Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാടൻ രുചിയിൽ ചിക്കൻ ചേപ്പൻ വെപ്പ് 

ഡോ. ദീപാ ഫ്രാൻസിസ്
Chicken

ചേപ്പൻ സമൂഹം ആഘോഷങ്ങൾക്കായി തയ്യാറാക്കുന്ന സ്പെഷൽ ആയ ഒരു ചിക്കൻ വിഭവം... വയനാടിന്റെ ഉൾനാടൻ രുചിമണം നിറയുന്ന ചിക്കൻ കറിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

ചിക്കൻ - 1 കിലോഗ്രാം (നാടൻ കോഴി ഉത്തമം)
മുളകുപൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
ചുവന്നുള്ളി - 350 ഗ്രാം
വറ്റൽ/ഉണക്ക മുളക് - 35 / 40 എണ്ണം
ഇഞ്ചി - വെള്ളുള്ളി -- 11/2 ടേബിൾ സ്പൂൺ (അരിഞ്ഞെടുത്തത്)
ഉപ്പ് – ആവശ്യത്തിന്ക
റിവേപ്പില - ഒരു പിടി
തേങ്ങാക്കൊത്ത് - ഒരു പിടി (ആവശ്യമെങ്കിൽ)
വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യാം. അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് അര മണിക്കൂർ വെക്കാം (ഉപ്പു ചേർക്കാതെ വയ്ക്കാം)

∙ ഇനി ഒരു 4 / 5 ടേബിൾ സ്പൂൺ ഓയിൽ ചൂടാക്കി അതിൽ ചുവന്നുള്ളി ചേർക്കുക (അരിയണ്ട ആവശ്യം ഇല്ല,  ചിക്കൻ വേകുമ്പോൾ ഇതും അലിഞ്ഞു ചേരും)

∙  ചുവന്നുള്ളി ഒന്ന് വാടുമ്പോൾ വറ്റൽ മുളക് ചേർക്കാം. നന്നായി മിക്സ് ചെയ്‌തു രണ്ടു മിനിറ്റു കഴിയുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം. ഇതിലേക്ക് ചിക്കൻ ചേർക്കാം. നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കാം. (ഇടയ്ക്ക് തുറന്ന് ഇളക്കി കൊടുക്കണം. ഇപ്പോൾ ചിക്കന് യാതൊരു നിറവും ഉണ്ടാകില്ല...ഉപ്പും മുളകും പിടിക്കാത്ത പോലെയൊക്കെ തോന്നും...അവസാനം ആയാൽ മാത്രമേ നിറം കിട്ടുകയുള്ളു.  

∙  ചിക്കനും ഉണക്ക മുളകും കിടന്നു വെന്തു ആ നിറമാണ് ചിക്കന് കിട്ടുക. ഇത്തിരി സമയം എടുക്കും. (ചിക്കനിലെ വെള്ളത്തിൽ വേവുന്നതാണ് ഉത്തമം...വെള്ളം കുറവുണ്ടെൽ മാത്രം ചൂടുവെള്ളം ചേർക്കാം)

∙  ചിക്കൻ ഒരു മുക്കാൽ വേവ് ആകുമ്പോൾ ഉപ്പു ചേർക്കാം (ഇതുവരേം ഉപ്പു എവിടേം ചേർത്തിട്ടില്ല.. അതിനാൽ അതിനു അനുസരിച്ചു ചേർക്കുക)

∙  വെന്തു കഴിയുമ്പോഴേക്കും വറ്റൽ മുളകും ചെറിയ ഉള്ളിയുമെല്ലാം ഉടഞ്ഞു ഗ്രേവി ആയിട്ടുണ്ടാകും. വറ്റൽ മുളക് തൊടുമ്പോൾ വിട്ടു പോകുന്ന പരുവം ആകും... കൂടുതൽ അലിയിച്ചാൽ എരുവ് കൂടും. (എരിവ് കൂടുതൽ വേണ്ടവർക്ക് കൂടുതൽ അലിയിച്ച് എടുക്കാം). കറിവേപ്പില വിതറി വിളമ്പാം.