ADVERTISEMENT

സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു കറിയാണ് പുളിശ്ശേരി.പച്ചക്കറികൾ കൊണ്ടുമാത്രമല്ല പഴവർഗങ്ങൾ ആയ മാമ്പഴം, കൈതച്ചക്ക, ഏത്തപ്പഴം എന്നിവ കൊണ്ടും പുളിശ്ശേരി ഉണ്ടാക്കാറുണ്ട്.സദ്യ സ്റ്റൈൽ പഴം പുളിശ്ശേരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം..

ചേരുവകൾ

  • അത്യാവശ്യം പഴുത്ത നേന്ത്രപ്പഴം -  രണ്ടെണ്ണം
  • പച്ചമുളക് - രണ്ടെണ്ണം 
  • വെള്ളം - ഒരു കപ്പ്
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 
  • മുളകുപൊടി - അര ടീസ്പൂൺ 
  • കുരുമുളകുപൊടി - കാൽ ടീസ്പൂൺ 
  • ശർക്കര - ഒരു ടേബിൾ സ്പൂൺ 
  • തേങ്ങ - ഒരു കപ്പ്
  • പച്ചമുളക് - മൂന്നെണ്ണം 
  • ചെറിയ ജീരകം - മുക്കാൽ ടീസ്പൂൺ 
  • വെള്ളം - അരക്കപ്പ്
  • കട്ട തൈര് - 1 1/2 കപ്പ് 
  • വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ 
  • കടുക് - ഒരു ടീസ്പൂൺ 
  • ഉലുവ - 1/2 ടീസ്പൂൺ 
  • വറ്റൽമുളക് - രണ്ടെണ്ണം 
  • കറിവേപ്പില - ഒരു തണ്ട്

തയാറാക്കുന്ന വിധം

നേന്ത്രപ്പഴം അത്യാവശ്യം കട്ടിയുള്ള കഷണങ്ങളായി മുറിക്കുക. ഇതിലേക്ക് 2 പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചതിനുശേഷം മൂടിവെച്ച് 5 മുതൽ 7 മിനിട്ട് വരെ വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ശർക്കര കൂടെ ചേർത്ത് മിക്സ് ചെയ്യുക.

ഒരു മിക്സിയുടെ ജാറിൽ ഒരു കപ്പ് തേങ്ങ, 3 പച്ചമുളക്, ജീരകം, വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് ഒന്നര കപ്പ് തൈര് ചേർത്ത് നന്നായി സ്പൂൺ കൊണ്ട് യോജിപ്പിക്കുക. തൈരിലെ കട്ടകൾ എല്ലാം ഉടയുന്ന രീതിയിൽ നന്നായി യോജിപ്പിക്കണം. ഇത് തിളച്ചു വരുന്ന പഴം കഷണങ്ങളിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ചെറു തീയിൽ 5 മുതൽ 7 മിനിറ്റു വരെ പാകം ചെയ്യുക. തിളച്ചു പോകാതെ ശ്രദ്ധിക്കണം. ഈ സമയത്ത് ഉപ്പ് പാകത്തിന് ചേർത്തു കൊടുക്കാവുന്നതാണ്.

മറ്റൊരു പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക്, വറ്റൽമുളക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് താളിച്ച് കറിയിലേക്ക് പകർത്തുക. ശേഷം നന്നായി യോജിപ്പിക്കുക. സ്വാദിഷ്ടമായ  നേന്ത്രപ്പഴം പുളിശ്ശേരി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com