Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടൻ ഉണക്കയിറച്ചി ഇടിച്ചത്

രേഖാ രഘുനാഥ്

ചിത്രങ്ങൾക്ക് കടപ്പാട് : മനുപ്രമദ്

ഉണങ്ങിയ ഇറച്ചി കൊണ്ട് തയാറാക്കാവുന്ന സ്വാദുള്ളൊരു വിഭവമാണ് ഇടിച്ച ഇറച്ചി. നല്ല ബീഫ് കഷണങ്ങൾ മഞ്ഞൾപൊടിയും ഉപ്പും കുരുമുളകും തിരുമ്മി വെയിലുണ്ടെങ്കിൽ വെയിലുകൊള്ളിച്ചും അതല്ലെങ്കിൽ അടുപ്പിന്റെ ചൂടിലും ഉണക്കിയെടുക്കാവുന്നതാണ്. ആധുനിക സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത്  പെട്ടെന്ന് വീട്ടിലേക്ക് അതിഥികളെത്തുമ്പോൾ ഇങ്ങനെ ഉണങ്ങി സൂക്ഷിക്കുന്ന ഇറച്ചിയിടിച്ചതായിരുന്നു ഊണിന് സ്പെഷലായി കൊടുത്തിരുന്നത്. ഒരൽപം ഗൃഹാതുരതയോടെ ഉണക്കയിറച്ചിയിടിച്ച കൂട്ടെങ്ങനെയെന്ന് നോക്കാം.

idiyirachi ചിത്രം : മനുപ്രമദ്

ഉണങ്ങിയ ബീഫ് – 7, 8 എണ്ണം
ചെറിയ ഉള്ളി- 100 ഗ്രാം
വെളുത്തുള്ളി- 10, 12 എണ്ണം
ഇഞ്ചി- ഒരു വലിയ കഷണം
കറിവേപ്പില- രണ്ടു തണ്ട്
മുളകുപൊടി- ഒന്നര ടീസ്പൂൺ
ഗരം മസാലപ്പൊടി- ഒരു ടീസ്പൂൺ
കുരുമുളക് പൊടി- അര ടീസ്പൂൺ
പെരുംജീരകം ചതച്ചത്- അര ടീസ്പൂൺ
മഞ്ഞൾ പൊടി- ഒരു നുള്ള്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
വെള്ളം- 200 മില്ലീലിറ്റർ

തയ്യാറാക്കുന്ന വിധം 

ബീഫ് കഷ്ണങ്ങൾ മഞ്ഞൾപൊടിയും ഉപ്പും കുരുമുളകും തിരുമ്മി വെയിലത്താണ് ഉണക്കിയെടുക്കുന്നത്. മൂന്ന് നാല് ദിവസം വെയിലത്തു വച്ച് ഉണക്കിയെടുക്കാം. ഇങ്ങനെ ഉണക്കിവച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങൾ തിളപ്പിച്ച വെള്ളത്തിൽ  അരമണിക്കൂർ ഇട്ടുവയ്ക്കുക. കുതിർന്ന ബീഫ്, വെള്ളത്തിൽ നിന്നും മാറ്റിയതിനു ശേഷം ഒരു കുക്കറിൽ  അരസ്പൂൺ മുളകുപൊടി, ഒരു നുള്ളു  മഞ്ഞൾപ്പൊടി, അല്പം ഉപ്പ്  കറിവേപ്പില എന്നിവ ഇട്ടതിനുശേഷം  വെള്ളമൊഴിച്ചു ഇരുപതു മിനിറ്റോളം ചെറുതീയിൽ വേവിക്കുക. വെന്ത ഇറച്ചി, അടുപ്പിൽ നിന്ന് മാറ്റി, ചെറുതായി കല്ലിൽ വെച്ച് ഇടിച്ചെടുക്കണം.  നല്ലതുപോലെ പൊടിഞ്ഞു കിട്ടിയില്ലെങ്കിൽ  മിക്സിയിൽ ഒന്നടിച്ചു പൊടിയാക്കേണ്ടതാണ്. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിനു ശേഷം വെളിച്ചെണ്ണ ഒഴിക്കുക. പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും പാനിലേക്കിട്ടു മൂത്തതിനുശേഷം ചുവന്നുള്ളി അരിഞ്ഞത് ചേർക്കുക. ചുവന്നുള്ളി മൂത്തുവരുമ്പോൾ, ഇടിച്ചുവെച്ച ഇറച്ചി അതിലേക്കു ചേർക്കണം. തീ കുറച്ചു വെച്ച് ഇളക്കുക. നല്ലതുപോലെ ഡ്രൈ ആയി വരുമ്പോൾ മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, പെരുംജീരകം ചതച്ചത്, ഗരം മസാലപ്പൊടി എന്നിവ ചേർക്കുക. ശേഷം കരിഞ്ഞു പോകാതെ അടുപ്പിൽ നിന്നും മാറ്റുക. ചൂടോടെ ഉപയോഗിക്കുക.