Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പനീർപൊള്ളിച്ചത് രുചികരം

മഞ്ജുള പ്രകാശ്
paneer-pollichathu

വെജിറ്റേറിയന്മാർക്ക്  നോൺവെജും നോൺ വെജികൾക്ക് വെജുമായ കക്ഷിയാണ് പനീർ.  പനീർ ജനനം കൊണ്ട് ഇന്ത്യക്കാരനാണ്. പല രുചി വൈവിധ്യങ്ങളിൽ പനീർ ലഭ്യമാണ്. ഇവിടെ വാഴയിലയിൽ പൊതിഞ്ഞ് എണ്ണയിൽ ചുട്ടെടുക്കുന്ന പനീർ, മസാലകളുടെ  സുഗന്ധത്താൽ സമ്പൂർണ്ണമാണ്. ഈ വിഭവം ആരുടെ നാവിലും വെള്ളമൂറിക്കും എന്നതിൽ സംശയം വേണ്ട.  

ഒരു ലിറ്റർ പാലും 1/2 ടീ സ്‌പൂൺ നാരങ്ങാ നീരുമുണ്ടെങ്കിൽ പനീർ ഉണ്ടാക്കാം 

ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക. തിളക്കുമ്പോൾ നാരങ്ങാ നീരു ചേർത്തുകൊണ്ട് നന്നായി ഇളക്കുക. പാൽ നന്നായി കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് അഞ്ച് മിനിറ്റ് ഇറക്കി വയ്‌ക്കുക. പിരിഞ്ഞ പാൽ ഒരു കോട്ടൺ തുണിയിൽ പകർത്തി നന്നായി കെട്ടി വയ്‌ക്കുക. വെള്ളം മുഴുവൻ വാർന്നു പോയിക്കഴിഞ്ഞാൽ പനീർ ചതുരാകൃതിയിൽ ഷെയ്‌പ് ചെയത് മുകളിൽ ഭാരം കയറ്റി രണ്ടു മൂന്നു മണിക്കൂർ വയ്‌ക്കുക. ആവശ്യാനുസരണം മുറിച്ചുപയോഗിക്കാം. കൊഴുത്ത പാലുകെണ്ടുണ്ടാക്കുന്ന പനീറാണ് കേമൻ. എരുമപ്പാൽ ഉത്തമം.അതിനാൽ 69.2 ശതമാനവും ഇതിൽ കൊഴുപ്പാണ്- വാരിവലിച്ചകത്താക്കുമ്പോൾ അൽപം ജാഗ്രത നല്ലതാണ്! 

ചേരുവകൾ

1. പനീർ - 6 കഷ്ണങ്ങൾ
2. കൊത്തമല്ലി - 1/4 കപ്പ്‌
3. കുരുമുളക് - 1/2 ടീ സ്പൂൺ
4. ചുവന്ന മുളക് - 8,9 എണ്ണം
5. പച്ചമുളക് - 2 എണ്ണം
6. ചുവന്ന ഉള്ളി - 6,7 എണ്ണം
7. ഇഞ്ചി - 1/4 ടീസ്പൂൺ
8. വെളുത്തുള്ളി - 5 എണ്ണം
9. ഗരം മസാല - 1/4 ടീസ്പൂൺ
10. വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
11. നാരങ്ങ നീര് - 1 ടേബിൾ സ്പൂൺ
12. ഉപ്പ് - 1 ടീ സ്പൂൺ
13. വാഴയില - 6 ചെറിയ കഷ്ണങ്ങൾ

പാചകരീതി :

• ഒരു പാനിൽ മല്ലി, കുരുമുളക്, വറ്റൽമുളക് എന്നിവ എണ്ണ ഇല്ലാതെ വറുത്തെടുക്കാം, (മുളക് കളർ മാറുന്ന വരെ വറക്കുക).

• അത് തണുത്ത ശേഷം പച്ച മുളക്, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഗരം മസാല, വെളിച്ചെണ്ണ എന്നിവ ചേർത്ത് അരച്ചെടുക്കുക . 

• അരച്ചെടുത്ത പേസ്റ്റിൽ നാരങ്ങ നീരും ഉപ്പും ചേർത്ത് യോജിപ്പിക്കുക. 

• ഇത് പനീർ കഷ്ണങ്ങളിൽ തേച്ചു പിടിപ്പിക്കുക. 

• 30 മിനിറ്റോളം ഫ്രിഡ്ജിൽ വെക്കുക. 

• വാഴയില ഒന്ന് വാട്ടിയെടുക്കുക. 

• അതിന് ശേഷം പനീർ കഷ്ണങ്ങൾ വെച്ച് ഇല പൊതിയുക. 

• ഒരു പാനിൽ 1 ടീ സ്പൂൺ എണ്ണ ഒഴിച്ച് പൊതിഞ്ഞു വെച്ച പനീർ പാക്കറ്റുകൾ വാഴയിലയുടെ നിറം മാറുന്ന വരെ പാനിൽ ഇട്ട് ചുട്ടെടുക്കുക. 

• ചൂടോടെ സ്റ്റാർട്ടർ ആയോ ചപ്പാത്തിക്കൊപ്പമോ കഴിക്കാം.