ADVERTISEMENT

ചട്ടിയിൽ തിളച്ചു മറിയുന്ന എണ്ണ, അതിലേക്ക് അരിമാവിൽ മുക്കിയ അച്ചിൽ നിന്നും ഉതിർന്നു വീഴുന്ന അച്ചപ്പം. തിരിച്ചിട്ടും മറിച്ചും വേവ് പാകപ്പെടുത്തി കറുമുറെ തിന്നാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. രുചികരമായി വീട്ടിൽ തയാറാക്കാവുന്ന അച്ചപ്പത്തിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  • പച്ചരി – ഒരു കപ്പ് (5 മണിക്കൂർ കുതിർത്ത് കഴുകിവാരിയത്)
  • തേങ്ങപ്പാൽ – ഒരു കപ്പ് (ഒരു വലിയ മുറി തേങ്ങയിൽ നിന്നുള്ളത്)
  • പഞ്ചസാര – 5 ടേബിൾ സ്പൂൺ
  • കോഴി മുട്ട – 1
  • എള്ള് – 1 ടേബിൾ സ്പൂൺ
  • ജീരകം – 3/4 ടീസ്പൂൺ
  • ഉപ്പ് –ആവശ്യത്തിന്
  • എണ്ണ – വറുക്കാൻ ആവശ്യമുള്ളത് 

തയാറാക്കുന്ന വിധം

പച്ചരിയും തേങ്ങാപ്പാലും മുട്ടയും പഞ്ചസാരയും ഉപ്പും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. അരയ്ക്കുമ്പോൾ വെള്ളം ചേർക്കാതെ തേങ്ങാപ്പാലിൽ തന്നെ അരച്ചെടുക്കാൻ ശ്രദ്ധിക്കണം. അരച്ചെടുക്കുന്ന മാവ് ദോശ മാവിന്റെ അയവിലിരുന്നാല്‍ മതി അതിൽ കൂടുതൽ നീണ്ടു പോകാതെ ശ്രദ്ധിക്കുക. ഇതിലേക്ക് കറുത്ത എള്ളും ജീരകവും നന്നായി മിക്സ് ചെയ്യുക. അതിനുശേഷം 15 മിനിറ്റ് മൂടി വയ്ക്കുക. 

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയശേഷം അച്ചപ്പത്തിന്റെ അച്ച് എണ്ണയിൽ മുക്കിപ്പിടിക്കുക. അച്ച് നന്നായി ചൂടായശേഷം തയാറാക്കിയ മാവിൽ മുക്കുക. അച്ചിന്റെ മുക്കാൽഭാഗം വരെ മാവിൽ മുക്കിയാൽ മതി.

ഇനി മാവിൽ മുക്കിയ അച്ച് നേരേ തിളച്ച എണ്ണയിൽ മുക്കുക. അച്ചപ്പം മൂപ്പാകുമ്പോൾ അച്ചിൽനിന്നു തനിയെ വിട്ടുപോരും. ഇല്ലെങ്കിൽ അച്ചിൽ മെല്ലെ ഒന്നു തട്ടിയാൽ മതി. അച്ചപ്പം മറിച്ചിട്ടു മൂപ്പിച്ചു കോരുക.

ശ്രദ്ധിക്കാൻ 

∙ അച്ചപ്പത്തിന്റെ അച്ച്  (നോൺ സ്റ്റിക്ക് അല്ലാത്തത്) അച്ചപ്പം തയാറാക്കുന്നതിന്റെ തലേ ദിവസം നന്നായി കഴുകി ഉണക്കി നന്നായി ചൂടാക്കിയ എണ്ണയിൽ ഒരു ദിവസം മുക്കി വയ്ക്കുക. 

∙ അച്ചപ്പത്തിന്റെ മാവിൽ പഞ്ചസാര അധികമായാൽ അച്ചപ്പം അച്ചിൽനിന്നു വിട്ടുപോരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com