Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോക്ലേറ്റൊക്കെ എന്ത്, നാരങ്ങാ മിഠായി അല്ലേ മിഠായി!

orange-flavoured-candy

പണ്ടു സ്കൂൾ പടിക്കൽ മാത്രം ലഭിച്ചിരുന്ന മിഠായികൾക്ക് ഇന്നു സ്ഥാനം ഹൈപ്പർ മാർക്കറ്റുകളിലെയും സൂപ്പർമാർക്കറ്റുകളിലെയും ഷെൽഫുകളിൽ. ഇറക്കുമതി ചെയ്ത ചോക്കലേറ്റുകൾക്കൊപ്പമാണ്, ഇടക്കാലത്ത് പലരും പറഞ്ഞുതള്ളിയ ഈ പഴഞ്ചൻ മിഠായികൾക്ക് ഇപ്പോൾ ഇടം കിട്ടിയത്. നാരങ്ങാമിഠായി, ജല്ലിമിഠായി, ജീരകമിഠായി, കപ്പലണ്ടിമിഠായി, പല്ലൊട്ടി, പുളിമിഠായി... ഗൃഹാതുരത്വം അലയടിക്കാൻ തുടങ്ങിയതോടെ മിഠായി വിപണിയിൽ പഴയകാലത്തെ ഈ ഐറ്റംസെല്ലാം പുതിയ വേഷത്തിലെത്തിയിരിക്കുന്നു. ആവശ്യക്കാരേറെയായതോടെ കേരളത്തിനകത്തും പുറത്തും ഇവയ്ക്കു നല്ല മാർക്കറ്റുണ്ട്. മറ്റെല്ലാ മിഠായികളും കുട്ടികളാണു വലിയ പങ്കും തിന്നുതീർക്കുന്നതെങ്കിൽ ഈ പഴയകാല താരങ്ങളെ അകത്താക്കുന്നവരിൽ മുതിർന്നവരാണ് ഏറെയും.

വർണക്കടലാസിൽ പൊതിഞ്ഞ വിദേശമിഠായികൾ നിറഞ്ഞ സൂപ്പർമാർക്കറ്റുകളിലാണു നാരങ്ങാമിഠായിക്കു വിഐപി സ്ഥാനം ലഭിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട മധുരമായി മാറിയ നാരങ്ങാമിഠായി തേടിവരുന്നവരെ നിരാശപ്പെടുത്താൻ പറ്റാത്തതിനാൽ എല്ലായിടത്തും ഇവയ്ക്കു സ്ഥാനം ലഭിച്ചുകഴിഞ്ഞു. നഗരത്തിലെ ഒട്ടെല്ലാം സൂപ്പർമാർക്കറ്റുകളിലും പഴയകാല മിഠായികളിൽ പലതും ഇടം കണ്ടെത്തിയിട്ടുണ്ട്.

mittai


എറണാകുളം മുതൽ കോഴിക്കോട് വരെ 5 ജില്ലകളിലെ സപ്ലൈകോ മാർക്കറ്റുകളിൽ ഈ മിഠായികൾ വിതരണം ചെയ്യുന്ന കമ്പനികളിലൊന്നു പ്രവർത്തിക്കുന്നതു തൃശൂർ ജില്ലയിലാണ്. അവിടെനിന്നു മാത്രം പ്രതിമാസം 60,000 രൂപയുടെ മിഠായി 5 ജില്ലകളിൽ വിതരണം ചെയ്യുന്നുണ്ട്. ഈ രീതിയിൽ കേരളത്തിൽ മിഠായി വിതരണം ചെയ്യുന്ന കമ്പനികൾ കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടേറെയെണ്ണം പ്രവർത്തിക്കുന്നുണ്ട്.

എല്ലാർക്കുമിഷ്ടായി

നാരങ്ങാമിഠായിയുടെ വിപണി തിരിച്ചറിയാൻ നടത്തിയ പരീക്ഷണത്തെക്കുറിച്ചൊരു  അനുഭവപാഠമുണ്ട്. അതിങ്ങനെ: ആദ്യമായി നാരങ്ങാമിഠായി പായ്ക്ക് ചെയ്തു കടകളിലൊന്നിൽ പരീക്ഷണാർഥം വിൽപനയ്ക്കെത്തിച്ചു. അടുത്ത ദിവസം പരീക്ഷണഫലം അറിയാൻ ചെന്നപ്പോൾ സാധനം കാലി. വിതരണക്കാരനു സന്തോഷം. വിൽപന സംബന്ധിച്ചു കൂടുതലറിയാൻ അന്വേഷിച്ചപ്പോൾ കടയുടമ പറഞ്ഞത്, അതു പുറത്തുനിന്നാരും വാങ്ങിക്കൊണ്ടുപോയതല്ലെന്നും കടയിലുള്ളവർതന്നെ തിന്നുതീർത്തതാണെന്നുമാണ്.

എറണാകുളം ഉൾപ്പടെ പല ജില്ലകളിലും ഇത്തരം മിഠായികളുടെ മൊത്തവിൽപന നടത്തുന്ന വ്യാപാരികളിലൊരാളായ തൃശൂർ പാട്ടുരായ്ക്കൽ കൈരളി ഫുഡ് പ്രോഡക്ട്സ് ഉടമ എം.എസ്. രാജീവൻ പറയുന്നത്, കുട്ടികളല്ല ഈ മിഠായികളുടെ പ്രധാന ഉപയോക്താക്കളെന്നും  മുതിർന്നവരാണെന്നുമാണ്. പലർക്കും ഇതു നൊസ്റ്റാൾജിയയെ താലോലിക്കുന്ന ഒന്നായി മാറി.

ഓർമകളുടെ മധുരം

പഴയകാല മിഠായികളുടെ കേരള വിപണിയിലേക്കുള്ള തിരിച്ചുവരവ് അത്ഭുതപ്പെടുത്തുന്നതാണ്. ഓർമകളെ താലോലിക്കാനുള്ള  മലയാളി മനസിന്റെ താൽപര്യമാണ് ഈ മിഠായികൾക്കു പുതിയ വിപണി നേടിക്കൊടുത്തത്. നാരങ്ങമിഠായി ആദ്യം ചുരുങ്ങിയ വിലയ്ക്കു ചെറുകിട ഉൽപാദകരാണു വിപണിയിലെത്തിച്ചതെങ്കിൽ ഇപ്പോൾ നിലവാരം കൂടിയ ഉൽപാദകരും കൂടിയ വിലയ്ക്കു വിപണിയിലെത്തിക്കുന്നുണ്ട്.
      
പണ്ടു സ്കൂളിൽ പോയിരുന്നപ്പോൾ വാങ്ങിക്കഴിച്ചിരുന്നുവെന്ന ഓർമയുടെ ബലമാണ്, ആ ഓർമയോടൊപ്പം താലോലിക്കുന്ന പഴയകാലമാണ് ഈ മിഠായികൾ വീണ്ടും തേടിപ്പോകാൻ മലയാളിയെ പ്രേരിപ്പിക്കുന്നത്. പലരും തങ്ങളുടെ മാറിയ ആരോഗ്യസ്ഥിതിപോലും അവഗണിച്ചാണു മധുരമാർന്ന ഈ ഓർമകൾ ആകത്താക്കുന്നതെന്ന പരാതിയും വീടുകളിൽനിന്ന് ഉയരുന്നുണ്ട്.

school-mittai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.