Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങ് ബ്രസീലിൽ ക്രിസ്മസ് ആഘോഷിക്കുന്നത് 'ദി'ങ്ങനെയാണ് !

625801650

കൊർകോവാഡോ മലമുകളിൽ, ആകാശത്തേക്കു ശിരസ്സുയർത്തി, ലോകത്തെ തന്റെ കരവലയത്തിലേക്കു വിളിക്കുന്ന രക്ഷകനായ ക്രിസ്തുവാണ് ബ്രസീലിന്റെ അടയാളം; ഒ ക്രീസ്തോ ഹെദൻതോർ എന്ന് ബ്രസീലുകാർ വിളിക്കുന്ന ക്രൈസ്റ്റ് ദ് റെഡീമർ. ആകാശം തൊടുന്ന ആ സ്നേഹം ബ്രസീലിന് എല്ലാത്തിനോടുമുണ്ട്; കാൽപന്തിനോട്, ക്രിസ്മസിനോട്, ആഘോഷങ്ങളോട്, രുചികളോട്...

പോർക്കും ടർക്കിയും പനറ്റോണി എന്ന ഫ്രൂട്ട് കേക്കും വൈനുമൊക്കെ നിരക്കും ബ്രസീലിന്റെ ക്രിസ്മസ് വിരുന്നുമേശയിൽ. ബ്രസീലിലെ പോർട്ടോ അലെഗ്രയിൽ ജിൽ ജിൽ - ദ് ടേസ്‌റ്റ് ഓഫ് ഇന്ത്യ എന്ന ഭക്ഷണശാല നടത്തുന്ന ചങ്ങനാശേരി സ്വദേശിനി ജിലു ഡെന്നിസൺ ബ്രസീലിലെ ക്രിസ്മസ് രുചികളെപ്പറ്റി പറയുന്നു.

jilu ജിലു ഡെന്നിസൺ

സ്വാദിന്റെ പോർച്ചുഗീസ് ടച്ച്

Celebrating-Christmas-with-Grandmother

ബ്രസീലിന്റെ ക്രിസ്മസിന് മൊത്തത്തിൽ ഒരു പോർച്ചുഗീസ് സ്പർശമുണ്ട്. ക്രിസ്മസ് രാവിൽ ‘പെറു’ ഇല്ലാതെ ബ്രസീലുകാർക്ക് ആഘോഷമില്ല. (ടർക്കിക്ക് പോർച്ചുഗീസിൽ പറയുന്ന പേരാണ് പെറു). ക്രിസ്മസ് മുതൽ പുതുവത്സരം വരെ നീളും ആഘോഷങ്ങൾ. ന്യൂ ഇയർ രാവിനു രുചി പകരുന്നത് പോർക്ക് വിഭവങ്ങളാണ്. ക്രിസ്മസ് ടർക്കിക്കൊപ്പം പ്രസിദ്ധമായ ക്രാൻബറി സോസാണ് സാധാരണ ഉപയോഗിക്കുന്നത്. ടർക്കിയുടെ ടോപ്പായി ഉപയോഗിക്കുന്നത് ഫിയു ജി ഒവോസ് എന്ന മധുരക്കൂട്ടാണ്. ടർക്കിക്കും പോർക്കിനുമൊപ്പം സാലഡുകളും ഡ്രൈഫ്രൂട്സുമൊക്കെ ക്രിസ്മസ് മെനുവിലുണ്ടാകും. ഉണക്കമുന്തിരി ചേർത്ത ചോറിനൊപ്പമാണ് ഇവ വിളമ്പുക. 

brazil

സന്യാസിനിമാരുടെ മധുരച്ചരട്

നമ്മുടെ മലബാറിന്റെ മുട്ടമാല പോലെയിരിക്കുന്ന മധുരവിഭവമാണ് ഫിയു ജി ഒവോസ്. പോർച്ചുഗലിൽനിന്നു ബ്രസീലിലേക്കു കുടിയേറിയ ഈ പലഹാരം മുട്ടയുടെ മഞ്ഞക്കരു കൊണ്ടാണ് ഉണ്ടാക്കുന്നത്. പഞ്ചസാരപ്പാനിയിൽ നേർത്ത മഞ്ഞച്ചരടുകൂട്ടം പോലെയിരിക്കും ഇത്. 14 ാം നൂറ്റാണ്ടിൽ പോർച്ചുഗലിലെ കന്യാസ്ത്രീകളാണ് ഫിയു ജി ഒവോസ് ആദ്യമായി ഉണ്ടാക്കിയതെന്നാണ് കരുതപ്പെടുന്നത്. മഠങ്ങളിൽ വസ്ത്രങ്ങൾ സ്റ്റാർച്ച് ചെയ്യാനായി മുട്ടയുടെ വെള്ള ഉപയോഗിച്ചിരുന്നു. ബാക്കി വരുന്ന മഞ്ഞക്കരു വെറുതെ കളയാതിരിക്കാൻ ഉണ്ടാക്കിയ വിഭവമാണത്രേ ഇത്.

ഉപ്പുമാവു പോലെ ഫറോഫ

ക്രിസ്മസിന് ബ്രസീലിന്റെ തീൻമേശ ഫറോഫയില്ലാതെ പൂർണമാവില്ല. ഒറ്റനോട്ടത്തിൽ നമ്മുടെ ഉപ്പുമാവുപോലെ തോന്നുന്ന ഈ വിഭവം കപ്പപ്പൊടിയിൽ പോർക്ക്, വെണ്ണ, ഒലീവ് എണ്ണ, മുട്ട, സവോള, വെളുത്തുള്ളി തുടങ്ങിയവ ചേർത്താണ് ഉണ്ടാക്കുന്നത്. 

പ്രണയമധുരവുമുള്ള പനറ്റോണി

ബ്രസീലിന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് പനറ്റോണി എന്ന ഫ്രൂട്ട് കേക്ക്. 15 ാം നൂറ്റാണ്ടിൽ ഇറ്റലിയിലെ മിലാനിലാണ് പനറ്റോണിയുടെ ജനനം. അതിനെപ്പറ്റി പല കഥകളുമുണ്ടെങ്കിലും ഏറ്റവും പ്രചാരത്തിലുള്ളത് ടോണി എന്ന കുശിനിക്കാരൻ പയ്യന്റെ പ്രണയകഥയാണ്. ഒരു വലിയ ബേക്കറിയുടമയുടെ മകളോടു പ്രണയം തോന്നിയ ടോണി അവൾക്കുവേണ്ടി ഒരു വിശേഷപ്പെട്ട കേക്കുണ്ടാക്കിയത്രേ. അതു പിന്നീട് പനേ ഡി ടോണി (ടോണിയുടെ ബ്രഡ്) എന്ന്് അറിയപ്പെടുകയും പിന്നെ പനറ്റോണി എന്നാവുകയും ചെയ്തത്രേ. ഇറ്റലിയിൽ വൻജനപ്രീത‌ി ലഭിച്ച ഈ വിഭവം, ബ്രസീലിൽ കുടിയേറിയ ഇറ്റലിക്കാരിലൂടെയാണ് അവിടെ പ്രചരിച്ചത്. ബ്രസീലിലെ ക്രിസ്മസ് സമ്മാനങ്ങളിൽ പ്രധാനമാണ് പനറ്റോണി.

പാലും മുട്ടയും ധാന്യമാവും കാൻഡിഡ് ഫ്രൂട്സും വെണ്ണയുമൊക്കെ ചേർത്ത് ഉണ്ടാക്കുന്ന പനറ്റോണി സാധാരണയായി സിലിണ്ടർ ആകൃതിയിലാണ്. ഡിസേർട്ടായും സ്നാക് ആയും പ്രശസ്തമാണ് ഇത്. സൂപ്പർമാർക്കറ്റുകളിൽ വിവിധ രുചിയിലുള്ള പനറ്റോണികൾ ലഭ്യമാണ്. ഇന്ന് ലോകത്ത് ഏറ്റവുമധികം പനറ്റോണി നിർമിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. 

വരും, അമിഗോ സെക്രിത്തോ

ആഘോഷങ്ങൾക്കുമുണ്ട് പോർച്ചുഗൽ ടച്ച്. പോർച്ചുഗീസ് ഭരണത്തിന്റെ ബാക്കിപത്രം. അപ്രതീക്ഷിത സമ്മാനവുമായി എത്തുന്ന അമിഗോ സെക്രിത്തോ എന്ന സീക്രട്ട് സാന്ത ബ്രസീലുകാർക്കുമുണ്ട്. പാതിരാ കുർബാനയ്ക്കു ശേഷം മിക്ക ബ്രസീലുകാരും നേരേ പോകുന്നത് ബീച്ചുകളിലേക്കോ സാന്താവില്ലേജുകളിലേക്കോ ഒക്കെയാണ്. വീടുകളിൽ കുടുംബക്കാരെല്ലാം ചേർന്നാണ് ആഘോഷം. എല്ലാവരും ഒന്നിച്ചു ചേർന്ന്, ക്രിസ്മസ് സമ്മാനപ്പൊതികൾ കൂട്ടി വച്ച് നറുക്കിട്ടെടുക്കും. ആദ്യം ആരുടെ പേരാണോ വരുന്നത് അവർക്ക് ആദ്യം സമ്മാനപ്പൊതിയെടുത്തു തുറക്കാം. പക്ഷേ അത് അവിടെത്തന്നെ വയ്ക്കണം. രണ്ടാമത്തെ ആളു വന്ന് അവരുടെ പൊത‌ി തുറക്കും. അതിനുള്ളിലെ സമ്മാനം അയാൾക്ക് ഇഷ്ടമായില്ലെങ്കിൽ, ആദ്യത്തെ ആളുടെ സമ്മാനമാണ് ഇഷ്ടമായതെങ്കിൽ അതെടുക്കാം. അങ്ങനെ, ആദ്യം നറുക്കു വീണയാൾക്ക് എറ്റവും അവസാനമേ സമ്മാനം കിട്ടുകയുള്ളൂ. കിട്ടുമെന്നു കരുതുന്ന ഗിഫ്റ്റ് ചിലപ്പോൾ കിട്ടില്ല അപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തട്ടിപ്പറിച്ച് ഓടും. കൂടുതലും ഹോംമെയ്ഡ് അലങ്കാരവസ്തുക്കളാണ് സമ്മാനം. ആഭരണങ്ങൾ, വസ്ത്രം, സുഗന്ധദ്രവ്യങ്ങൾ എല്ലാം സമ്മാനങ്ങളായി നൽകാറുണ്ട്. പ്രായം ചെന്നവർക്ക് ടൗവൽ, സോപ്പ് എന്നിവയൊക്കെ സമ്മാനമായി കിട്ടുന്നതാണ് സന്തോഷം.

അമേരിക്കയിലെയും യൂറോപ്പിലെയും പോലെ ഇവിടെയും ക്രിസ്മസ് കാലത്ത് കുട്ടികൾ ജനലിനു സമീപം ‘സോക്സ്’ കെട്ടിയിടാറുണ്ട്. ക്രിസ്മസ് പാപ്പ ആ വഴിയെങ്ങാനും കടന്നുപോയാൽ സമ്മാനം ഇടാതെപോകരുതല്ലോ. ഏറ്റവും മനോഹരമായ ആചാരം ഇതൊന്നുമല്ല, ഡിസംബറിൽ ബ്രസീലുകാർക്ക് ഇരട്ടി ശമ്പളമാണ്. ഇവിടെ നിയമം അനുസരിച്ച് അവധിക്കാലം ആഘോഷിക്കുന്ന സമയത്ത് സ്പെഷൽ സാലറി കൈപ്പറ്റാം. മിക്കവാറും എല്ലാവരും ക്രിസ്മസ് ആഘോഷങ്ങൾക്കാണ് ഡബിൾ സാലറി കൈപ്പറ്റുന്നത്.