വിഷു സ്പെഷൽ നാടൻ നെയ്യപ്പം വീട്ടിൽ തയാറാക്കാം
Mail This Article
വിഷുവിനുള്ള നെയ്യപ്പം നമുക്ക് വീട്ടിൽ ഉണ്ടാക്കാം. നല്ല രുചിയോടു കൂടി നാടൻ നെയ്യപ്പം ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് നോക്കാം.
ചേരുവകൾ
- പച്ചരി – 2 കപ്പ് (1 കപ്പ് 250 ml )
- ശർക്കര 350 - 400 ഗ്രാം
- നെയ്യ് 1 ടേബിൾസ്പൂൺ
- കറുത്ത എള്ള് 1 -2 ടീസ്പൂൺ
- തേങ്ങാ കൊത്തു നെയ്യിൽ വറുത്തത് – 1 ടേബിൾസ്പൂൺ
- ഉപ്പ് – രണ്ടു നുള്ള്
- പാളയംകോടൻ (മൈസൂർ പഴം)– 1
പൊടികൾ
- ചുക്ക് പൊടി 1/4 ടീസ്പൂൺ
- ഏലയ്ക്ക 3 -4
- ജീരകം പൊടിച്ചത് – 1/4 ടീസ്പൂൺ
- കശുവണ്ടി – 10
ഇതെല്ലം കൂടി ഒന്ന് പൊടിച്ചു വയ്ക്കുക
തയാറാക്കുന്ന വിധം
ആദ്യം തന്നെ രണ്ടു കപ്പ് പച്ചരി അല്ലെങ്കിൽ ഉണക്കലരി നന്നായി കഴുകി വാരി ആറുമണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അത് വെള്ളം വാർത്തു പുട്ടിനു പാകത്തിനുള്ള പൊടി പോലെ തരിയോടുകൂടി പൊടിച്ചു വയ്ക്കുക. അതിലേക്കു ചുക്ക് കശുവണ്ടി എല്ലാം കൂടി പൊടിച്ചതും പഴം അരച്ചതും എള്ള്, നെയ്യ് എന്നിവയും ചേർത്ത് നന്നായി യോജിപ്പിച്ചതിലേക്കു ശർക്കര പാനി ചേർത്ത് നന്നായി കുഴയ്ക്കുക.
ഇഡ്ലി മാവിന്റെ അയവിൽ വേണം കലക്കി എടുക്കാൻ. തേങ്ങാ വറുത്ത് നെയ്യപ്പം ചുടുന്നതിനു തൊട്ടു മുൻപ് ചേർത്താൽ മതി. ഇവിടെ എള്ള് മാത്രമേ ചേർത്തിട്ടുള്ളു. മാവ് എട്ടു മണിക്കൂർ എങ്കിലും വയ്ക്കണം.
വെളിച്ചെണ്ണയിലോ നെയ്യിലോ നെയ്യപ്പം ചുട്ടെടുക്കാം. കുറേശ്ശേ കോരി ഒഴിച്ച് ഓരോന്നായി ചുട്ടെടുക്കുക.