Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗത്ത് ആഫ്രിക്കയിലെ പപ്പടം, അച്ചാർ, സമോസ

ഗായത്രി ജയരാജ്
south-africa-food-1

12 അപോസൽസ് എന്ന തട്ടുതകർപ്പൻ ഹോട്ടൽ, സൗത്ത് ആഫ്രിക്കൻ ടൂറിസ്റ്റ് നഗരം കേപ് ടൗണിൽ തലയുയർത്തിയങ്ങനെ നിൽപാണ്. അടിമുടി സ്റ്റാറോടു സ്റ്റാർ. പക്ഷേ, നമ്മളീ പോളിടെക്നിക്കിലൊന്നും പഠിക്കാത്തോണ്ട് ഗ്രീക്ക് സാലഡും സാഫ്രൺ പൊട്ടറ്റോ റിസോട്ടോയും പീച്ച് ഐസ്ഡ് ടീയുമൊന്നും ഫുൾ ടൈം കഴിക്കാൻ പറ്റൂല്ലല്ലോ. ഇന്ത്യക്കാരൻ ഐറ്റം വല്ലതുമുണ്ടോ ഫൂഡ് ദൈവങ്ങളേന്നു കണ്ണറിയാതെ പരതിപ്പോകും. അങ്ങനെ മെനുവിന്റെ താളുകൾ മറിച്ചപ്പോൾ അതാ കിടക്കുന്നു ഒരു ‘കറി’. 

682284814 കേപ് ടൗൺ

കേപ് മലായ് കറി. വിഭവങ്ങൾ നോക്കിയപ്പോഴോ– റൊട്ടി, റൈസ്, വെജ് ആൻഡ് ബീൻ കറി പിന്നെ പപ്പടം. എണ്ണയിൽ വീണു പപ്പടം പൊള്ളിക്കുമളിക്കും പോലെ കണ്ണു തള്ളിപ്പോയി – നമ്മുടെ പപ്പടമോ, എന്റെ ചുന്ദരൻ പപ്പടമോ, പപ്പടവും തൈരും  മാത്രമുണ്ടെങ്കിൽ മടമടാ എത്ര ചോറ് വേണമെങ്കിലും അകത്താക്കുന്ന പക്കാ മല്ലുപ്പെണ്ണിന് ഇനിയെന്തുവേണം.  പോരട്ടെ, ഒരു കേപ് മലായ്...

south-africa-food-2

അന്തംവിടുന്ന കോംബിനേഷനുകൾ ഹരമാക്കിയ എന്റെ അടുത്തമൊഴി, കേപ് മലായ് രുചിക്കും മുൻപ് ഒരു സ്പിനച് ഫെറ്റ ക്വിഷ് (spinach and feta quiche) കൂടി. എന്നു വച്ചാൽ സ്പിനചും ഫെറ്റ എന്ന പ്രത്യേക ചീസും ചേർത്തു മാവിൽ സ്റ്റഫ് ചെയ്തെടുക്കുന്ന സംഗതി. 

കുരുകുരുന്നനെ പിന്നിയ മുടിയാട്ടി വെയിറ്റർ ഗേൾ കണ്ണുരുട്ടി, മാം, ഐ തിങ്ക് ദിസ് കേപ് മലായ് ഇറ്റ്സെൽഫ് ഈസ് സോ ഹ്യൂജ് എ പോർഷൻ. ആദ്യം പറഞ്ഞ കേപ് മലായ് കറി തന്നെ കഴിച്ചു തീർക്കാൻ പാടാണെന്ന്. അത്രയും അളവുണ്ടെന്ന്. പത്തിരുപതു കറിയും മൂന്നാലു പായസവും കൂട്ടി സദ്യ അകത്താക്കുന്ന നമ്മളോടാ, പോട്ടെ, ക്ഷമിച്ച്. ഒകെ ഡിയർ, കേപ് മലായ് കറി മാത്രം പോരട്ടെ. ക്യാൻ യു പ്ലീസ് ഗിവ് മി ആൻ എക്സ്ട്ര പപ്പട്? 

സുന്ദരിക്കു മനസ്സിലായില്ല. വട്ടത്തിലുള്ള പപ്പടം കയ്യോണ്ടു വരച്ചുകാട്ടി ഞാൻ വീണ്ടും, എക്സ്ട്ര പപ്പട്? 

മാം, യൂ മീൻ പപ്പഡംംം? ശ്ശോ, പിന്നേം ഞെട്ടിച്ചല്ലോ സുന്ദരിപ്പെണ്ണേ. ഡമ്മിന് അത്രേം ഡമ്മില്ലെങ്കിലും ഞങ്ങളുടെ പപ്പടക്കുട്ടനെ നിങ്ങളും അങ്ങനെ തന്നാണല്ലോ വിളിക്കുന്നത്. 

യെസ് യെസ് എന്നു തലയാട്ടി കാത്തിരുന്നു, ‘കറി’ വന്നു. വെണ്ണയിൽ ചുട്ടെടുത്ത ഹോൾ വീറ്റ് ചപ്പാത്തി, ഒന്നാന്തരം വെജ് കറി, ബൗളിൽ ചെറിയ ബസ്മതി റൈസ്, ഒലീവെണ്ണയിൽ കടുകുതാളിച്ചെടുത്ത പൊട്ടറ്റോ റോസ്റ്റ് (തൊലിയോടെ), പിന്നെ പരന്ന രണ്ടു പപ്പടങ്ങളും. വെളിച്ചെണ്ണ തൊട്ടാലുടൻ കുടവയർ വീർപ്പിക്കുന്ന നമ്മുടെ പപ്പടത്തിന്റെ മഞ്ഞച്ചേലില്ല. ക്രീം നിറം. പക്ഷേ, ഹെൽതിയാണ്. പല ധാന്യങ്ങളുടെ മിക്സ് ആണത്രേ പപ്പടംഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. തന്നെയുമല്ല, കക്ഷിയെ എണ്ണയില്ലാതെ പൊരിച്ചെടുക്കുകയാണ്. ഫൂഡിനു നല്ല ടേസ്റ്റ്. എരിവും പുളിയും മസാലയും എല്ലാം പാകത്തിന്. ചട്നിയെന്നും പറഞ്ഞ് അടുത്തുകൊണ്ടുവച്ച കുപ്പി തുറന്നു നോക്കിയപ്പോൾ അതാ അച്ചാറിരുന്നു ചിരിക്കുന്നു. നമ്മുടെ അച്ചാറിന്റെ അത്ര എരിവില്ല, ലേശം മധുരമുണ്ടോന്ന് ഒരു സംശയം. എങ്കിലും കൊള്ളാം. രണ്ടു മേശ അപ്പുറത്ത്, ഒരു സായ്പ് കൊച്ചിരുന്നു പപ്പടത്തിനു വേണ്ടി കരയുന്നു! ഇതൊക്കെയാണല്ലോ ഈ കൾചറൽ റവല്യൂഷൻ..ല്ലേ.

Curry-and-rice-in-plate

സമോസ

മിക്ക ഹോട്ടലുകളിലും സമോസയെ കണ്ടു; വഴിയോരവിൽപനക്കാരുടെ ടിന്നുകളിലും. ഇന്ത്യയുടെ സ്വന്തമാണെന്നു കരുതുന്ന സമോസരുചി പക്ഷേ, സെൻട്രൽ ഏഷ്യയിലാണത്രേ ജനിച്ചത്. എന്തായാലും അറബ് നാടുകളും ഇന്ത്യയും പാക്കിസ്ഥാനുമൊക്കെയാണിപ്പോൾ സമോസ കേന്ദ്രങ്ങൾ. സൗത്ത് ആഫ്രിക്കൻ മെനുവിലും സമോസ നാളുകൾക്കു മുന്നേ ജനപ്രിയം. ഇന്ത്യൻ സമോസയുടെ അത്ര വലുപ്പമില്ല. ചിക്കനും ഫിഷും സൗത്ത് ആഫ്രിക്കൻ ടേസ്റ്റിൽ സമോസയിൽ ഇടംപിടിക്കും. വെജിറ്റേറിയൻ സമോസയെ കാണാൻ ഇന്ത്യൻ റസ്റ്ററന്റിൽ തന്നെ പോകണം. 

ഇന്ത്യൻ പ്രവാസികൾക്കു പുറമെ, ഇവിടെ നിന്നുള്ള വിനോദസഞ്ചാരികൾ ധാരാളമായി എത്താൻ തുടങ്ങിയതുമാകാം ഇന്ത്യൻ രുചികളെ അടുത്തറിയാൻ സൗത്ത് ആഫ്രിക്കയെ നിർബന്ധിച്ചത്. ആ രുചി വിദേശികൾക്കുൾപ്പെടെ നന്നായി ഇഷ്ടപ്പെട്ടെന്നു മനസ്സിലാക്കാൻ വൻകിട സ്റ്റാർ ഹോട്ടലുകളിലെ മെനു നോക്കിയാൽ മതി. ബസ്മതി റൈസും ഇന്ത്യൻ കറിയും സൗത്ത് ആഫ്രിക്കൻ സ്റ്റൈലിൽ തയാറാക്കിയത് അവിടെ കാണാം. മുഴുവനായും ഇന്ത്യൻ രുചി തന്നെ വേണമെങ്കിൽ അതിനായി ഇന്ത്യൻ റസ്റ്ററന്റുകളും ധാരാളം. 

കേപ് മലായ് കറി വന്ന വഴി

കേപ് ടൗണിലെ ഒരു മേഖലയാണു ബോ–കാപ് (Bo-Kaap). പരമ്പരാഗത കേപ് മലായ് കറി കിട്ടുന്ന സ്ഥലം. ഇന്തൊനീഷ്യയിൽ നിന്നു ഡച്ച് പട്ടാളം നാടുകടത്തിക്കൊണ്ടുവന്നവരാണു കേപ് മലായ് ജനത.  ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾ, മറ്റു സ്ഥലങ്ങളിൽ നിന്ന് ഇതുപോലെ നാടുകടത്തപ്പെട്ട് എത്തുന്ന മറ്റ് അടിമകൾ തുടങ്ങിയവരുമായി ഇവർ ഇടകലർന്നു. ദക്ഷിണാഫ്രിക്കയുടെ തനതു ഭക്ഷണങ്ങൾ ശീലിച്ചെങ്കിലും കേപ് മലായ് ജനങ്ങൾ തങ്ങളുടെ പ്രത്യേക മസാലക്കൂട്ടുകൾ മറന്നില്ല. ഇന്ത്യയിലേതുപോലെ എണ്ണയിൽ (ഒലിവ് ഓയിലോ സസ്യഎണ്ണ മിശ്രിതമോ ആണെന്നു മാത്രം) കടുകുവറുത്തെടുക്കുന്ന മസാലവിഭവങ്ങൾക്കു നല്ല ടേസ്റ്റ്. ബ്രെയാണി (Breyani) എന്ന പേരിൽ നമ്മുടെ ബിരിയാണിയുടെ അത്ര സ്പൈസി അല്ലാത്ത വേർഷനും ഇവിടെയുണ്ട്. ഇന്ത്യക്കാരുമായുള്ള ബന്ധം വളർന്നതോടെ ബിരിയാണിയിലും മലായ് കറിയിലും ഇന്ത്യൻ രുചിയും ചേർന്നിട്ടുണ്ട്. കേപ് മലായ് കറി, കേപ് മലായ് മാംഗോ ചട്നി (അച്ചാർ), കേപ് മലായ് ബിരിയാണി ഇവ നമുക്കുമൊന്നു ട്രൈ ചെയ്താലോ? അത് അടുത്ത സൗത്ത് ആഫ്രിക്കൻ കുക്ക് ബുക്കിൽ.