Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചികളുടെ തൃശൂർ പൂരം കാണണോ? നേരെ മാപ്രാണം ഷാപ്പിലേക്ക് വിട്ടോളൂ!

ഉണ്ണി കെ. വാരിയർ

കറി എന്നൊന്നും പറഞ്ഞാൽപ്പോര, കറിയോടു കറി. മാപ്രാണം ഷാപ്പിനോടു ചേർന്നുള്ള ഭക്ഷണശാലയിൽ  കറികളുടെ മേളമാണ്.  തൃശൂരിൽനിന്ന് ഇരിങ്ങാലക്കുട റൂട്ടിൽ 20 കിലോമീറ്റർ പോയാൽ മാപ്രാണമായി. ജംക്‌ഷന് അടുത്തുതന്നെയാണ് ഈ ഭക്ഷണശാല.  അറയ്ക്കൽ ഓപ്പൻ 30 വർഷം മുൻപ് ഓപ്പൻ ഇവിടെ കറികളുടെ മേളം തുടങ്ങി. പിന്നീടതു വളർന്നു വലുതായി. മകൻ ജോയിയുടെ നേതൃത്വമായതോടെ ഷാപ്പുകറികളുടെ കാര്യത്തിൽ മാപ്രാണം നെഞ്ചുവരിച്ചു നിൽക്കാൻ തുടങ്ങി. 

ഞായറാഴ്ചകളിൽ ഇവിടെ 26 കറിവരെ കാണും. നാടൻകോഴി, നാടൻ മീൻ, ഞണ്ട്, പോർക്ക്, പൊടിമീൻ,കരിമീൻ, താറാവ്,മുയൽ,ആട്ടിൻതല,ബീഫ് തുടങ്ങിയവകൊണ്ടു പലതരം കറികളുണ്ടാക്കും. വെജിറ്റേറിയൻകാർ കടലയും കപ്പയും കൊണ്ടു മനസ്സു നിറയ്ക്കണം. അപ്പവും പത്തിരിയുമുണ്ടാകും.. അത്യാവശ്യക്കാർക്കു ചപ്പാത്തി വരുത്തിക്കൊടുക്കും. 

mapranam-shop മാപ്രാണം ഷാപ്പിനോടു ചേർന്നുള്ള ഭക്ഷണശാലയിലെ വിഭവങ്ങൾ. ചിത്രം : ഫഹദ് മുനീർ

നാടൻ അരവുതന്നെയാണു ഷാപ്പിനെ കറികളുടെ കേന്ദ്രമാക്കിയത്. കൃത്രിമ നിറങ്ങളോ ചൈനീസ് ഉപ്പോ ചേർക്കുന്നില്ല. ഉപയോഗിക്കുന്നതു നാടൻ വെളിച്ചെണ്ണമാത്രം.  മീൻ അതതു ദിവസമേ വാങ്ങൂ. ഫ്രിജ് എന്ന പരിപാടിയില്ല. ഞണ്ടിനെ പല തവണയായാണു കറിവയ്ക്കുക. ജീവനുള്ള ഞണ്ടിനെ കൊണ്ടുവന്നു സ്റ്റോക്കു ചെയ്യും. ആവശ്യത്തിനനുസരിച്ചു കറിവയ്ക്കും. അപ്പനിൽനിന്നും പഠിച്ച കറിക്കൂട്ടുതന്നെയാണു ജോയിയും കുടുംബവും തുടരുന്നത്. പുലർച്ചെ 3ന് കറിവയ്പ്പു തുടങ്ങും. 8ന് കറിവിളമ്പും. രാത്രി 8ന് അവസാനിപ്പിക്കുകയും ചെയ്യും. കറിയുടെ മസാല വീട്ടിൽ തയാറാക്കുന്നതാണ്. ഈ കൂട്ടാണു മാപ്രാണം ഷാപ്പുകറിയെ ആകർഷകമാക്കുന്നത്. ഇതിൽ വലിയ അത്ഭുതമൊന്നുമില്ലെന്നു ജോയി പറയുന്നു, ഒരു കള്ളത്തരവുമില്ലാതെ നാടൻ സാധനം മാത്രം ഉപയോഗിക്കും. 

കോഴിയായാലും ആടായാലും നല്ലതു കിട്ടിയാൽ മാത്രമേ കറിവയ്ക്കൂ. കൂന്തൽ പോലുള്ള വിഭവം വല്ലപ്പോഴാണു കിട്ടുന്നതെങ്കിൽപ്പോലും നല്ലതാണെന്നു ബോധ്യപ്പെട്ടാൽ മാത്രമെ  ഉപയോഗിക്കൂ. 

പൊതുവെ എരിവു കൂടുതലാണ്. ഒരു ഓർഡറിൽ അതു കുറയ്ക്കുക പ്രയാസവുമാണ്. കാരണം, ഓർഡർ അനുസരിച്ചല്ല കറിവയ്ക്കുന്നത്. കറി ഒരുമിച്ചുവച്ചാലെ രുചി കിട്ടൂ. 

തീർന്നാൽ തിരക്കിട്ടൂവയ്ക്കുന്ന പരിപാടിയും ഇല്ല. വേവാനുള്ള നേരം നല്ലതുപോലെ എടുത്തു മാത്രമെ കറിവയ്ക്കാനാകൂ. എല്ലാ കറികളും കുറേശ്ശെ രുചിച്ചു നോക്കുക എന്നതാണു രീതി. അതുകൊണ്ടുതന്നെ ഇലയിൽ കുറച്ചു മാത്രമെ വിളമ്പൂ. ഒരാൾക്കുള്ള കറിയാണിത്. കറിയോടൊപ്പം വറവുകളുടെ നിരയുമുണ്ട്. ബീഫ്,ചിക്കൻ, മീൻ എന്നിവയെല്ലാം കിട്ടും. 

പത്തിരിയും അപ്പവുമായി കറികളിൽനിന്നു കറികളിലേക്കു യാത്ര ചെയ്യാനാണു മിക്കവരും എത്തുന്നത്. അതും കുടുംബത്തോടെ. കറികൾ വച്ചിരിക്കുന്ന സ്ഥലത്തിനുൾപ്പെടെ നല്ല  വൃത്തിയുണ്ട്. ബുഫെ പോലെ നിങ്ങൾക്കു കറികൾ നേരിൽക്കണ്ട് ആവശ്യപ്പെടാം. ചില കാര്യത്തിൽ ജോയിക്കു പിടിവാശിയുണ്ട്. 

ചെമ്മീനാണെങ്കിൽ കടൽ ചെമ്മീനെ ഉപയോഗിക്കൂ. അല്ലെങ്കിൽ നല്ല വിശ്വാസമുള്ള ഫാമിൽ വളർത്തിയ ചെമ്മീൻ. കഴിക്കുന്ന ആൾക്കു നല്ല അളവിൽ ചെമ്മീൻ കിട്ടണമെന്നു ജോയി പറഞ്ഞു. കടലിൽ കിടന്നു വളരുന്ന ചെമ്മീനിന്റെ രുചി നാടൻ ചെമ്മീനിനില്ലെന്നാണു കറി കഴിക്കുന്നവർ ജോയിയെ പഠിപ്പിച്ച പാഠം.  ഇറച്ചിയുടെ മൂപ്പു കൂടിയാൽപ്പോലും കഴിക്കുന്നവർപറയും. എന്തോ കുഴപ്പമുണ്ടല്ലോ എന്ന്. അതുകൊണ്ടുതന്നെ ഇറച്ചി വളരെ സൂക്ഷിച്ചേ എടുക്കൂ എന്നു  ജോയി. നോൺ വെജിറ്റേറിയൻകാരെ സംബന്ധിച്ചിടത്തോളം മാപ്രാണം കലക്കൻ പരിപാടിയാണ്.