Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഷസൂര്യൻ അസ്തമിക്കുന്നു, പേരുകേട്ടതു പേരയ്ക്ക

വി. മിത്രൻ
Guava juice

അസ്തമിക്കുകയാണ്..ഇന്ന് സൂര്യൻ അങ്ങ് അറബിക്കടലിൽ താഴുമ്പോൾ, തീരുകയാണ് ഒരു വർഷം. ആഘോഷങ്ങളും ആഹ്ലാദങ്ങളും പങ്കുവയ്ക്കാൻ നമ്മൾ ഒത്തുചേരാറുള്ള കടപ്പുറത്തെ മണൽ‍ത്തരികൾക്ക് എത്രയെത്ര കഥകൾ പറയാനുണ്ടാവും.

വരാനിരിക്കുന്നതു പ്രതീക്ഷകളുടെ വർഷമാണ്. 2018 നമുക്കു തന്ന സമ്മാനമാണ് തിരക്കിൽ മുങ്ങിയ സൗത്ത്ബീച്ച്. അങ്ങു തെക്ക് മുഖദാറിൽനിന്ന് കോതി വരെയുള്ള കടപ്പുറം നോക്കൂ. വോക്ക്‌‌വേയുടെ പണികൾ തകൃതിയായി നടക്കുകയാണ്. ഈ വർഷം പണികൾ പൂർത്തിയാവുമ്പോൾ ദക്ഷിണേന്ത്യയിലെ ദൈർഘ്യമേറിയ ബീച്ചുകളിലൊന്നായി നമ്മുടെ കടപ്പുറം മാറും.

ഓർമക്കല്ലുകൾ...

കടപ്പുറത്തെ റോഡിനു കിഴക്ക് കണ്ണംപറമ്പ് പള്ളിയുടെ പറമ്പ് പരന്നുകിടക്കുകയാണ്. എത്രയെത്ര മീസാൻകല്ലുകൾ. എത്രയെത്ര മൈലാഞ്ചിച്ചെടികൾ. ഈ നഗരത്തിന്റെ ചരിത്രശേഷിപ്പുകൾ, ആരാരുമറിയാത്ത കഥകൾ ഈ മണ്ണിൽ ഉറങ്ങിക്കിടക്കുന്നുണ്ടാവും. വർഷങ്ങളും ദിവസങ്ങളും കൊഴിഞ്ഞുപോവും, ഇത്രയേയുള്ളൂ ജീവിതം എന്ന സത്യം തിരിച്ചറിയാൻ ഇടയ്ക്ക് ഈ പറമ്പിലൂടെ ഒന്നു കണ്ണോടിച്ചാൽ മതി. കവി പാടിയതുപോലെ, എത്ര കൊറ്റക്കുടകളാണ് യുഗങ്ങളിൽ കുത്തിനിർത്തിയ മുത്തണിക്കൂണുകൾപോലെ ഇവിടെ തകർന്നടിഞ്ഞു കിടക്കുന്നത്.

കഴിഞ്ഞ മേയ് മാസത്തിൽ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപ്പ കൊണ്ടുപോയ ജീവനുകളിൽ ഒന്ന് ഈ പറമ്പിൽ അവസാന നിദ്രയിലാണ്.

വാർത്തയിലെ താരം

നിപ്പ...പോയ വർഷം നമ്മളെ പിടിച്ചുലച്ച മൂന്നു ദുരിതങ്ങളിൽ ആദ്യത്തേത്. ലോകം മുഴുവൻ കോഴിക്കോട്ടേക്ക് ഉറ്റുനോക്കിയ നാളുകൾ. രോഗബാധിതർ ഒന്നൊന്നായി മരിച്ചുവീണത് കണ്ടുനിന്ന നാളുകൾ. നിപ്പകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വില്ലന്മാരാണ് വവ്വാലുകൾ. നിപ്പ രോഗവുമായെത്തിയ ഡ്രാക്കുളകളായാണ് വവ്വാലുകളെ നമ്മൾ കണ്ടത്.

വവ്വാലുകൾക്കൊപ്പം പ്രതിസ്ഥാനത്തുനിർത്തപ്പെട്ട കക്ഷിയാണ് പേരയ്ക്ക. വവ്വാൽ കടിച്ച പേരക്കയിൽനിന്നാണ് രോഗം പകർന്നതെന്ന നിഗമനമാണ് പേരയ്ക്കയെ ചർച്ചാകേന്ദ്രമാക്കി മാറ്റിയത്. അതുകൊണ്ട് പേരയ്ക്കയായിരിക്കാം പോയ വർഷം നമ്മൾ കോഴിക്കോട്ടുകാരുടെ വാർത്താതാരം. കഴിഞ്ഞ വർഷം ഇത്രയേറെ നമ്മളെ സ്വാധീനിച്ച മറ്റൊരു രുചി വേറെ കാണില്ല.

കാലമിങ്ങനെ കുതിച്ചുപായുകയാണ്. ചങ്ങരോത്തുനിന്ന് പരിശോധനയ്ക്കയച്ച പേരയ്ക്ക സാംപിളുകളിൽനിന്ന് നിപ്പവൈറസ് പടർന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ല എന്നതു ചരിത്രം. കേരളത്തിൽനിന്നുള്ള പഴങ്ങൾക്കും ഭക്ഷണത്തിനുമൊക്കെ വിദേശങ്ങളിലടക്കം വിലക്കുനേരിട്ടതു മാത്രമാണ് മിച്ചം.

പേരയ്ക്ക: 

ഈ വർഷത്തെ രുചി

പേരയ്ക്കയുടെ രുചി ഓർത്താൽ അതൊന്നു പരീക്ഷിക്കാതെ വിടുന്നത് ശരിയല്ലല്ലോ. എല്ലാവർക്കും അത്ര പ്രിയപ്പെട്ടതല്ല പേരയ്ക്കയുടെ രുചി. എങ്കിലും ആ രുചി പലർക്കും പോയകാലത്തിലേക്കുള്ള തിരിച്ചുപോക്കാണ്. പേരയ്ക്ക കാലമല്ല, ഇത്.എങ്കിലും പേരയ്ക്ക ജ്യൂസ് തേടിയുള്ള നടത്തം ചെന്നുനിന്നതു ദേശി ക്യൂപ്പയുടെ മുന്നിലാണ്. പറഞ്ഞുതീരുംമുൻപേ ഒരു കുപ്പി ഗുവ ഷെയ്ക്ക് മുന്നിലെത്തി. ചിന്തകൾ തണുത്തുറയുന്നത്ര തണുപ്പ്. ദീർഘനിശ്വാസങ്ങൾ തണുത്തുപെയ്യുന്നു. ഇനി നാളെ, പ്രതീക്ഷകളുടെ പുലരിയിലേക്ക്...