Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചിയുടെ മുത്തശ്ശി മസ്താനമ്മയുടെ എഗ് 65 രുചിക്കൂട്ട്

masthanamma

പാചകപുണ്യത്തിന്റെ ഒരു ദൃശ്യതാരാവലി ചമയ്ക്കണമെന്നുവച്ചാൽ അതിനു യോജിച്ച ആരുണ്ട്? ആരുമില്ല. പക്ഷേ ഉണ്ടായിരുന്നു. മസ്താനമ്മ. ഈ വയസ്സുകാലത്ത്, ഒരു നൂറ്റാണ്ടിന്റെ രുചികളത്രയും ചമച്ചുവച്ച് നമ്മെ വിസ്മയിപ്പിച്ച ഒരമ്മൂമ്മ. 100 കൊല്ലം മുൻപ് മസ്താനമ്മ ജനിക്കുമ്പോൾ രുചിയുടെ ലോകം സമ്പന്നമായിരുന്നെങ്കിലും അതിനെ സൃഷ്ടിച്ചെടുക്കുന്ന ഉപാധികൾ വളരെ ക്കുറവായിരുന്നു. ഈ മാസമാദ്യം വിട പറയുമ്പോൾ, മാധ്യമങ്ങൾവഴി, പ്രത്യേകിച്ചു യൂട്യൂബിലൂടെ രുചിയാരാധകരുടെ സൂപ്പർ താരമായി മാറിയിരുന്നു മസ്താനമ്മ.

മസ്താനമ്മയുടെ പാചകം നമ്മെ കൊതിപ്പിച്ചു. പക്ഷേ രുചി രൂപമെടുത്തു വരുമ്പോഴത്തെ മണവും ആവിയും നിറവുമൊന്നും മസ്താനമ്മയെ കൊതിപ്പിച്ചതായി തോന്നിയിട്ടില്ല. സൂക്ഷ്മദർശിനി വച്ചു നോക്കുന്നതു പോലെ അമ്മൂമ്മ ഇടയ്ക്കിടെ പാത്രത്തിലേക്കും അതിനുള്ളിലെ വിഭവങ്ങളെ പാകപ്പെടുത്തുന്ന തീയിലേക്കും നോക്കും. പരന്ന പാത്രത്തിലേക്ക് ഉപ്പു വിതറുന്നതുപോലെ പിന്നെയൊരു നോട്ടം, പരിസരത്തു കൊതി വിട്ടുകൊണ്ടിരിക്കുന്നവർക്കു നേരേ. പിന്നെ, ചില നേരത്തൊരു കൃസൃതിച്ചിരി. വിശാലമായി ചിരിക്കുകയാണെങ്കിൽ പല്ലില്ലാത്ത മോണ കണ്ടാലറിയാം, മനസ്സുനിറഞ്ഞാണതെന്ന്.

മസ്താനമ്മ ഓർമയാണിനി. ഓർമയിലെ രുചിക്കൂട്ട് വിടരുന്നതൊരു ഗ്രാമത്തിലെ പറമ്പിലാണ്. മരങ്ങൾ കുടവിരിക്കുന്ന പറമ്പ്. കാറ്റിൽ തലയാട്ടുന്ന പനകൾ, പൂച്ചെടികൾ. മരത്തലപ്പുകളിൽനിന്നു കിളികളുടെ ചിലമ്പൽ. കയറിയിറങ്ങുന്ന അണ്ണാൻമാരും തുമ്പികളും പൂമ്പാറ്റകളും. കീഴെ കരിയിലകൾ തൂത്തുവാരി വെടിപ്പാക്കിയ ചെറുവട്ടത്തിൽ മസ്താനമ്മയും കൂട്ടുകാരും. സവാളയും ഉള്ളിയും ഇഞ്ചിയുമെല്ലാം അരിയാൻ അരിവാളുപോലൊരു കത്തി. നിലത്തു കുത്തിയിരുന്ന്, കാൽ വിരലുകൾക്കിടയിൽ കത്തി മുറുക്കിപ്പിടിച്ച് ഉള്ളിയും പച്ചമുളകുമെല്ലാം സാവധാനത്തിൽ അരിഞ്ഞെടുക്കും. എല്ലാറ്റിന്റെയും തൊലികളയാൻ മസ്താനമ്മയ്ക്കു കത്തിവേണ്ട, സ്വന്തം വിരലുകൾ, നഖങ്ങൾ മതി. പൊടികൾ അളന്നെടുക്കുന്നതും വിരലുകൾ കൊണ്ട്. വിരലുകൾ കൊണ്ടു വാരിയെടുക്കുന്ന പൊടികളും ഉപ്പും കൈവെള്ളയിലൊന്നു ചേർത്തമർത്തി അളവു കുറിക്കും. ഉറച്ച ബോധ്യത്തോടെ പാത്രത്തിലേക്കു പകരും. പോരായെന്നോ, ഒരു നുള്ളുകൂടി ആവാമെന്നോ കുറച്ചുനേരം കഴിയുമ്പോൾ തോന്നുന്ന പ്രശ്നമില്ല. അതിനു മസ്താനമ്മ വേറെ ജനിക്കണം. തീ കൂട്ടുന്നതും കുറയ്ക്കുന്നതും മസ്താനമ്മയുടെ വിരലുകളുടെ മറ്റൊരു മാജിക്കാണ്. ഒരർഥത്തിൽ വിരലുകളും ചേരുവകളും വിറകും തീയും തവിയും ചേർന്നുള്ള മസ്താനമ്മ മേളം. അതാണു രുചിയുടെ ചുഴിയിലിട്ടു നമ്മളെ മയക്കുന്നത്.

ആന്ധ്ര ഗുണ്ടൂർ ജില്ലയിലെ തെനാലിക്കടുത്തുള്ള ഗുഡുവാഡ ഗ്രാമത്തിൽനിന്നു മസ്താനമ്മയുടെ പേര് ജപ്പാനിലും യുഎസിലുമെല്ലാമെത്തിയത് യൂട്യൂബിലൂടെയാണ്. ബന്ധുവായ ലക്ഷ്മൺ എന്ന ഗ്രാഫിക് ഡിസൈനറും സുഹൃത്ത് ശ്രീനാഥ് റെഡ്ഡിയും ചേർന്ന് അപ്‌ലോഡ് ചെയ്ത വഴുതനങ്ങാക്കറിയുടെ പാചകമായിരുന്നു തുടക്കം. 

ഒറ്റദിവസം മുക്കാൽ ലക്ഷം ആളുകൾ അതുകണ്ടു. അടുപ്പിനരുകിൽ ഇരിക്കുന്ന അതേ ഭാവത്തിൽ പ്രശസ്തിയുടെ നാളുകൾ അമ്മൂമ്മ കൈകാര്യം ചെയ്തു.

മർത്തമ്മ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. ദത്തെടുത്ത കുടുംബമാണു മസ്താനമ്മ എന്നു പേരുമാറ്റിയത്. അവരുമായി ചേർന്നുപോകാനാവാതെ സ്വന്തം ഗ്രാമത്തിലേക്കു മടങ്ങി. 11–ാം വയസ്സിൽ വിവാഹിതയായി, 22ൽ വിധവയും. 5 പെറ്റു. വയലുകളിൽ പണിയെടുത്തു മക്കളെ വളർത്തി. 

പകർച്ചവ്യാധിയിൽ നാലുപേർ മരിച്ചു. ശേഷിച്ചയാൾ മരിച്ചതു മൂന്നു മാസം മുൻപ്. പേരക്കുട്ടികളും അവരുടെ മക്കളുമെല്ലാമായി 25 പേരടങ്ങുന്ന കുടുംബത്തിന്റെ നാഥയായി ഒടുവിൽ മസ്താനമ്മ. 25 അല്ല, ലോകമെമ്പാടുമായി ലക്ഷക്കണക്കിനു കുടുംബങ്ങളിലുണ്ട് മസ്താനമ്മയുടെ രുചി. 106–ാം ജന്മദിനത്തിൽ മസ്താനമ്മയ്ക്കൊരു സമ്മാനമെത്തി. പാക്കിസ്ഥാനിൽനിന്ന്. പട്ടുസാരി.

വിറകടുപ്പിനരുകിൽ ജ്വലിക്കുന്ന കനൽപോലത്തെ, ചുളിവുള്ള മുഖം ഓർമകളിലേക്കു മറയുകയാണ്. മരിക്കുമ്പോൾ മസ്താനമ്മയ്ക്കു കൈനിറയെ കാശുണ്ടായിരുന്നില്ല. പക്ഷേ ഗ്രാമവാസികൾ പടക്കം പൊട്ടിച്ചും തമ്പേറടിച്ചും നൃത്തം ചെയ്തും വിലാപയാത്ര ആഘോഷമാക്കി, പരമ്പരാഗത രീതിയിൽത്തന്നെ. അതേ, മസ്താനമ്മ സ്റ്റാറാണ്. സ്റ്റാറായിത്തന്നെ തുടരും.

മസ്താനമ്മയുടെ എഗ് 65

മുട്ട 10–12
കോൺഫ്ളവർ
മുളകുപൊടി
മഞ്ഞൾപ്പൊടി
ഇഞ്ചി അരിഞ്ഞത്
വെളുത്തുള്ളി അരിഞ്ഞത്
മല്ലിപ്പൊടി
കറിവേപ്പില
സവാള അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത്
മല്ലിയില
ഉപ്പ്
എണ്ണ

പാകം ചെയ്യുന്ന വിധം

മുട്ട പുഴുങ്ങി, തോടു കളയുക. മുട്ടയുടെ വെള്ള ചെറുതായി അരിയുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേർത്തിളക്കണം. ഇതിലേക്ക് ഒരു കൈക്കുമ്പിൾ നിറയെ കോൺഫ്ളവർ ചേർക്കുക. നന്നായി യോജിപ്പിക്കണം. രണ്ടു പച്ചമുട്ട പൊട്ടിച്ച് ഇതിലേക്കിടുക. നന്നായി ഇളക്കണം. ചീനച്ചട്ടിയി‍ൽ എണ്ണയൊഴിച്ചു ചൂടാക്കുക. പൊടികൾ ചേർത്തു യോജിപ്പിച്ച, പുഴുങ്ങിയ മുട്ടവെള്ള ചെറുപിടികളായി എണ്ണയിലേക്കിട്ട് വറുത്തുകോരണം. ചെറിയ പരിപ്പുവട വലിപ്പം ആവാം. സ്വർണനിറമാകുമ്പോൾ കോരിയെടുക്കാം.

മറ്റൊരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്കു സവാളയിട്ടു വഴറ്റണം. പച്ചമുളകും വേപ്പിലയും ചേർക്കാം. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞതും ചേർത്തു വഴറ്റണം. നന്നായി വഴന്നുവരുമ്പോൾ 2 മുട്ട പൊട്ടിച്ചിട്ടു ചിക്കണം. ഇതിലേക്ക് അൽപം മുളകുപൊടി ഇടാം. പിന്നാലെ ഉപ്പും മല്ലിപ്പൊടിയും ചേർക്കണം. ചാറുകുറുകി വരുമ്പോൾ വറുത്തുവച്ചിരിക്കുന്ന മുട്ടവെള്ളപ്പിടികൾ ഇട്ടു നന്നായി യോജിപ്പിക്കണം. കുറച്ചുനേരംകൊണ്ടു ചാറുവറ്റും. അന്നേരം മല്ലിയില അരിഞ്ഞുചേർക്കണം, ഇളക്കണം. വട്ടത്തിൽ അരിഞ്ഞ സവാളക്കഷണങ്ങൾ മുകളിൽ ചാർത്തി അലങ്കരിക്കാം. ചായയ്ക്കു പലഹാരമായി വിളമ്പാം.