ADVERTISEMENT

പഴയകാലം മുതൽ പ്രസവിച്ചു കഴിഞ്ഞാൽ കഴിക്കുന്നതാണ് കുറുക്കു മരുന്ന്. പഴയ രീതിയിൽ നിന്നും കുറച്ച് വ്യത്യസ്തമായ രീതിയിലാണ് ഈ കുറുക്കു മരുന്ന് തയാറാക്കിയിരിക്കുന്നത്. ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കുന്ന കൂട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് വർഷത്തിലൊരിക്കലെങ്കിലും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും കഴിക്കാം. ശരീരപുഷ്ടിക്കും ആരോഗ്യത്തിനും കുറുക്കു മരുന്ന് കഴിക്കുന്നതും വളരെ നല്ലതാണ്.

ചേരുവകൾ 

1. കരിപ്പെട്ടി - 1എണ്ണം ( ഏകദേശം 2 കിലോഗ്രാം)
2. മുള നാമ്പ് - ഒരുപിടി
3. തുമ്പ - ഒരുപിടി
4. പനിക്കൂർക്ക - ഒരുപിടി
5. കളകരമണ്ട - ഒരുപിടി
6. പാടത്താളി - ഒരുപിടി
7. കൈതമണ്ട - 2 എണ്ണം
8. പൂങ്കുളന്തൽ - ഒരുപിടി
9. കുടങ്ങൽ - ഒരുപിടി
10. തുളസി - ഒരുപിടി
11. ഇഞ്ചകിളിന്ന് - ഒരുപിടി
12. നെയ്‌വള്ളി ഇല - നാലുപിടി
13. കീഴാർനെല്ലി - ഒരു പിടി
14. അശോകപ്പൂവ് - നാലുപിടി
15. കാട്ടുതെച്ചി - ഒരുപിടി
16. മുരിങ്ങത്തൊലി - ഒരുപിടി
17.മുരിക്കിൻതൊലി -ഒരുപിടി
18.അമ്പഴത്തൊലി -ഒരുപിടി
19.അങ്ങടി മരുന്ന് - അരയോഗം
20. കാടിവെള്ളം - 4 ഗ്ലാസ്
21.വെളുത്തുള്ളി – അരയോഗം അങ്ങടിയുടെ
22.പാൽകായം – അരയോഗംഅങ്ങടിയുടെ
23. കൽക്കണ്ടം - 250 ഗ്രാം
24. അണ്ടിപ്പരിപ്പ് - 250 ഗ്രാം
25. ബദാം – 250 ഗ്രാം
26.ഉണക്കമുന്തിരി - 250 ഗ്രാം
27.ഈന്തപ്പഴം - 250 ഗ്രാം
28. കൈതച്ചക്ക -1എണ്ണം
29. കുരുമുളകുപൊടി - 1 1/4 ടേബിൾ സ്പൂൺ
30. മഞ്ഞൾപ്പൊടി - 7 ടേബിൾ സ്പൂൺ
31. തേങ്ങാപ്പാൽ -ഒരു തേങ്ങയുടെ
32. എള്ളെണ്ണ -200 മില്ലിലിറ്റർ
33. വെളിച്ചെണ്ണ -200 മില്ലിലിറ്റർ
34. തേൻ -200 മില്ലിലിറ്റർ
35. നെയ്യ് -250 ഗ്രാം

തയാറാക്കുന്ന വിധം

പച്ചിലകൾ എല്ലാം പറിച്ചു കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി വയ്ക്കുക.  ബദാം ഉണക്കമുന്തിരി അണ്ടിപ്പരിപ്പ് എന്നിവ  കഴുകി വൃത്തിയാക്കി വെള്ളത്തിൽ നാലുമണിക്കൂർ കുതിർത്ത് വയ്ക്കുക.  കരിപ്പെട്ടി അൽപ്പം വെള്ളം ചേർത്ത് പാനിയാക്കി എടുക്കുക. പച്ചിലകൾ ചെറുതായി അരിഞ്ഞ് എടുക്കുക (2 മുതൽ 13 വരെ). അങ്ങാടി മരുന്ന് പൊടിച്ചു വയ്ക്കുക. (അങ്ങാടി മരുന്ന് പൊടി വാങ്ങൻ കിട്ടും 300ഗ്രാം ).

തൊലികൾ  ചതച്ചെടുക്കുക (16 മുതൽ 18വരെ ). അരിഞ്ഞുവെച്ച പച്ചിലകൾ അല്പം കാടി വെള്ളം ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക. ചതച്ചുവെച്ച തോലും മിക്സിയിലിട്ട്  അരച്ചെടുക്കുക. മിക്സിയിൽ നിന്നും എടുത്ത കൂട്ട് എല്ലാം കൂടി ഒരു പാത്രത്തിലിട്ട് നന്നായി ഞെരടി പിഴിഞ്ഞ് നീര് അരിച്ചെടുക്കുക. കൈതച്ചക്ക തോലുകളഞ്ഞ് മിക്സിയിൽ അരച്ചെടുക്കുക.ബദാം, ഉണക്കമുന്തിരിങ്ങ, അണ്ടിപ്പരിപ്പ്, ഈന്തപ്പഴം, വെളുത്തുള്ളി, അശോക പൂവ്, തെച്ചിപ്പൂവ് എന്നിവ നന്നായി അരച്ചെടുക്കുക. എല്ലാം കൂടി ഒരു പാത്രത്തിലൊഴിച്ചാൽ മതി. അരയ്ക്കുമ്പോൾ വെള്ളത്തിനുവേണ്ടി  മുന്തിരിങ്ങ കുതിർത്തവെള്ളം, പച്ചില പിഴിഞ്ഞനീര്‌  എന്നിവ ഉപയോഗിക്കുക. ഒരു തേങ്ങയുടെ പാൽ പിഴിഞ്ഞെടുക്കുക. അരച്ചുവെച്ച കൂട്ടിലേക്ക് തേങ്ങാപ്പാലിൽ ചേർക്കുക. ഇതിൽ കുരുമുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് കൊടുക്കുക. 

മരുന്ന് തയാറാക്കാൻ പാകത്തിന് വലിയൊരു പാത്രം എടുക്കുക. പൊടിച്ചു വെച്ച അങ്ങാടി പൊടി ചേർത്തു കൊടുക്കുക. കരിപ്പെട്ടി പാനി അരിച്ചു ഒഴിച്ചു കൊടുക്കുക . അരച്ചുവച്ച കൂട്ട് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പച്ചിലമരുന്ന് നീര്‌  ചേർക്കുക. ഇതിലേക്ക് പാൽക്കായം ചെറുതായി മുറിച്ചിടുക. കൽക്കണ്ടവും ചേർത്ത് അടുപ്പിൽ വയ്ക്കുക. (ഏകദേശം മൂന്നേകാൽ മണിക്കൂർ എടുക്കും.)ഒന്നു കുറുകിവരുമ്പോൾ എള്ളെണ്ണ ചേർത്തു കൊടുക്കുക. ഇനി നെയ്യ് ചേർത്തു കൊടുക്കുക(200 ഗ്രാം മുതൽ 300ഗ്രാം കൊടുക്കാം). നെയ്യ് തെളിഞ്ഞു വരുമ്പോൾ വെളിച്ചെണ്ണ ചേർക്കാം. എണ്ണ തെളിഞ്ഞു മരുന്നു കുറുകിവരുമ്പോൾ തേനും ചേർത്തു കൊടുക്കുക. നന്നായി കുറുകി വരുമ്പോൾ  തീയണച്ചു തണുപ്പിക്കാൻ വെക്കുക. മൂന്നര കിലോ കുറുക്ക്  മരുന്ന് തയാറായിക്കഴിഞ്ഞു.

കുറച്ചുനാൾ വെക്കണമെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. അധികം വെള്ളം കുടിച്ചാൽ പച്ചമരുന്ന് ശരീരത്തിൽ പിടിക്കില്ല അതുകൊണ്ട് രാത്രിയിൽ കിടക്കുമ്പോൾ കഴിച്ചിട്ട് കിടക്കുക. പച്ചില കിട്ടുന്നതിനനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. മറ്റു പച്ചിലമരുന്നുകൾ ഉൾപ്പെടുത്താം.

English Summary:  Kurukku Marunnu, Lehyam Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com