Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ട ബിരിയാണി ഇങ്ങനെ പരീക്ഷിച്ചു നോക്കൂ...

സോഫി കുറിയാക്കോസ്
Egg Biriyani

േവവിച്ചെടുത്ത മുട്ട മസാലയും  പാതിയിലും കുറച്ചധികം വേവായ അരികൂടി ചേർത്തു തട്ട് തട്ടാക്കി ദമ്മിട്ടെടുക്കുന്നൊരു മുട്ടബിരിയാണിയുടെ രുചിക്കൂട്ട് പരിചയപ്പെടാം. 

ചേരുവകൾ

കൈമ അരി – 3 കപ്പ്
സവാള – 4 എണ്ണം
ചെറിയ ഉള്ളി – ഒരു പിടി
മുട്ട – 10 (6 എണ്ണം പുഴുങ്ങിയത്)
പച്ചമുളക് – 8
തേങ്ങ – അര കപ്പ്
ഇഞ്ചി – 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 6
കറുവാപ്പട്ട – 1 വലിയ കഷ്ണം
ഏലയ്ക്ക – 10
കശുവണ്ടി – ഒരു പിടി
ഉണക്ക മുന്തിരി – ഒരു പിടി
നാരങ്ങ – 1
തക്കാളി – 3
ഗരം മസാല – 1 ടീസ്പൂൺ
ഗ്രാമ്പൂ – 10
മുളകുപൊടി – 1 ടീസ്പൂൺ
കുരുമുളകുപൊടി – അര ടീസ്പൂൺ
മല്ലിപ്പൊടി – ഒന്നര ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ, നെയ്യ്, ഉപ്പ്, മല്ലിയില, കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙തിളച്ച വെള്ളത്തിൽ ചെറിയ കഷ്ണം കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ , ഉപ്പ്, നാരാങ്ങാ നീര് എന്നിവ ചേർത്ത് അരി വേവിച്ചെടുക്കണം. (അരി വെന്തു പോകരുത്), പാകത്തിനു വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റി വയ്ക്കണം.

∙മിക്സിയിൽ തേങ്ങ,  പച്ചമുളക്, കുറച്ചു മല്ലിയില,ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി പകുതിവീതം, ആവശ്യത്തിനു വെള്ളം ചേർത്തു നന്നായി അരച്ച് മാറ്റിവയ്ക്കാം.

∙പാനിൽ വെജിറ്റബിൾ ഓയിൽ ഒഴിച്ച് ആവശ്യത്തിനുള്ള സവോള വറുത്തെടുക്കാം.

∙ നെയ്യിൽ നട്ട്സും കിസ്മിസും വറുത്തു കോരി വയ്ക്കണം.

∙ചൂടായ പാനിൽ 2 ടീസ്പൂൺ നെയ്യൊഴിച്ച് സ്പൈസസ് ഇട്ട് വഴറ്റിയതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവോള ചേർത്തു നന്നായി വഴറ്റിയെടുക്കണം, അൽപം ഉപ്പ് ചേർക്കാം. 

കറിവേപ്പില,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളിയും ചേർത്ത് ചെറിയതീയിൽ ഇതിലേക്ക് പൊടികൾ ചേർക്കണം. മഞ്ഞൾപ്പൊടി,മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല (പകുതി) ചേർത്തു വഴറ്റിയെടുക്കണം. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേർക്കാം. ഇതിലേക്കു അരച്ചു വച്ച തേങ്ങാ അരപ്പും ചേർക്കാം. പച്ച ചുവ മാറുന്നതു വരെ വഴറ്റണം. അൽപം വെള്ളം ഒഴിച്ച് അരപ്പ് വറ്റിച്ചെടുക്കണം.

∙നാലു പച്ചമുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു പാനിൽ ചിക്കിപൊരിച്ചു വയ്ക്കണം.

∙വെന്ത അരപ്പിലേക്ക് അൽപം വെള്ളം ഒഴിച്ചു കൊടുക്കണം, തീ കൂട്ടി തിളച്ചു തുടങ്ങുമ്പോൾ ചിക്കിപ്പൊരിച്ച മുട്ട ഇതിലേക്ക് ചേർത്തു കൊടുക്കണം. നന്നായി യോജിപ്പിച്ചെടുക്കണം. അരഗ്ലാസ് വെള്ളം കൂടി ഈ കൂട്ടിലേക്കു ഒഴിക്കണം. അൽപസമയം അടച്ചു വച്ചു വേവിക്കണം. പുഴുങ്ങിയ മുട്ടകൾ തയാറാക്കിയ മസാലക്കൂട്ടിലേക്കു ചേർത്ത് നന്നായി യോജിപ്പിച്ചു, ചെറുതീയിൽ അഞ്ചുമിനിറ്റു മൂടിവച്ചു വേവിച്ചെടുത്താൽ മുട്ട മസാല റെഡി.

ദം ചെയ്യാൻ

ചുവടു കട്ടിയുള്ള പാത്രത്തിൽ അൽപം നെയ് തൂവിയ ശേഷം, അൽപം ചോറ്, മുട്ടമസാല, സവോള വറുത്തത്, കിസ്മിസ്, കശുവണ്ടി എന്നിങ്ങനെ ലെയറാക്കി നിറയ്ക്കാം. അടപ്പു കൊണ്ടു മൂടി, നന്നായി ചൂടായ തവയുടെ മുകളിൽ തീകുറച്ച് 25 മിനിറ്റ് ദം ചെയ്തെടുത്താൽ രുചികരമായ ബിരിയാണി റെഡി, അൽപം ഗരം മസാല കൈകൊണ്ട് ബിരിയാണിക്കു മീതെ തൂവി അഞ്ച് മിനിറ്റ് അടച്ചു വച്ചതിനു ശേഷം എടുത്താൽ നല്ല വാസനയും രുചിയും നിറഞ്ഞ ബിരിയാണിയായി.