Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറൈറ്റി നാടൻ ചിക്കൻ പെരളൻ!

നിധി റോണി
ചിക്കൻ പിരളൻ

ചിക്കൻകറി പലവിധമുണ്ട്, നൂറായിരം വെറൈറ്റിയിൽ  അതുണ്ടാക്കുകയും ചെയ്യാം. എന്നാൽ ചിക്കൻ നമ്മുടെ നാടൻ രീതിയിൽ വയ്ക്കുന്നതിന്റെ രുചി ഒന്നു വേറെതന്നെയാണ്. നാടൻ കറിയിലും അല്പം വ്യത്യാസമൊക്കെ വരുത്തിയുണ്ടാക്കാം സൂപ്പർ നാടൻ ചിക്കൻ പെരളൻ. പണ്ടത്തെ അമ്മച്ചിമാരുടെ രുചിയൂറും ചിക്കന്‍കറിയുടെ ഓർമ നാവിലുള്ളവർക്ക് ഏറെ ഇഷ്ടമാകും ഇത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ചിക്കൻ പെരളൻ എങ്ങനെയുണ്ടാക്കാമെന്നു നോക്കാം. വെറ്റൈറ്റി നാടൻ ചിക്കൻ കറി തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ(നാടൻ ചിക്കനാണെങ്കിൽ രുചിയേറും) നന്നായി വൃത്തിയാക്കുക. അത് ചെറിയ കക്ഷണങ്ങളാക്കി മുറിക്കുക.

ആവശ്യമുള്ള സാധനങ്ങൾ

കോഴിയിറച്ചി – 1 കിലോ
കടുക് – ആവശ്യത്തിന്
തേങ്ങാക്കൊത്ത്– 1 സ്പൂൺ
സവാള – ഇടത്തരം 3 എണ്ണം ചെറുതായി അരിഞ്ഞ് മിക്സിയിൽ ഒന്ന് അരച്ചെടുത്തത്
കറിവേപ്പില – 2 തണ്ട്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 സ്പൂൺ
നാരങ്ങ നീര് – ഒരണ്ണെത്തിന്റെ
തേങ്ങാ പാൽ – കാൽക്കപ്പ്
വെളിച്ചെണ്ണ – വറുക്കാൻ പാകത്തിന്
ഉപ്പ് – ആവശ്യത്തിന്
ചിക്കൻ മസാല – 3 സ്പൂൺ
ഗരംമസാല – 1 സ്പൂൺ
മുളകുപൊടി – 1 ½ സ്പൂൺ
മഞ്ഞൾപൊടി – കാൽ സ്പൂൺ
കുരുമുളകുപൊടി – കാൽ സ്പൂൺ

തയ്യാറാക്കുന്ന വിധം

രണ്ട് സ്പൂൺ ചിക്കൻ മസാലയും ഒരു സ്പൂൺ മുളകുപൊടിയും അര സ്പൂൺ ഗരംമസാലയും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും യോജിപ്പിച്ച് അതിൽ നാരങ്ങനീരും ചേർത്ത അരപ്പ‍ിൽ ചിക്കൻ പത്ത് മിനിറ്റ് മാരിനേറ്റ് ചെയ്തുവയ്ക്കുക. അതിനു ശേഷം പാനിൽ എണ്ണചൂടാക്കി ചിക്കൻ പാതി വറുത്തുകോരുക.

ഇതേ പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിൽ തേങ്ങാക്കൊത്ത് ഇട്ട് ഇളം ബ്രൗൺ നിറമാകുന്നത് വരെ മൂപ്പിക്കുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി മൂപ്പിക്കുക. രണ്ട് വറ്റൽ മുളക് കീറി ഇതിലേയ്ക്കിടാം, ഒപ്പം ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റും കറിവേപ്പിലയും ചേർത്ത് ഇളക്കുക.  ബാക്കിയുള്ള ചിക്കൻ മസാലയും മുളകുപൊടിയും ഗരംമസാലയും ഇതിൽ ചേര്‍ക്കാം. ഈ മിശ്രിതത്തിൽ‌ വറുത്തുവച്ച കോഴി കഷ്ണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കുക. കഷ്ണങ്ങളിൽ അരപ്പ് നന്നായി പിടക്കുന്നതുവരെ ഇളക്കികൊടുക്കാം. ഇതിലേയ്ക്ക് കാൽ കപ്പ് തേങ്ങപാൽ ചേർക്കാം ഇത് അടച്ചുവച്ച് വേവിക്കാം. തേങ്ങാപാലും മസാലയും ചിക്കനിൽ നന്നായി പിടിക്കുന്നതുവരെ ഇളക്കികൊടുക്കാം. ചിക്കൻ നല്ല പെരളൻ പരുവത്തിൽ ആകുന്നത് വരെ ഇളക്കിക്കൊടുക്കാം.  അവസാനം അല്പം വെളിച്ചെണ്ണയൊഴിക്കാം, ഒരു തണ്ട് കറിവേപ്പിലയും ഇട്ട് പാൻ അല്പസമയം മൂടിവയ്ക്കാം. നല്ല നാടൻ ചിക്കൻ പെരളൻ തയാർ. ഈ നാടൻ ചിക്കൻ കറി ചോറിനും ചപ്പാത്തിക്കും അപ്പത്തിനുമൊക്കെ കൂടെ സൂപ്പറാ...