ADVERTISEMENT

 'കരീമിക്ക ഉണ്ടാക്കിയ ബിരിയാണിച്ചെമ്പ് തുറക്കുമ്പോൾ പണ്ട് കോഴിക്കോട്ടങ്ങാടി വരെ മണമടിക്കുമായിരുന്നു' - ഉസ്താദ് ഹോട്ടൽ 

സിനിമയിലും ജീവിതത്തിലും മലയാളിയുടെ നാവിൽ കപ്പലോടിച്ച വിഭവങ്ങളുടെ പട്ടികയിൽ ഒന്നാമനായിരിക്കും ബിരിയാണി. ബിരിയാണിയുടെ മണമില്ലാത്ത മലബാർ കല്യാണങ്ങൾ സ്വപ്നം കാണാൻ പോലും കഴിയില്ല. എത്ര പ്രണയങ്ങൾ പൂത്തുതളിർത്തത് ബിരിയാണിയുടെ മധ്യസ്ഥതയിലായിരിക്കും. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ് ബിരിയാണി. താൻ അഭിനയിക്കുന്ന സിനിമകളുടെ സെറ്റിൽ ഒരു ദിവസം മമ്മൂട്ടി ബിരിയാണി ഉണ്ടാക്കുമത്രെ.. തീർന്നില്ല എന്നിട്ട് എല്ലാവർക്കും വിളമ്പി കൊടുക്കുകയും ചെയ്യും. 

ഇത്രയും രുചികരമായ ബിരിയാണി നിങ്ങൾ ഉണ്ടാക്കിയാൽ നിങ്ങളായിരിക്കും വീട്ടിലെ താരം. അതിനുള്ള എല്ലാ ടിപ്സും എത്ര വല്യ പാർട്ടി ആണെങ്കിലും നിങ്ങൾക്ക് കണക്കു തെറ്റാതെ സാധനങ്ങൾ എടുക്കാൻ ഉള്ള ബിരിയാണിയുടെ കൃത്യമായിട്ടുള്ള അനുപാതവും അതോടൊപ്പം പെർഫെക്റ്റ് ആയിട്ടുള്ള ചിക്കൻ ദം ബിരിയാണിയുടെ റെസിപ്പിയും വായിക്കാം. അപ്പോൾ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ തയാറായിക്കോ!

സാധാരണ ബിരിയാണി ഉണ്ടാക്കുമ്പോൾ ഉള്ള അനുപാതം.  ഒരു കിലോ ചിക്കൻ ഒരു കിലോ അരി ആണ്. 1:1 ഇത് ഒരു 5-6 ആളുകൾക്ക് നന്നായി കഴിക്കാൻ ഉണ്ടാവും.  വളരെ കുറച്ചു കഴിക്കുന്ന ആളുകളും നമ്മുടെ പാർട്ടിക്ക് വേറെ കുറെ വിഭവങ്ങളും ഉണ്ടെങ്കിൽ ആളുകളുടെ എണ്ണം 7-8  എന്ന് കണക്കാക്കി അതിനനുസരിച്ചു അളവുകൾ ക്രമീകരിക്കുക.

ചേരുവകൾ

1. ചിക്കൻ ഗ്രേവി തയാറാക്കാൻ

  • ചിക്കൻ – 2 കിലോഗ്രാം
  • മാരിനേറ്റ് ചെയ്യാൻ വേണ്ട സാധനങ്ങൾ 
  • ഓയിൽ – 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • എരിവുള്ള മുളകുപൊടി – 1/2 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി – 1 ടേബിൾസ്പൂൺ 
  • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
  • ഗരം മസാല 1 ടീസ്പൂൺ
  • പുളിയില്ലാത്ത തൈര് – 2 ടേബിൾസ്പൂൺ 
  • നാരങ്ങാ നീര് – 1 ടേബിൾസ്പൂൺ 
  • ഉപ്പ് –  പാകത്തിന് 

2. ഗ്രേവി തയാറാക്കാൻ 

  • സവാള – 1 കിലോഗ്രാം ( പകുതി നീളത്തിൽ അരിഞ്ഞ് വറുക്കണം, പകുതി വഴറ്റി ചേർക്കണം )
  • ഇഞ്ചി വെളുത്തുള്ളി അരച്ചത് – 2 ടേബിൾ സ്പൂൺ
  • പച്ചമുളക് – 2
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • കശ്മിരി മുളകുപൊടി – 2 ടേബിൾസ്പൂൺ
  • കുരുമുളകുപൊടി – അര ടീസ്പൂൺ
  • ഗരം മസാല – 1 ടീസ്പൂൺ
  • തക്കാളി – 2
  • തൈര് – അര കപ്പ്
  • പൈനാപ്പിൾ – അരിഞ്ഞത് അര കപ്പ്
  • കശുവണ്ടി വറുത്തത് അരച്ചത് – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

 

3.  ബിരിയാണി ചോറ് തയാറാക്കാൻ

  • ബസ്മതി റൈസ് – 2 കിലോഗ്രാം
  • ഏലയ്ക്ക – 6
  • ഗ്രാമ്പു– 6
  • പട്ട – 2 
  • ജീരകം, പെരുംജീരകം, ഷാ ജീരകം – 1 ടേബിൾസ്പൂൺ
  • നെയ്യ് – 1 ടേബിൾ സ്പൂൺ
  • നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
  • പച്ചമുളക് –2
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം

 4.  ലെയർ ചെയ്യാൻ

  • നെയ്യ് – അര കപ്പ്
  • സവാള – 2
  • കശുവണ്ടി – 1 കപ്പ്
  • ഉണക്ക മുന്തിരി – 3/4 കപ്പ്
  • കുങ്കുമപ്പൂവ് (2 നുള്ള്) / മഞ്ഞൾപ്പൊടി (അര ടീസ്പൂൺ) 
  • ക്രീം – അര കപ്പ്
  • മിന്റ് ലീവ്സ് – ഒരു കപ്പ് അരിഞ്ഞത്
  • മല്ലി ഇല – ഒരു കപ്പ് അരിഞ്ഞത്
  • ലെമൻ ബാം – 1/4 കപ്പ് അരിഞ്ഞത് (ആവശ്യമെങ്കിൽ)
  • പൈനാപ്പിൾ വട്ടത്തിൽ അരിഞ്ഞത് – 3 കഷ്ണം.

അരപ്പ് തയാറാക്കാൻ

  • കശുവണ്ടിപ്പരിപ്പ് – 10
  • ബദാം – 10
  • പോപ്പി സീഡ്സ് – 1 ടേബിൾ സ്പൂൺ ഇത് മൂന്നും അഞ്ച് മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് അരച്ചെടുക്കുക.

തയാറാക്കുന്ന വിധം

∙ ചിക്കൻ ഉപ്പും വിനാഗിരിയും ചേർത്ത്  നന്നായി കഴുകി വെള്ളം ഇല്ലാതെ എടുത്ത്, മാരിനേറ്റ് ചെയ്യാനുള്ള പൊടികൾ ചേർത്ത് യോജിപ്പിച്ച് രണ്ടു മണിക്കൂർ എങ്കിലും വയ്ക്കണം. 

∙ അരി നന്നായി കഴുകി നികക്കെ വെള്ളമൊഴിച്ചു കുതിർക്കാൻ വയ്ക്കുക. അതിനു ശേഷം അരിയാനുള്ളത്  എല്ലാം അരിഞ്ഞു വയ്ക്കുക.

∙ ഇനി  വറുക്കാനുള്ളതെല്ലാം വറുത്തെടുക്കാം. 1/2   കപ്പ് നെയ്യിൽ ആദ്യം കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്തു കോരുക. അതിലേക്കു 2 മീഡിയം സവാള കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുത്തു നന്നായി കൈകൊണ്ടു അടർത്തിമാറ്റിയെടുത്തു വറുത്തെടുക്കുക.

∙ ആ നെയ്യിലേക്കു കുറച്ചു കൂടി എണ്ണ ഒഴിച്ചു ഒരുകിലോ സവാള കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുത്തതിന്റെ പകുതി എടുത്തു വറുത്തു കോരി വേറെ മാറ്റി വയ്ക്കുക. ഇനി ആ എണ്ണയിൽ തന്നെ   മാരിനേറ്റ് ചെയ്ത ചിക്കൻ ഷാലോ ഫ്രൈ ചെയ്തെടുക്കുക.

∙ചിക്കൻ ഗ്രേവി തയ്യാറാക്കുന്ന പത്രം എടുത്തു ആ എണ്ണ തന്നെ അരിച്ചൊഴിക്കുക. കുറച്ചേ ഉണ്ടാവൂ അതിലേക്കു അല്പം കൂടി നെയ്യോ അല്ലെങ്കിൽ എണ്ണയൊ ഒഴിച്ച് നന്നായി ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളിയും രണ്ടു പച്ചമുളക് ചെറുതാക്കി അരിഞ്ഞതും ചേർത്ത് വഴറ്റുക. പച്ചമണം മാറുമ്പോൾ അതിലേക്കു  അരകിലോ സവാള അരിഞ്ഞതു ചേർത്ത് നന്നായി വഴറ്റുക. ഉപ്പു പാകത്തിന് ചേർത്ത് വഴറ്റുക. വഴന്നതിനു ശേഷം അതിലേക്കു തീ കുറച്ചു വച്ച് പൊടികൾ ഓരോന്നായി ചേർത്ത് മൂപ്പിച്ചെടുക്കുക.  

∙ പൊടികൾ പച്ചമണം മാറി ഫ്രൈയാകുമ്പോൾ തക്കാളി ചേർത്തിളക്കി മൂടി വച്ച് വേവിക്കുക. തക്കാളി വെന്തു ഉടഞ്ഞു എണ്ണ തെളിയുമ്പോൾ അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും പുതിനയിലയും കുറച്ച് ചേർത്ത് ഇളക്കി  പൈനാപ്പിൾ അരിഞ്ഞതും അരകിലോ സവോള ഫ്രൈ ചെയ്തു മാറ്റിവച്ചിരിക്കുന്നതും കുറച്ചു കശുവണ്ടിപ്പരിപ്പ് പൊടിച്ചതും ചേർത്തു നന്നായി യോജിപ്പിക്കാം. അതിലേക്കു ചിക്കൻ ചേർത്ത് മിക്സ് ചെയ്തു 2 മിനിറ്റ് മൂടി വയ്ക്കുക. തീ മീഡിയം ഇട്ടാൽ മതി. തൈര് ചേർത്തു ഇടയ്ക്കു ഇളക്കി കൊടുക്കാം.  ബ്രൗൺ നിറമാകുമ്പോൾ( കശുവണ്ടി പേസ്റ്റ് ചേർക്കുന്നില്ലെങ്കിൽ ഇവിടെ കൊണ്ട് നിർത്താം ) കശുവണ്ടി പേസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്തു ചെറിയ തീയിൽ ഇട്ടു നന്നായി തിളപ്പിക്കുക. അഞ്ചു മിനിറ്റ് തിളപ്പിച്ച് ഓഫ് ചെയ്തു വയ്ക്കുക. 

∙ ചിക്കൻ  വേകാൻ അടച്ചു വയ്ക്കുന്ന സമയത്തു തന്നെ അരി വേവിക്കാനുള്ള വെള്ളം തിളപ്പിക്കാൻ വയ്ക്കാം. ഈ സമയത്തു തന്നെ അരി കഴുകി വെള്ളം വാലൻ വയ്ക്കുക.  വെള്ളം ചൂടായി വരുമ്പോൾ സ്‌പൈസസ് എല്ലാം ഇടുക. പച്ചമുളക് ഇടുക, മുറിക്കണ്ട ,  പാകത്തിന് ഉപ്പു ചേർക്കുക.  ഉപ്പു കുറച്ചു മുന്നിട്ടു നീക്കണം. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്കു അരി ഇടുക. നന്നായി തിളച്ചു കഴിയുമ്പോൾ 1  ടേബിൾ സ്പൂൺ നെയ്യും നാരങ്ങാ നീരും ചേർക്കുക. ഒരു മുക്കാൽ വേവിൽ അരി ഊറ്റി വയ്ക്കുക. 

ദം ചെയ്യാം 

ലെയർ ചെയ്യാനുള്ള എല്ലാ സാധനങ്ങളും അടുപ്പിച്ചു വയ്ക്കുക. 

രണ്ടു രീതിയിൽ നമുക്ക് ദം ഇടാം. 

ബേക്ക്  ചെയ്തെടുക്കാം 180 ഡിഗ്രി 20  മിനിറ്റ്സ്

ഒരു ബേയ്ക്ക്് വെയർ എടുത്തു അടിയിൽ കുറച്ചു നെയ്യ്‌  ഒഴിച്ച് എല്ലായിടത്തും ഒരുപോലെ നെയ്യ് തടവുക. ആദ്യം ചോറ്‌ പിന്നെ പാൽ മിക്സ്, ഫ്രൈ ചെയ്തു വച്ചിരിക്കുന്നത്, പൈനാപ്പിൾ, പുതിന മല്ലി എല്ലാം ഒരേ പോലെ വിതറി ഇടുക. അതിനു മുകളിൽ ചിക്കൻ നിരത്തി വയ്ക്കുക. നെയ്യൊഴിക്കുക. മുകളിൽ വീണ്ടും ചോറ് ഇടുക. ഏറ്റവും മുകളിൽ നെയ്യ് ഒഴിച്ചു ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്തു ബേക്ക് ചെയ്തെടുക്കുക.

അല്ലെങ്കിൽ

നല്ല കനമുള്ള ദോശ കല്ല് സ്റ്റൗവിൽ നല്ല ചൂടിൽ  ലയറിട്ട പാത്രം മുകളിൽ വയ്ക്കുക. എന്നിട്ടു തീ കുറച്ചു 20   മിനിറ്റ് വച്ചാൽ മതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com