രുചികരമായ ഗാർലിക് ബ്രഡ് വീട്ടിൽ തയാറാക്കാം

Garlic Bread
SHARE

പിസ്സ  ഓർഡർ ചെയ്യുമ്പോൾ സാധാരണയായി അതിൻറെ കൂടെ ഓർഡർ ചെയ്യുന്ന മറ്റൊരു ഐറ്റമാണ് ഗാർലിക് ബ്രഡ്. ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തയാറാക്കി എടുക്കാവുന്നതാണ്. അപ്പോൾ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

 • ഇളം ചൂടുവെള്ളം -1/4 കപ്പ് 
 • ഈസ്റ്റ് - 1/2  ടീസ്പൂൺ 
 • പഞ്ചസാര- 1 ടീസ്പൂൺ 
 • മൈദ - 1 കപ്പ് 
 • ഒറിഗാനോ - 1/2 ടീസ്പൂൺ 
 • ചതച്ച മുളക് - 1/2 ടീസ്പൂൺ 
 • വെളുത്തുള്ളി പൊടി - 1/2  ടീസ്പൂൺ 
 • ഉപ്പ് - 1/2  ടീസ്പൂൺ 
 • വെണ്ണ - 3 ടേബിൾസ്പൂൺ 
 • മല്ലിയില അരിഞ്ഞത്-  2 ടീസ്പൂൺ 
 • വെളുത്തുള്ളി അരിഞ്ഞത് -  1 ടീസ്പൂൺ 
 • ചീസ്  (മോസറാല്ല / ചെഡ്ഢാർ )– ¼ കപ്പ്
 • കാപ്സിക്കം അരിഞ്ഞത് -  2 ടേബിൾസ്പൂൺ 
 • ഒറിഗാനോ
 • ചതച്ച മുളക്
 • പെരി പെരി മസാല

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ഇളം ചൂടുവെള്ളം, പഞ്ചസാര, ഈസ്റ്റ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു 10 മിനിറ്റ് നേരം മൂടിവയ്ക്കുക .ഈസ്റ്റ് ആക്ടിവേറ്റ് ആകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. 10 മിനിട്ട് കഴിഞ്ഞ് നോക്കുമ്പോൾ മുകളിൽ ചെറുതായി പതഞ്ഞു വന്നതുപോലെ കാണുകയാണെങ്കിൽ ഈസ്റ്റ് ആക്ടിവേറ്റ് ആയി എന്ന് മനസ്സിലാക്കാം.

മറ്റൊരു ബൗളിൽ മൈദ,ഒറിഗാനോ, ചതച്ച മുളക് ,വെളുത്തുള്ളി പൊടിച്ചത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക .ഇതിലേക്ക് ഈസ്റ്റ് മിക്സ് ഒഴിക്കുക നന്നായി കുഴച്ചെടുക്കുക. കയ്യിൽ ഒട്ടുന്ന തരത്തിൽ വേണം മാവ് കുഴച്ച് എടുക്കാൻ ആവശ്യമെങ്കിൽ കുറച്ച് വെള്ളം കൂടി ചേർത്ത് കുഴച്ചെടുക്കുക. അല്പം വെണ്ണ കൂടെ ചേർത്ത് നന്നായി ഒരു 10 മിനിറ്റ് നേരം കുഴച്ചെടുക്കുക ഇത് ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ മൂടിവയ്ക്കുക. മാവ് ചെറുതായി പൊങ്ങി വരുന്നതുവരെ മൂടി വയ്ക്കണം. നമ്മളുടെ സ്ഥലത്തുള്ള ചൂടിന് അനുസരിച്ച് ഈ മാവ് പൊങ്ങുവാൻ എടുക്കുന്ന സമയത്തിൽ മാറ്റം വരും. തണുപ്പുള്ള സ്ഥലത്ത് കുറച്ച് അധികം സമയം എടുക്കും ഈ മാവ് പൊങ്ങിവരാൻ. മാവ് വികസിച്ച് വന്നതിനുശേഷം അതിലേക്ക് കുറച്ച് മൈദ തൂകി നന്നായി വീണ്ടും ഒരു 5 മിനിറ്റ് നേരം കുഴച്ചെടുക്കുക. അതിനുശേഷം ഇത് അല്പം കനത്തിൽ പരത്തി എടുക്കുക ആദ്യം കൈവച്ച് പരത്തിയശേഷം പിന്നീട് ചപ്പാത്തി കോൽ വെച്ച് പരത്തി എടുക്കാവുന്നതാണ്.

ഇനി മറ്റൊരു ബൗളിൽ രണ്ട് ടേബിൾ സ്പൂൺ വെണ്ണ, മല്ലിയില ,വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിക്സ് നമ്മൾ പരത്തി വച്ചിരിക്കുന്ന മാവിന്റെ മുകളിൽ നന്നായി പുരട്ടുക. അതിനുശേഷം ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ചീസ് ഒരു സൈഡിൽ ആയി വയ്ക്കുക. അതിനു മുകളിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന കാപ്സിക്കം, ഒരു നുള്ള് ഒറിഗാനോ , ഒരു നുള്ള് ഇടിച്ച മുളക് എന്നിവ ചേർക്കുക അതിനുശേഷം ഇത് പകുതിയായി മടക്കുക. സൈഡ് വെള്ളം നനച്ച് ഒട്ടിച്ച് എടുക്കുക. ഇനി അതിനു മുകളിലും നേരത്തെ ചെയ്തതുപോലെ ബട്ടർ മിക്സ് നന്നായി പുരട്ടുക. ഇതിനു മുകളിലായി ഒറിഗാനോ, ഇടിച്ച മുളക് പെരി പെരി മസാല (നിർബന്ധം ഇല്ല)എന്നിവ ഓരോ നുള്ള് വിതറുക.

ഒരു ബേക്കിംഗ് ട്രേയിൽ ബട്ടർ പേപ്പർ വിരിച്ചതിനു ശേഷം ഇത് അതിലൊട്ട് വയ്ക്കുക. ഒരു കത്തിവെച്ച് ഇതിനു മുകളിലായി ചെറിയ ചെറിയ കഷ്ണങ്ങൾ ആക്കാൻ പറ്റുന്ന രീതിയിൽ വരഞ്ഞു വയ്ക്കുക.അടിയിൽ മുറിഞ്ഞു പോകാത്ത രീതിയിൽ വേണം ഇത് ചെയ്യാൻ.

പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 180 ഡിഗ്രി സെൽഷ്യസിൽ 15 - 20 മിനുട്ട് ബേക്ക് ചെയ്യുക. ബേക്കിങ് ടൈം ഓരോ ഓവനിലും ചെറിയ ചെറിയ വ്യത്യാസം വരാറുണ്ട്. ചെറുതായി ഗോൾഡൻ ബ്രൗൺ നിറം വരുന്നതാണ് പരുവം.

ഇത് തയാറായതിനു ശേഷം വെളിയിലെടുത്ത് ഇതിനു മുകളിൽ കുറച്ച് ബട്ടർ പുരട്ടി കൊടുക്കുക. ഇത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു മയണൈസ് അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഡിപ് വേണമെങ്കിലും കൂടെ വെച്ച് സർവ്‌ ചെയ്യാവുന്നതാണ്

English Summary: Garlic Bread Recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA