ADVERTISEMENT

മീൻകറി വറ്റിച്ച മൺചട്ടിയിൽ ചോറ് കുഴച്ച് കഴിച്ചിട്ടുണ്ടോ... പഴമയുടെ രുചിപ്പെരുമ വിളിച്ചോതി ചട്ടിച്ചോറ്, കേരളത്തിനകത്തും പുറത്തും താരമാണ്. ചട്ടി ചോറ് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം

കറികൾ

 1.മീൻ കറി    

   ·      മീൻ -300 ഗ്രാം 
·         വെളുത്തുള്ളി ചതച്ചത് - 3 എണ്ണം 
·         ഉള്ളി ചതച്ചത് - 3 എണ്ണം 
·         ഇഞ്ചി ചതച്ചത് - 1 ടീസ്പൂൺ 
·         പച്ചമുളക് ചതച്ചത്  - 2 എണ്ണം 
·         കുടംപുളി - 2 കഷണം
·         വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 
·         മുളകുപൊടി - 2½ ടീസ്പൂൺ 
·         മല്ലിപ്പൊടി - 2 ടീസ്പൂൺ 
·         മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
·         കടുക്, ഉപ്പ്, ആവശ്യത്തിന് 
·         ഉലുവ – ഒരു നുള്ള് 

തയാറാക്കുന്ന വിധം 

ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണ   ചേർത്ത് കടുകും ഉലുവയും പൊട്ടിച്ച്,  ചതച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ വഴറ്റിയെടുക്കാം.  ഇതിലേക്ക് മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കാം. വെള്ളമൊഴിച്ച് ഉപ്പും കുടംപുളിയും ചേർത്ത് തിളച്ച് വരുമ്പോൾ മീൻ ചേർത്ത് ചെറുതീയിൽ വേവിച്ചെടുക്കുക.

2. മീൻ വറുത്തത്

രണ്ടു കഷണം മീൻ വരഞ്ഞെടുക്കുക. അര ടീസ്പൂൺ വീതം മുളകുപൊടി, കുരുമുളകുപൊടി, ജിഞ്ചർ ഗാർലിക് പേസ്റ്റ്, ഒരു നുള്ള് കായം, ആവശ്യത്തിന് ഉപ്പ് എന്നിവ അല്പം വെള്ളം ചേർത്ത് കുഴച്ച് മീനിൽ തേച്ചുപിടിപ്പിച്ച് എണ്ണയിൽ വറുത്തെടുക്കുക.

3. വെണ്ടയ്ക്ക ഉപ്പേരി

ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് വട്ടത്തിലരിഞ്ഞ വെണ്ടയ്ക്ക (250 ഗ്രാം) ചേർത്തു കൊടുത്ത് ഇളക്കി വഴറ്റിയശേഷം, മുക്കാല്‍ ടീസ്പൂൺ വറ്റൽമുളക് ചതച്ചതും കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത് ഇളക്കി മൂപ്പിച്ചെടുക്കുക.

4. കാബേജ് തോരൻ

300 ഗ്രാം കാബേജ് പൊടിയായി അരിഞ്ഞതിലേക്ക്,  ഒരു കപ്പ് തേങ്ങ, ഒരു സവാള പൊടിയായി അരിഞ്ഞത്, രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, അല്പം ഉപ്പ് എന്നിവ ചേർത്ത് കുഴച്ചെടുക്കുക, ഒരു പാനിൽ കടുകും ഉഴുന്നും വറുത്ത ശേഷം കാബേജ് മിക്സ് ചേർത്ത് നല്ലതുപോലെ ഇളക്കി അടച്ചു വച്ച് ചെറുതീയിൽ വേവിച്ചെടുക്കുക.

5. ചമ്മന്തി

പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആറ് ചെറിയ ഉള്ളിയും അഞ്ച് വറ്റൽമുളകും ഒരു ചെറിയ കഷണം വാളൻപുളിയും ചേർത്ത് വഴറ്റിയ ശേഷം തേങ്ങയും ചേർത്ത് മിക്സിയിൽ ചതച്ചെടുത്ത് ചമ്മന്തിയാക്കുക.

6. കച്ചംബർ (സലാഡ്) 

ഒരു സവാള നീളത്തിൽ അരിഞ്ഞതും പകുതി തക്കാളിയും ഒരു പച്ചമുളകും കൂടി നല്ലതുപോലെ കൈകൊണ്ട് തിരുമ്മി കുഴച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ തേങ്ങാപ്പാലും ഒരു ടേബിൾസ്പൂൺ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഉപയോഗിക്കുക.

  മീൻ കറി വറ്റിച്ച ചട്ടിയിൽ നിന്നും മീൻകറി മാറ്റിയ ശേഷം ചൂടുചോറും മേൽപ്പറഞ്ഞ കറികളും വിളമ്പുക ഒപ്പം അച്ചാറും പപ്പടവും കൂടി വയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com