Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണത്തിനു വേണ്ടി ഇവർ ആരെയും ഉപദ്രവിക്കില്ല

സുരേഷ് പിള്ള, റാവിസ് ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ്
458249821

പുതുവർഷം പടിവാതിൽക്കൽ എത്തി, ഭക്ഷണകാര്യത്തിൽ പലരും പല പ്രതിജ്ഞകളും എടുക്കുന്ന സമയം! ഭക്ഷണ കാര്യത്തിൽ നിയന്ത്രണം എടുക്കാൻ താത്പര്യപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട ജീവിതചര്യയാണ് ജൈന സന്യാസിമാരുടെത്. അഹിംസയാണ് ഇവരുടെ ജീവിതത്തിന്റെ തന്നെ അടിസ്ഥാനം. വസന്തവും ഗ്രീഷ്മവും കടന്നുപോയ നൂറ്റാണ്ടുകളുടെ സമയച്ചൂരിൽ, " അഹിംസാ പരമോ ധർമ്മം" എന്ന സദ്‍വാക്യവുമായി ധ്യാന നിരതരായ ജൈന സന്യാസിമാരുടെ ജീവിതം അതിശയകരമാണ്. നാനാജാതി സമൂഹങ്ങൾക്ക് പലതരത്തിലുള്ള ഭക്ഷണക്രമം ഉണ്ട്. എന്നാൽ അഹിംസയിൽ ഊന്നിയ ഭക്ഷണക്രമം ഇന്ത്യയിലെ തന്നെ ജൈന സമുദായത്തിന്റെതാണ്.

ജനസംഖ്യയിൽ ചെറുതാണെങ്കിലും ഭക്ഷണ രീതികൊണ്ട് വളരെയധികം പ്രത്യേകതകളുള്ള സംസ്കാരമാണ് ജൈന സമുദായത്തിന്റേത്. പൂർണമായും വെജിറ്റേറിയൻ ഭക്ഷണം, ഭക്ഷണത്തിനു വേണ്ടി ഒരു തരത്തിലുളള ജീവികളെപ്പോലും ഇവർ ഉപദ്രവിക്കാറില്ല എന്നതാണ് സവിശേഷത.

കിഴങ്ങുവർഗങ്ങൾ അവരുടെ ഭക്ഷണക്രമത്തിൽ ഉപയോഗിക്കാറില്ല. കിഴങ്ങ് എടുക്കുമ്പോൾ ആ ചെടി മുഴുവൻ നശിപ്പിക്കപ്പെടുന്നതു കൊണ്ട് കിഴങ്ങു വർഗങ്ങളായ ഉരുളക്കിഴങ്ങ്, കാരറ്റ്, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ഇവയൊന്നും ഭക്ഷണമാക്കില്ല!. 

മത്സ്യം, മാംസം,മുട്ട,തേൻ,കൂൺ പോലും ഇവർ കഴിക്കാറില്ല. കൂണിലെ ചെറിയ സൂക്ഷ്മ ജീവികൾ കൊല്ലപ്പെടും എന്നതു കൊണ്ടാണ് ഇവയൊക്കെ ഒഴിവാക്കുന്നത്. പുളിപ്പിച്ച ഭക്ഷണങ്ങളും കഴിക്കില്ല.

തലേദിവസം തയാറാക്കി സൂക്ഷ്മജീവികളുടെ സഹായത്തിലാൽ പുളിപ്പിച്ച് തയാറാക്കുന്ന ഭക്ഷണങ്ങളും ജൈനിസത്തിൽ ജീവിക്കുന്നവർ ഒഴിവാക്കുകയാണ് ചെയ്യുന്നത്.

അഹിംസ എന്നത് മനുഷ്യർ,മൃഗങ്ങൾ,സസ്യങ്ങൾ, പ്രാണികൾ, സൂക്ഷ്മജീവികൾ ഇവയെയൊന്നും ഉപദ്രവിക്കാതെയുള്ള ജീവിതമാണ് ഇവർ അനുവർത്തിച്ചു വരുന്നത്. മറ്റു ജീവികൾക്ക് ഉപദ്രവമാകുന്നതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി ജീവിക്കാനാണ് ഇവർ ഇഷ്ടപ്പെടുന്നത്.

വിവിധ രാജ്യങ്ങളിൽ ജൈന രീതിയിലുള്ള ഭക്ഷണം കിട്ടാൻ പ്രയാസമാണ്, വെജിറ്റേറിയൻ ഭക്ഷണം, പക്ഷേ വെജിറ്റബിൾസ് ഇല്ലാത്തത്!...പല പചകക്കാരും ഈ ആവശ്യത്തിനു മുന്നിൽ പകച്ചു പോകുന്നു.

ജൈനിസത്തിൽ വിശ്വസിക്കുന്നവർ സൂര്യോദയത്തിന് മുൻപും സൂര്യൻ അസ്തമിച്ച ശേഷവും ഭക്ഷണം കഴിക്കാറില്ല! വളരെ പണ്ട് വൈദ്യുതി ഇല്ലാതിരുന്ന സമയത്ത് രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ ചെറു ജീവികൾ ഭക്ഷണത്തിൽ വീണാൽ അറിയാൻ പറ്റില്ല, അത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു നിയന്ത്രണം വന്നത്. ഇപ്പോഴും  ഈ രീതി ഭക്ഷണകാര്യത്തിൽ ഇവർ തുടരുന്നു. ഒരു ഉറുമ്പിനെപോലും നോവിക്കാതെ വിശപ്പു മാറ്റുന്നവരാണ് ജൈന മത വിശ്വാസികൾ. അടിയുറച്ച അഹിംസയെ പിൻപറ്റിയാണ് അവരുടെ ഓരോ ഉരുളയും. ഇന്ത്യയിലെ ഐതിഹാസിക ചരിത്രമുള്ള ജൈനരുടെ ആഹാരശീലത്തിനും അത്രതന്നെ വിശുദ്ധിയുണ്ട്. 

പച്ചക്കറികളിൽ തന്നെ പല നിബന്ധനകളും പുലർത്തുന്നതിനാൽ ഒട്ടേറെ ആഹാരച്ചേരുവകൾ പരീക്ഷിക്കുന്നവരാണ് ജൈനർ. ഗോതമ്പ്, ബീൻസ്, അച്ചിങ്ങ എന്നിവയാണ് ജൈനരുടെ ആഹാരത്തിലെ പ്രധാനികൾ. വിവിധ പഴങ്ങൾ ഉപയോഗിച്ച് ഗ്രേവി പരുവത്തിൽ കറികൾ ഉണ്ടാക്കുന്നതും ജൈനരുടെ ആഹാരത്തിലെ പ്രത്യേകതയാണ്. പെരുങ്കായം, നാരങ്ങാനീര്, പച്ചമുളക്, ജീരകം എന്നിവ ചേരുവ ചേർത്തുള്ള ‘സ്വീറ്റ്-സ്‌പൈസി ബനാന കറി’ ഉദാഹരണം. പഴത്തൊലി മസാലകൾ ചേർത്തു വറുത്തെടുത്ത് കടലപ്പൊടിയിൽ മുക്കി ഫ്രൈ ചെയ്‌തെടുക്കുന്നതാണ് മറ്റൊരു ഐറ്റം. 

എന്നു കരുതി ജൈനിസം പിന്തുടരുന്നവർക്ക് കഴിക്കാൻ ഭക്ഷണം ഇല്ലായെന്നു തെറ്റിദ്ധരിക്കരുതേ...കിഴങ്ങു വർഗങ്ങൾക്കു പകരം പഴങ്ങൾ (Plantains) ഇവർ ഉപയോഗിക്കും. 

കേരളത്തിലെ ജൈനരുടെ ഭക്ഷണപട്ടികയിൽ പ്രധാനിയായ ഒബ്ബിട്ട് എന്ന പലഹാരം തയാറാക്കുന്നവിധം 

കടലപ്പരിപ്പ്– അര കിലോഗ്രാം
മൈദ – ഒരു കപ്പ്
പായസത്തിലിടുന്ന വെല്ലം– ഒരു കപ്പ്(മധുരം അധികം വേണ്ടവർക്ക് കൂടുതൽ ആകാം)
തേങ്ങ– ഒന്ന്
ഏലക്ക– രണ്ടോ മൂന്നോ

ഒബ്ബിട്ട്

1. കടലപ്പരിപ്പ് വെള്ളത്തിലിട്ട് വേവിക്കുക. വെന്തശേഷം വെള്ളം പൂർണമായും ഒഴിച്ചുകളഞ്ഞ് പരിപ്പ് വെല്ലവും തേങ്ങയും ചേർത്ത് അരച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കാതെ ഉരുട്ടിയെടുക്കാൻ പാകത്തിനുവേണം അരയ്ക്കാൻ. ശേഷം ചെറുനാരങ്ങാ വലുപ്പത്തിൽ ഇവ ഉരുട്ടിയെടുത്ത് ഒരു പ്ലേറ്റിൽ മാറ്റിവയ്ക്കുക. 

2. ഇതേസമയം തന്നെ മൈദപ്പൊടി ഒരു നുള്ള് ഉപ്പും എണ്ണയും വെള്ളവും ചേർത്ത് ചപ്പാത്തിമാവ് പരുവത്തിൽ കുഴയ്ച്ചെടുക്കുക. ശേഷം ഇവ പപ്പട വട്ടത്തിൽ അൽപം കട്ടിയിൽ പരത്തിയെടുക്കുക. ഇനി നേരത്തേ തയാറാക്കിവച്ച ഉരുളകൾ പരത്തിവച്ച മൈദമാവിൽ പൊതിയുക. എന്നിട്ട് വീണ്ടും പരത്തിയെടുക്കുക. ഫ്രൈപാനിലോ ചീനചട്ടിയിലോ എണ്ണയിൽ ഇവ വറുത്തെടുക്കാം. ഇളം ചുവപ്പു നിറം കാണുമ്പോൾ വാങ്ങിവയ്ക്കുക. 

നെയ്യോ ചമ്മന്തിയോ ചേർത്തു കഴിക്കാം. രണ്ടു ദിവസം വരെ ഇത് കേടുകൂടാതിരിക്കും.