Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഴക്കൂമ്പ് കൊണ്ടൊരു സൂപ്പർ കട്​ലറ്റ്

വിനിത കെ.
Cutlet

വാഴയുടെ ഹൃദയം എന്നറിയപ്പെടുന്ന വാഴക്കൂമ്പ് അഥവാ കുടപ്പന് വാഴപ്പഴത്തേക്കാൾ ആരോഗ്യ ഗുണങ്ങളുണ്ട്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കും. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫൈബർ എന്നി  പോഷക ഗുണങ്ങളാൽ സമ്പന്നമായതിനാൽ സൂപ്പർ ഫുഡിന്റെ ഗണത്തിലാണ് വാഴക്കൂമ്പ്. കൂടാതെ രോഗ പ്രതിരോധത്തിനും ഉത്തമം. നല്ലൊരു പോഷകസമൃദ്ധമായ കട്​ലറ്റ് വാഴക്കൂമ്പ് കൊണ്ടു തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ ..

വാഴക്കൂമ്പ് പൊടിയായിട്ട് അരിഞ്ഞത് – ഒരു കപ്പ്
വലിയ സവോള – 1
ഉരുളക്കിഴങ്ങ് – 3
പച്ചമുളക് – 2
ഇഞ്ചി – 1 വലിയ സ്പൂൺ
വെളുത്തുള്ളി – 1 വലിയ സ്പൂൺ
മല്ലിയില – ഒരു പിടി
ഗരം മസാല – ഒരു സ്പൂൺ
കുരുമുളക് പൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപൊടി – അര സ്പൂൺ
മുട്ട – 1
റൊട്ടിപ്പൊടി
ഉപ്പ്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙വാഴക്കൂമ്പ് അരിഞ്ഞത് വെള്ളത്തിൽ ഇട്ടു 10 നിമിഷം കഴിഞ്ഞു വെള്ളം ഊറ്റി മാറ്റിവയ്ക്കുക. കിഴങ്ങു വേവിച്ചു ഉടച്ചു വെക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇത്രയും ഇട്ടു മൂത്തുവരുമ്പോൾ ,അരിഞ്ഞുവെച്ച വാഴക്കൂമ്പ് ചേർത്ത് ആവിശ്യത്തിന് ഉപ്പും ചേർത്ത് മൂടിവെച്ചു 5 മിനിറ്റ് വേവിക്കണം.

∙അതിനുശേഷം പൊടികൾ ഒരോന്നും ചേർത്ത് പച്ചകുത്തു മാറുമ്പോൾ വേവിച്ച കിഴങ്ങു ചേർത്ത് മല്ലിയിലയും ചേർത്ത് വാങ്ങാം.

∙ഒരു മുട്ട ഒരു സ്പൂൺ പാലും ചേർത്ത് അടിച്ചു വയ്ക്കാം . തയാറാക്കിയ കൂട്ട് കുറച്ചു തണുത്തതിനു ശേഷം. കട്​ലറ്റ് ഷേപ്പ് ചെയ്തു മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി, ചൂടായ എണ്ണയിൽ വറുത്തു കോരി എടുത്താൽ വാഴക്കൂമ്പ് കട്​ലറ്റ് തയാർ. പുതിന ചട്നീ /ടൊമാറ്റോ കെച്ചപ്പ് എന്നിവ കൂടെ വിളമ്പാവുന്നതാണ്.