Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹം നിറച്ച ഉപ്പുമാവ്

ഉണ്ണി കെ. വാരിയർ
Author Details
uppumav

‘അമ്മേ ഇന്നു രാവിലെ എന്താണ് ?

ഉപ്പുമാവ് 

അയ്യോ. ’ 

എത്രയോ വീടുകളിൽ ഇതു കേട്ടിട്ടുണ്ടാകും. ഉപ്പുമാവ് എന്നു  കേൾക്കുമ്പോഴുള്ളൊരു ഞെട്ടൽ. എന്നാൽ വിദേശത്തുനിന്നു ലീവിനെത്തിയ ദിവസം വൈകിട്ട്  ഉപ്പുമാവു കഴിക്കാൻ വേണ്ടി ഹോട്ടലിലേക്ക് ഓടുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ടോ. ശ്രീ രാധാകൃഷ്ണ കോഫി ക്ലബ് എന്ന ഹോട്ടലിലെ ഉപ്പുമാവു തലമുറകളുടെ നൊസ്റ്റാൾജിയയാണ്. 75 വർഷമായി തൃശൂർ എംഒ റോഡിൽ ഈ ഉപ്പുമാവിന്റെ രുചി കാത്തിരിപ്പുണ്ട്. 

പത്തൻസ് ഹോട്ടലിൽ ജോലി ചെയ്യാനാണു  മംഗലാപുരത്തുനിന്നും  തുളു ബ്രാഹ്മണനായ ഗോപാലകൃഷ്ണൻ എമ്പ്രാന്തിരി തൃശൂരിലെത്തിയത്. വൈകാതെ സഹോദരൻ നാരായണൻ എമ്പ്രാന്തിരിയും മറ്റു സഹോദരങ്ങളുമെത്തി. ഗോപാലകൃഷ്ണൻ‌ എമ്പ്രാന്തിരിയാണ് 1943ൽ ശ്രീ രാധാകൃഷ്ണ കോഫി ക്ലബ് തുടങ്ങുന്നത്. പൂട്ടിക്കിടന്നിരുന്ന താജ്‌മഹൽ എന്ന ഹോട്ടൽ അദ്ദേഹം വിലയ്ക്കു വാങ്ങുകയായിരുന്നു. നാലു മേശയുള്ളൊരു കാപ്പിക്കട. 

നിറയെ വിഭവങ്ങളുണ്ടായിരുന്ന രാധാകൃഷ്ണയിലെ  ഉപ്പുമാവും മസാലദോശയും അന്നുതന്നെ ഹിറ്റായി. 75 വർഷമായി അതു തുടരുന്നു. ഭക്ഷണത്തിനു കാര്യമായി നീക്കിവയ്പില്ലാത്ത എത്രയോ പേരുടെ അത്താണിയായിരുന്നു രാധാകൃഷ്ണ. അവർക്കുവേണ്ടിയാണു കുറച്ചു പണത്തിനു വയർ നിറയെ ഉപ്പുമാവു നൽകാൻ തുടങ്ങിയത്. നഗരത്തിലെ എത്രയോ കുട്ടികൾ പഠനകാല പട്ടണി മറികടന്നത് ഈ ഹോട്ടലിലൂടെയാണ്. കാശിനു കടും പിടുത്തമില്ലാതെ അന്നു കുട്ടികൾക്കു ഭക്ഷണം നൽകുമായിരുന്നു. പിന്നീടു വളർന്നു വലുതായി വിദേശത്തു ശാസ്ത്രജ്‍ഞരും സാമ്പത്തിക വിദഗ്ധരുമായി മാറിയവർ കുട്ടികളുമായി ഇവിടെയെത്തി ഉപ്പുമാവും മസാല ദോശയും കഴിച്ചു ഫോട്ടോയെടുത്തു പോയി. അവർ കൗണ്ടറിൽ കൈ കുത്തിനിന്നു സ്നേഹപൂർവം പഴയ കാലം ഓർമിക്കുകയും ചെയ്യുന്നു. 

വയർ നിറയണം

ഇവിടത്തെ ഉപ്പുമാവിന്റെ പ്രത്യേകത അതു വല്ലാതെ വറ്റിക്കില്ല എന്നതാണ്. വെളിച്ചെണ്ണയിൽ മാത്രമേ ഉണ്ടാക്കൂ.  ഉപ്പുമാവിന്റെ അളവുപാത്രം 50 കൊല്ലം മുൻപു നിശ്ചയിച്ചതാണ്. ഇന്നും അതേ അളവിലാണു നൽകുന്നത്. വയറു നിറയെ എന്നതാണു ലക്ഷ്യം.അതുകൊണ്ടുതന്നെ പാത്രം വലുതാണ്. ഇന്നു പലർക്കും അത്രയും േവണ്ടെങ്കിലും പാത്രം മാറിയിട്ടില്ല.  അതീവ ശ്രദ്ധയോടെയാണു റവ തിരഞ്ഞെടുക്കുന്നത്. ഓരോ ദിവസവും പല തവണ ഉപ്പുമാവുണ്ടാക്കും . റവ വറുത്ത ഉടനെ ഉപ്പുമാവാക്കുകയാണു ചെയ്യുക. അല്ലാതെ വറുത്തു സ്റ്റോക്കു ചെയ്യില്ല. 

കുട്ടിക്കാലത്തു മസാലദോശ മോഹിച്ച പലർക്കും താങ്ങാവുന്ന വിലയ്ക്ക് അതു നൽകിയതും എമ്പ്രാന്തിരിയാണ്. മസാല ഉണ്ടാക്കാനും ദോശ ഉണ്ടാക്കാനും ഇവിടെ പ്രത്യേക പാചകക്കാരാണ്. ശരിക്കും രണ്ടു വിദഗ്ധർ ചേർന്നുണ്ടാക്കുന്ന മസാല ദോശ. രാധാകൃഷ്ണയിലെ മസാല ദോശ 50 വർഷമായി ഉണ്ടാക്കുന്നതു രണ്ടു പാചകക്കാർ ചേർന്നാണ്. പരമാവധി വലുപ്പത്തിൽ ഉണ്ടാക്കിക്കൊടുക്കുക എന്നതാണു രാധാകൃഷ്ണയുടെ പാരമ്പര്യം. കാറ്ററിങ് എന്ന വാക്കു പരിചിതമാകുന്നതിനു മുൻപു ടീ പാർട്ടി നടത്താൻ വിഭവങ്ങൾ തന്റെ വാക്സ്ഹാൾ കാറിൽ ഷൊർണൂരും ചാലക്കുടിയിലും വടക്കാഞ്ചേരിയിലുമെല്ലാം നാരായണൻ എമ്പ്രാന്തിരി എത്തിച്ചുകൊടുക്കുമായിരുന്നു. അന്നു ഈ ‘ഹോട്ടൽ കാറി’നെ കൗതുകത്തോടെയാണു കല്യാണ വീടുകളും യാത്രയയപ്പു സമ്മേളനങ്ങളും  കാത്തുനിന്നിരുന്നത്. ഇന്നും ആഘോഷങ്ങൾക്ക് ഉപ്പുമാവും മസാലദോശയും പ്രത്യേകമായി ഉണ്ടാക്കിക്കൊടുക്കാറുണ്ട്. പലരും അവരുടെ കൂട്ടായ്മകളിൽ സ്ഥിരമായി ഈ ‘നൊസ്റ്റാൾജിയ’ ചേർക്കുന്നു. 

പണ്ട്, ഷട്ടറില്ലാക്കാലം! 

പണ്ട് ഷട്ടറില്ലാത്ത ഹോട്ടലായിരുന്നു രാധാകൃഷ്ണ. തുറന്നിട്ട വാതിലിനോടടുപ്പിച്ചു ഗോപാലകൃഷ്ണൻ എമ്പ്രാന്തിരിയോ നാരായണൻ എമ്പ്രാന്തിരിയോ കിടപ്പുണ്ടാകും. ഏതു പാതിരയ്ക്കും തട്ടിവിളിച്ചു കാപ്പിയോ ദോശയോ ആവശ്യപ്പെടാം.  കയ്യിൽ കാശില്ലാത്തവർക്കായി ഹോട്ടലിലെ ഭക്ഷണം രാത്രി 9നു പുറത്തു സദ്യപോലെ നിരനിരയായി ഇരുത്തി വിളമ്പിക്കൊടുക്കും. ബാക്കി വരുന്ന ഭക്ഷണമല്ല, കാശു കൊടുത്തു കഴിക്കുന്ന അതേ ഭക്ഷണം.  ഇന്നും അതു തുടരുന്നു. 

പണ്ടു കാലത്ത് അതിവിശിഷ്ടമായ മൂന്നു വിഭവം ഇവിടെയുണ്ടായിരുന്നു. ഐസ്ക്രീം, ഫ്രൂട്ട് സലാഡ്, മാമ്പഴം. ഐസ്ക്രീം ഉണ്ടാക്കുന്ന യന്ത്രം സ്വന്തമായി വാങ്ങിയ കേരളത്തിലെ ആദ്യ ഹോട്ടലാണിത്. പൂളിയ മാമ്പഴം പ്ലേറ്റ് നിറയെയാണു നൽകിയിരുന്നത്. അതിനായി മാങ്ങ തേടിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു. ആദ്യമായി തൃശൂരിലേക്കു വലിയ ഗ്രൈൻഡർ കൊണ്ടുവന്നതും ഇവരാണ്. അന്നു മാവരയ്ക്കുന്ന യന്ത്രം വലിയ കാഴ്ചവസ്തുവായിരുന്നു. ഇവിടെ ഊണില്ല. ഉച്ചയ്ക്ക് ബിരിയാണി കിട്ടും. രാവിലെ 7 മുതൽ രാത്രി 9വരെ മുടങ്ങാതെ ദോശകളും ഉപ്പുമാവും കൊടുക്കാൻ വേണ്ടിയാണ് ഊണു തുടങ്ങാത്തത്.