Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചായ ചട്ടീലാ? അതും മ്മടെ തൃശൂര്, പൊളിച്ചൂലോ ഗഡ്യോളെ

ഉണ്ണി കെ. വാരിയർ
Author Details

ചായ ചട്ടിയിൽ. അതും കനലിൽ പഴുത്ത ചട്ടിയിൽ. തന്തൂർ ചായ കേരളത്തിലെത്തിയിട്ടു കുറെയായെങ്കിലും തൃശൂരിലേക്കു വന്നത് അടുത്ത കാലത്താണ്. തലശ്ശേരി ചെറുകടികളുടെ പിന്തുണയോടെ വന്ന ഈ തന്തൂർ ചായയാണ് ഇപ്പോഴത്തെ ചൂടുള്ള താരം.

പുഴയ്ക്കൽ ഫുഡ് മാളിലെ ടീ ഹബ്ബിലാണ് തന്തൂർ ചായ എത്തിയത്. തന്തൂർ അടുപ്പിലിട്ടു പൊള്ളിച്ച മണ്ണുകപ്പുകളിലേക്കു പകരുന്ന ചായയാണിത്. ചിലയിടത്തു ഇതു മണ്ണുകപ്പുകളിൽ കൊടുക്കും. ടീ ഹബ്ബിൽ ഇതു നൽകുന്നതു പിത്തള ഗ്ളാസിലാണ്. മസാല ചായയാണു തന്തൂർ ചായയാക്കി നൽകുന്നത്. ചൂടും മണ്ണിന്റെ മണവുമെല്ലാം ഈ ചായയെ രുചിയുള്ളതാക്കുന്നു. ഇഞ്ചി ചായ, മസാല ചായ, സുലൈമാനി, നാരങ്ങാ ചായ, ഏലക്കാ ചായ അങ്ങനെ ചായയുടെ വിവിധ രുചികളും ഇവിടെയുണ്ട്. വീട്ടിലെ പശുവിന്റെ പാൽകൊണ്ടാണു ചായയുണ്ടാക്കുന്നത്. കവർ പാലിലല്ല. പഴയ രീതിയിലുള്ള സമോവർ ചായ തന്നെ.



ഇതോടൊപ്പം ടീ ഹബ്ബിൽ തലശ്ശേരി ചെറുകടികളുമുണ്ട്. ഇലയട, കയ്പോള, പഴം നിറവ്, പഴം നാളികേര റോസ്റ്റ്, ചട്ടിപ്പത്തിരി, കോഫി ബൺ, ഏലാഞ്ചി, ബീഫിന്റെയും ചിക്കന്റെയും കുഞ്ഞിപ്പത്തലുകൾ, ബൺ നിറവ്, ബീഫ് പത്തിരി, ചെമ്മീൻ നിറവ്, ചിക്കൻ പത്തൽ, റോളുകൾ, പൊറോട്ട റോളുകൾ, വടകൾ, ബോണ്ടകൾ തുടങ്ങി പട്ടിക നീളുകയാണ്.


കടികളുടെയും സാദാ ചായയുടെയും കട 9 മണിയോടെ തുറക്കും. തന്തൂർ ചായ 3 മണിക്കും. പ്രധാന റസ്റ്ററന്റ് അടയ്ക്കുന്നതോടെ ടീ ഹബ്ബ് ന്യൂ ജനറേഷൻ തട്ടുകടയായി മാറും. പുലർച്ചെ രണ്ടുവരെ ഇവിടെ ഫ്രൈഡ് റൈസ്, ചപ്പാത്തി, പൊറോട്ട, കറികൾ, ജ്യൂസ് തുടങ്ങിയവ കിട്ടും. 0487 2381111.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.