ടപ്പെടാൻ പറ്റിയ ആളെത്തേടിയുള്ളയാത്രയിൽ പൂജ കണ്ടെത്തുന്നത് ഗിരിയെയാണ്. ഗിരിയുടെ താമസസ്‌ഥലം കണ്ടുപിടിക്കാൻ എന്തു വഴി എന്നാലോചിച്ച് ഇരിക്കുമ്പോഴാമ് കൂട്ടുകാരി രണ്ടു മസാലദോശയും ഒരു മിൽക് ഷെയ്‌ക്കും വാങ്ങിത്തന്നാൽ ഗിരിയുടെ അടുത്തെത്തിക്കാം എന്നു പറയുന്നത്. കൂട്ടുകാരിയുടെ അനിയൻമാർ ഗിരിയുടെ കരാട്ടെക്ലാസിലാണ് പഠിക്കുന്നത്. അവരെ കാണാനെത്തുന്ന പൂജയും കൂട്ടുകാരിയും കാണുന്നത് കൈയിൽ ഭക്ഷണപ്പൊതിയും പിടിച്ച് കരാട്ടെക്ലാ,സിന്റെ മൂലയ്‌ക്കിരുന്ന് ഉറങ്ങുന്ന അനിയൻമാരെ. 

ടിന്നിലടച്ച ഭക്ഷണം നിർത്തി വീട്ടിലുണ്ടാക്കുന്ന കഞ്ഞിയും പയറും കൊടുത്താലേ അനിയൻമാർക്ക് ആരോഗ്യം വെയ്‌ക്കൂ എന്ന ഗിരിയുടെ ഉപദേശം കേട്ട പൂജ ഫ്ലാറ്റ്. വീട്ടിലെത്തിയ പൂജ അച്‌ഛനെയും അമ്മയേയും ഞെട്ടിച്ചുകൊണ്ട് അടുക്കളയിൽ കയറുന്നു. ലക്ഷ്യം പയറു കറി ഉണ്ടാക്കുക. അടുക്കളയിലെ യുദ്ധം കഴിഞ്ഞ് തീൻമേശയിലെത്തുന്ന പയറുകറി കഴിച്ച് മത്തായി ഡോക്‌ടർ മകളെ ഉപദേശിക്കുന്നു. പാചകം ആർക്കാണ്ടും വേണ്ടി ചെയ്യരുത്, ആളുകൾക്ക് കഴിക്കാനുള്ളതാണ് എന്നു വിചാരം വേണം. എന്തു ചെയ്യുമ്പോഴും ഒരു ലക്ഷ്യം വേണം

കറിയുണ്ടാക്കുമ്പോൾ അത് മനുഷ്യർക്കു കഴിക്കാനുള്ളതാണ് എന്ന ലക്ഷ്യം മനസിൽ വേണം..! 

ഗിരിയുടെ വീട്ടിൽ അമ്മയൊരുക്കുന്ന നാടൻ ഭക്ഷണം കഴിക്കാൻ പൂജയെത്തുന്നു. പിന്നീട് പൂജ പഠിക്കുന്ന മെഡിക്കൽ കോളജിൽ ചികിൽസയ്‌ക്കെത്തുന്ന ഗിരിയുടെ അമ്മയ്‌ക്ക് ഭക്ഷണം കൊടുക്കാൻ പൂജ സമയം കണ്ടെത്തുന്നു. അങ്ങിനെയങ്ങിനെ രുചിയുടെ ലോകം തുറക്കുന്ന കരുത്തിൽ ഗിരിയെ പൂജ സ്വന്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.