രുചികരമായ അരിയുണ്ട വീട്ടിൽ തയാറാക്കാം

എല്ലാ നാട്ടിലും അരിയുണ്ടയുണ്ടെങ്കിലും കണ്ണൂരിൽ ഉണ്ടാക്കുമ്പോൾ ഒന്നൊന്നര വലുപ്പത്തിൽ ഉണ്ടാകും. ‘സ്ത്രീ’ തന്നെ ധനം എന്നു കരുതുന്നതുകൊണ്ട് പൊന്നിന്റെയും പണത്തിന്റെയും കണക്കു പറയലും അടുക്കള കാണലുമൊന്നും കണ്ണൂരുകാർക്ക് ഇല്ല. ആകെയുള്ള ആഢംബരങ്ങൾ എന്നു പറഞ്ഞാൽ ചെറുക്കന്റെ വീട്ടിലേക്കു വിരുന്നു പോകുമ്പോഴും പ്രസവാനന്തരം ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോഴും കൊണ്ടുപോകുന്ന പലഹാരങ്ങൾ മാത്രമാണ്. പണ്ടുകാലം മുതൽ അരിയുണ്ടകൾ ഇതിൽ വളരെ പ്രധാന സ്ഥാനം വഹിച്ചിരുന്നു. രണ്ടു കൈകൊണ്ടു പിടിക്കേണ്ടി വരുന്ന വലുപ്പമേറിയ അരിയുണ്ടകളായിരിക്കും അവ. പൊട്ടാതെയും പൊടിയാതെയും ഇവ മുറിച്ചെടുക്കുന്നതും ഒരു കല തന്നെയാണ്.

അരിയും ശർക്കയും തേങ്ങയും ഉരലിൽ ഇട്ട് ഇടിച്ചാണ് പണ്ടു കാലത്തു അരിയുണ്ടകൾ തയാറാക്കിയിരുന്നത്. ഉരലിൽ ഇട്ട് ഇടിക്കുന്നതു കൊണ്ടു തന്നെ അസാധ്യ രുചിയായിരുന്നു ഇവയ്ക്ക്. ഉരൽ തന്നെ അപൂർവ വസ്തുവായ ഈ കാലത്തു മിക്സിയിൽ പൊടിച്ചെടുത്തും നല്ല അരിയുണ്ട തയ്യാറാക്കാം.

ചേരുവകൾ

അരി– 1 ഗ്ലാസ്
ശർക്കര– 100 ഗ്രാം
തേങ്ങ – ഒരു മുറി
ഏലയ്ക്ക– 3–4 എണ്ണം

തയാറാക്കുന്ന വിധം

അരി നന്നായി കഴുകി ഉണക്കി വറുത്തെടുക്കുക. നല്ല ബ്രൗൺ കളർ ആകുന്നതു വരെ വറക്കണം. അരിമണിയെടുത്തു കടിച്ചു നോക്കുമ്പോൾ പൊട്ടണം. അതാണു പാകം. ചെറു ചൂടോടെ ഈ അരി നന്നായി പൊടിച്ചെടുക്കണം. അരിയുടെ കൂടെ ഏലയ്ക്കയും ചേർത്ത് പൊടിച്ചെടുക്കുക. ചിരകിയ തേങ്ങയും പൊടിച്ചെടുക്കുക. ശർക്കര ചുരണ്ടിയതും പൊടിച്ചു വച്ചിരിക്കുന്ന തേങ്ങയും അരിപ്പൊടിയും ചേർത്തു നന്നായി തിരുമ്മുക. ഈ മിശ്രിതം ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ പലഹാരം ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം.

ചിത്രം : ഇന്ദു പി. ആർ