Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാൽചുരത്തുന്ന പൂമീദേവി

വി. മിത്രൻ
palakkad-paddy

നാടൊട്ടുക്ക് മഷിയിട്ടു നോക്കിയാൽ കണ്ടുകിട്ടാത്ത ഒരു വിഭാഗമായി കർഷകർ മാറിക്കഴിഞ്ഞു. (ജൈവകൃഷിയും ഗ്രോബാഗുമൊക്കെ വിട്ടേക്കൂ). പാടത്ത് നെല്ലുവിതച്ച്, കൊയ്ത്, മെതിച്ച് നെല്ലു കുത്തി അരിയാക്കുന്ന എത്രപേരുണ്ട്? കേരളത്തിലെ ആദിമഗോത്ര വിഭാഗങ്ങളെ പരാമർശിക്കുന്ന സിനിമകൾ ശ്രദ്ധിച്ചിട്ടുണ്ടോ? കാട്ടിൽനിന്നു കിട്ടുന്ന പഴങ്ങളും ഇറച്ചിയുമൊക്കെ മാത്രമാണ് അവർ കഴിക്കുന്നത് എന്ന കളിയാക്കലുകൾ സ്ഥിരമാണ്. ആദിവാസി ഭക്ഷണരീതികളെ കളിയാക്കി അവതരിപ്പിച്ച എത്രയെത്ര മലയാള സിനിമകളുണ്ട്? കേരളത്തിലെ ആദിമവിഭാഗങ്ങൾ ഭക്ഷ്യധാന്യങ്ങൾ കൃഷി ചെയ്യുന്നതിൽ വിദഗ്ധരാണ്. പല തരം കൃഷി രീതികളിലൂടെ അവർ ശുദ്ധമായ ധാന്യവും പച്ചക്കറികളും ഉൽപാദിപ്പിക്കാറുണ്ട്. 

പാൽചുരത്തുന്ന പൂമീദേവി 

മണ്ണിനെ അമ്മയായി കാണുന്നതാണ് ഇടുക്കിയിലെ ഊരാളി സമുദായക്കാരുടെ വിശ്വാസം. മക്കളായ മനുഷ്യർക്ക് വിശപ്പടക്കാൻ മുലചുരത്തുന്ന അമ്മയാണ് ‘പൂമീദേവി’. സംശയമുണ്ടെങ്കിൽ വിള‍ഞ്ഞുവരുന്ന നെല്ലു പൊട്ടിച്ചുനോക്കൂ. നെല്ലിനകത്ത് പൂമീദേവിയുടെ മുലപ്പാലാണെന്ന് ഊരാളി സമുദായക്കാർ പറയുന്നു. ആ അമ്മയുടെ വാത്സല്യം കൊയ്തെടുക്കാൻ ഏറെ പ്രാർഥനയും പൂജയും നടത്തിയാണ് എല്ലാ ഗോത്രങ്ങളും കൃഷിയിറക്കുന്നത്. 

 കൃഷി, കാട്,കൃഷി, കാട്... 

വയനാട് അടക്കമുള്ള ചില പ്രദേശങ്ങളിലെ ചുരുക്കംചില ഗോത്രവർഗങ്ങൾ മാത്രമാണ് സ്ഥിരംകൃഷി നടത്താറുള്ളൂ. മറ്റുവിഭാഗങ്ങൾ പുനംകൃഷി എന്ന കൃഷിരീതിയാണ് ഉപയോഗിക്കുന്നത്. മാറ്റകൃഷി, പൊനംകുത്ത്, ചേരിക്കൽ കൃഷി എന്നൊക്കെ പേരുകളുണ്ട്. നിലം ഇളക്കിമറിച്ച് കൃഷി ചെയ്യുന്ന രീതിയല്ല പുനംകൃഷി. കാടുവെട്ടി കൃഷിഭൂമിയാക്കി മാറ്റുന്ന ഒരു സ്ഥലത്ത് ഒരു തവണ കൃഷിയിറക്കി വിളവെടുത്താൽ അടുത്തതവണ അതേ സ്ഥലത്ത് വിത്തുവിതയ്ക്കില്ല. വിളവെടുപ്പിനുശേഷം ആ ഭൂമി വീണ്ടും കാടായി മാറുന്നതുവരെ ഒഴിച്ചിടും. അടുത്ത തവണ പുതിയ കൃഷിഭൂമി കണ്ടെത്തി അവിടെ കൃഷിയിറക്കും. അപ്പോഴേയ്ക്ക‌ും പഴയഭൂമി പൂർവസ്ഥിതിയിലാവും. കൃഷി കഴിഞ്ഞ ശേഷം വൈക്കോൽ പാടത്തിട്ടു കത്തിക്കുന്നതാണ് കുട്ടനാട് അടക്കമുള്ള മേഖലകളിൽ കാണാറുള്ളത്. എന്നാൽ ഗോത്രവിഭാഗം ഇങ്ങനെ ചെയ്യാറില്ല. വൈക്കോൽ പാടത്തിട്ടു കത്തിക്കുന്നത് പൂമീദേവി കോപിക്കാൻ ഇടയാവും. പിന്നെ ആ മണ്ണിൽ കൃഷി പിടിക്കില്ല. 

പല വിഭാഗം, പല രീതി 

പഴശ്ശിരാജയുടെ വലംകൈയായിരുന്ന കുറിച്യർ മുതൽ ഇടുക്കി കോഴിമലയിലെ കാണിക്കാർ‍ വരെയുള്ള പല വിഭാഗങ്ങൾ പുനംകൃഷിയുടെ പല രീതികളും പരീക്ഷിക്കുന്നവരാണ്. അവരെല്ലാവരും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കും. മണ്ണിനെ നോവിക്കാതിരിക്കാൻ, മണ്ണ് വിഷമയമാവാതിരിക്കാൻ, മണ്ണിലെ മറ്റു ജീവികളെ നശിപ്പിക്കാതിരിക്കാൻ. വിഷവസ്തുക്കളിട്ട് മറ്റുജീവികളെക്കൊന്ന്, വിഷംകലർന്ന മണ്ണിൽ വിഷം തളിച്ചു കൃഷിയിറക്കി അതുഭക്ഷിക്കാൻ അവർ നമ്മളെപ്പോലെ ‘പരിഷ്കാരികൾ’ അല്ലല്ലോ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.