Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുളക് കണ്ടെത്തിയതും കൊളംബസ്!

എം. മുഹമ്മദ് ഷാഫി
red-chilli

സുഗന്ധ വ്യഞ്ജനങ്ങൾ തേടി ഇന്ത്യ കണ്ടെത്താൻ യാത്രതിരിച്ച ക്രിസ്റ്റഫർ കൊളംബസ് അമേരിക്കയിലെത്തിയപ്പോൾ അത് ഇന്ത്യയാണെന്ന് തെറ്റിദ്ധരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മുളകായിരുന്നു. എരിവുണ്ടായിരുന്നതിനാൽ ഇതു കുരുമുളകിന്റെ കുടുംബത്തിൽ പ്പെട്ടതാണെന്നാണ് കൊളംബസ് തെറ്റിദ്ധരിച്ചത്. ഇതുകൊണ്ടാണ് മുളകിനെ കൊളംബസ് ചില്ലി പെപ്പർ എന്ന് വിളിച്ചത്. എന്നാൽ ക്യാപ്സിക്കം, തക്കാളി തുടങ്ങിയവ ഉൾപ്പെടുന്ന സൊളനേസ്യ കുടുംബത്തിൽപെട്ടതാണ് മുളക്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സുഗന്ധ വ്യഞ്ജനം കൂടിയാണിത്. 

എരിപൊരി സഞ്ചാരം

മുളകിനെ ലോകമെങ്ങുമുള്ള തീൻമേശകളിലേക്ക് എത്തിച്ചതിനു പിന്നിൽ കൊളംബസിന്റെ കണ്ടെത്തലാണ്. 1492ൽ സ്പെയിനിൽ നിന്ന് ഇന്ത്യ തേടി യാത്ര തിരിച്ച കൊളംബസ് ആണു മുളക് ആദ്യമായി കാണുന്ന യൂറോപ്യനും. കൊളംബസ് തിരികെ സ്പെനിലേക്ക് മടങ്ങിയത് മുളകു തൈകളുമായിട്ടായിരുന്നു. ഇങ്ങനെ കരീബിയൻ ദ്വീപുകളിൽ നിന്നു സ്പെയിനിലെത്തിയ മുളക് ചെടികൾ ആദ്യമായി വളർത്തിയിരുന്നത് സ്പെയിനിലെ സന്യാസ മഠങ്ങളിലായിരുന്നു. വിവിധ വിഭവങ്ങളിൽ കുരുമുളകിന് പകരക്കാരനായാണ് ആദ്യകാലത്ത് മുളക് സ്ഥാനംപിടിക്കുന്നത്. ചില രാജ്യങ്ങളിൽ നാണയമായിപ്പോലും അക്കാലത്ത് ഉപയോഗിച്ചിരുന്ന കുരുമുളകിനെ അപേക്ഷിച്ച് വില കുറഞ്ഞ പകരക്കാരനായി മുളക് മാറുകയായിരുന്നു. പിന്നീട് സ്പെയിനിൽ നിന്നിത് ഇറ്റലിയിലേക്കെത്തി. തെക്കൻ ഇറ്റലിയിലെ കലേബ്രില എന്ന സ്ഥലത്താണ് മുളക് കൂടുതലായി കൃഷി ചെയ്യാൻ തുടങ്ങിയത്. ലിസ്ബണിൽ കൂടി കടന്നുപോയ സ്പാനിഷ് കച്ചവടക്കാർ പിന്നീടിതു പോർച്ചുഗലിലെത്തിച്ചു. ഇവിടെ നിന്ന് തെക്കൻ ഏഷ്യയിലേക്കായിരുന്നു മുളകിന്റെ യാത്ര. പോർച്ചുഗലുകാരാണിതു ഗോവയിലേക്കു കൊണ്ടുവന്നത്. ഇന്ത്യൻ കച്ചവടക്കാർ ഇതിനെ ചൈനയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും കൊണ്ടുപോയി. യൂറോപ്പിലെത്തി 50 വർഷത്തിനകം മുളക് ഏഷ്യയിലൊട്ടാകെയും പടിഞ്ഞാറൻ ആഫ്രിക്കയുടെ തീരപ്രദേശങ്ങളിലും വടക്കൻ ആഫ്രിക്കയിലും പശ്ചിമേഷ്യയിലും വ്യാപിച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടം ശക്തിപ്പെട്ട ഇക്കാലത്ത് അറബ് കച്ചവടക്കാരാണ് മുളകിനെ യൂറോപ്പിലെത്തിച്ചത്. 18ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുളക് കച്ചവടം ഡച്ചുകാരുടെ കൈകളിലായി. ഇവരിലൂടെ ജപ്പാനിലേക്കുമെത്തി. പടിഞ്ഞാറൻ യൂറോപ്പിലെ ഹംഗറി, ബൽഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ മുളകും സ്വീറ്റ് പെപ്പറും ചേർത്ത പപ്രിക്കയാണ് സുഗന്ധ വ്യഞ്ജനമായി ഉപയോഗിച്ചിരുന്നത്.

എരിവിനു പിന്നിൽ 

ഇന്ന് ലോകത്ത് 25 ഇനം മുളക് ചെടികളുണ്ടെങ്കിലും കൃഷി ചെയ്യുന്നത് 5 ഇനം മാത്രമാണ്. ചുവപ്പ്, പച്ച, മഞ്ഞ, ഓറഞ്ച്, പർപ്പിൾ, കറുപ്പ് തുടങ്ങി മിക്കവാറുമെല്ലാ നിറങ്ങളിലും വലുപ്പത്തിലുമുള്ള മുളകുകൾ ഇന്നുണ്ട്. നീണ്ടു കൂർത്ത മുളകാണ് കൂടുതലുള്ളത്. ചെറിയ കാന്താരി മുതൽ 30 സെന്റിമീറ്റർ വരെ വലിപ്പമുള്ള കയെൻ പെപ്പർ വരെയുള്ളവയുണ്ട്. മുളകിൽ എരിവും കൂടിയതും കുറഞ്ഞതുമുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള കാപ്സാസിന്റെ അളവാണ് എരിവു കൂടുന്നതിനും കുറയുന്നതിനും പിന്നിൽ. കാപ്സാസിൻ അളവ് കൂടുമ്പോൾ എരിവും കൂടുന്നു. മുളകിനുള്ളിലുള്ള വിത്തിനു ചുറ്റുമുള്ള വെളുത്ത ആവരണത്തിലാണ് ഇതുള്ളത്. പലപ്പോഴും എരിവു കുറയ്ക്കാൻ ഉള്ളിലെ വിത്ത് കളയുന്നത് ഇതിനാലാണ്. ഇന്ത്യയിലുള്ളതിൽ ഏറ്റവും എരിവു കൂടുതലുള്ളത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ള ഭൂത് ജൊലോക്കിയ അല്ലെങ്കിൽ നാഗ ജൊലോക്കിയ എന്ന മുളകിനാണ്. 

മുന്നിൽ ചൈന

ഇന്ത്യയിൽ നിന്നാണ് മുളക് ഇംഗ്ലണ്ടിലേക്കെത്തുന്നത്. എന്നാൽ അവിടെ ഇതു വേണ്ടത്ര ജനകീയമായില്ല. 16ാം നൂറ്റാണ്ടിലെ ഇംഗ്ലിഷ് സസ്യശാസ്ത്രഞ്ജനായ ജോൺ ജെറാർഡ് മുളക് കഴിക്കുന്നത് കരളിന് നന്നല്ലെന്നും നായ്ക്കൾ ഇതു കഴിച്ചാൽ ചത്തുപോകുമെന്നും പറഞ്ഞിരുന്നു. ഇതൊക്കെയായിരിക്കാം ഇംഗ്ലണ്ടിൽ ഇതിനു വേണ്ടത്ര പ്രചാരം കിട്ടാതെ പോയതിനു പിന്നിലെ കാരണമെന്നു വേണം കരുതാൻ. 

ഇന്ന് മുളകാണ് ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സുഗന്ധ വ്യഞ്ജനം. ലോകത്തെ മൊത്തം മുളകു കൃഷിയുടെ 50 ശതമാനവും ഇന്ന് ചൈനയിലാണ്. സിഷ്‌‍വാൻ, ഹുനാൻ എന്നീ ചൈനീസ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ മുളക് കൃഷിയുള്ളത്. ആഗോള മുളക് ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ളത് മെക്സിക്കോയാണ്. മെക്സിക്കോയിലെ ടെഹുവിക്കൻ എന്ന സ്ഥലത്തെ പുരാവസ്തു ഖനന പ്രദേശത്ത് നിന്ന് 7000 ബിസിയിലുള്ള മുളകിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതേ സ്ഥലത്ത് 2000 വർഷങ്ങൾക്കു ശേഷം മുളക് കൃഷി തുടങ്ങിയിരുന്നുവെന്നാണ് നിഗമനം. 

ഇന്ന് വിവിധതരത്തിൽ മുളക് ഉപയോഗിക്കുന്നുണ്ട്. പച്ചയ്ക്കും ഉണക്കിയും ഉപ്പിലിട്ടും സോസ് ആയും പൊടിയാക്കിയുമൊക്കെ. ഇറച്ചി, പച്ചക്കറി, മത്സ്യം തുടങ്ങിയവയ്ക്കൊപ്പമെല്ലാം മുളകിന്റെ സാന്നിധ്യം പ്രധാനപ്പെട്ടതാണ്. മെക്സിക്കൻ, മധ്യ അമേരിക്കൻ, തെക്കേ അമേരിക്കൻ, ഏഷ്യൻ, പശ്ചിമേഷ്യൻ, വടക്കേ ആഫ്രിക്കൻ ക്യുസീനുകളിലെല്ലാം ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മുളക് മാറിക്കഴിഞ്ഞു.