വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന 3 പ്രഭാത ഭക്ഷണങ്ങൾ

Keto Recipes
SHARE

കുറഞ്ഞ സമയത്തിനുള്ളിൽ വണ്ണം കുറയ്ക്കാം എന്ന സവിശേഷത കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് കീറ്റോജെനിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ്. കീറ്റോ ഡയറ്റിൽ ഉൾപ്പെടുന്ന പച്ചക്കറികളും പഴവർഗങ്ങളും ധാന്യങ്ങളും പയർവർഗ്ഗങ്ങളും കുറവാണെങ്കിൽ കൂടി അനുവദനീയമായ ചേരുവകൾ കൊണ്ട് തന്നെ രുചികരവും വൈവിധ്യമാർന്ന കീറ്റോജെനിക് വിഭവങ്ങൾ തയാറാക്കാൻ കഴിയും. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന മൂന്ന് കീറ്റോ ബ്രേക്ഫാസ്റ്റ് റെസിപ്പികൾ പരിചയപ്പെടാം. കീറ്റോ പുട്ട്, കീറ്റോ ഇഡ്​ലി, കീറ്റോ ദോശ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

കീറ്റോ പുട്ട്

ചേരുവകൾ

 • ചെറുതായി ഗ്രേറ്റ് ചെയ്ത കോളിഫ്ലവർ-2½ ടേബിൾസ്പൂൺ 
 • ആൽമണ്ട് ഫ്ലോർ - 3½ ടേബിൾസ്പൂൺ 
 • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

 • ഒരു ബൗളിൽ ഗ്രേറ്റ് ചെയ്ത കോളിഫ്ലവറും ആൽമണ്ട് ഫ്ലോറും  ഉപ്പും ചേർത്ത് നല്ലതുപോലെ വെള്ളം ചേർക്കാതെ കുഴച്ചെടുക്കുക.(പുട്ടു കുഴയ്ക്കുന്നതുപോലെ). പുട്ടുകണയിൽ അൽപ്പം തേങ്ങ വിതറി അതിനുമുകളിൽ കോളിഫ്ലവർ പുട്ടിന്റെ മിക്സ് ചേർത്ത് കൊടുത്ത് മുകളിൽ അല്പം തേങ്ങ കൂടി ചേർത്ത് അടച്ചുവെച്ച് ആവിയിൽ വേവിച്ചെടുക്കുക.
 • രുചികരമായ കീറ്റോ ആൽമണ്ട് പുട്ട് ഇഷ്ടമുള്ള കീറ്റോജെനിക് കറിക്കൊപ്പം കഴിക്കാം.

കീറ്റോ ഇഡ്​ലി / കോക്കനട്ട് ഇഡ്​ലി

ചേരുവകൾ

 • മുട്ട - 1 എണ്ണം 
 • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 
 • തേങ്ങ ചിരകിയത് - 4 ടേബിൾസ്പൂൺ 
 • സോഡാപ്പൊടി  - ഒരു നുള്ള് 
 • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

 • ഒരു ബൗളിലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് അഞ്ച് മിനിറ്റ് അടച്ച് വയ്ക്കുക.
 • എണ്ണ തടവിയ ഇഡ്ഡലിത്തട്ടിൽ മാവ്  ഒഴിച്ച്  മീഡിയം ഫ്രെയിമിൽ അടച്ചു വച്ച് വേവിച്ചെടുത്ത്, തണുത്ത ശേഷം ഇഡ്ഡലിത്തട്ടിൽ നിന്നും ഇഡലി ഇളക്കി മാറ്റുക 
 • നല്ല സോഫ്റ്റ് ഇഡലി മുളകുചമ്മന്തി ഒപ്പം കഴിക്കാം.

ക്രിസ്പി കീറ്റോ ദോശ

ചേരുവകൾ

 • ആൽമണ്ട് ഫ്ലോർ - 2 ടേബിൾസ്പൂൺ 
 • ഗ്രേറ്റ് ചെയ്ത ചീസ് - 2 ടേബിൾസ്പൂൺ 
 • പാൽ - 2 ടേബിൾസ്പൂൺ 
 • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

 • ഒരു ബൗളിലേക്ക് എല്ലാ ചേരുവകളും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
 • ചൂടായ ദോശക്കല്ലിൽ അല്പം എണ്ണ തടവിയ ശേഷം മാവ് കോരിയൊഴിച്ച് വട്ടത്തിൽ പരത്തി  ചെറുതീയിൽ ഇരുവശങ്ങളും പാകപ്പെടുത്തിയെടുക്കുക. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA