ADVERTISEMENT

കൊതിപ്പിക്കുന്ന രുചിയിൽ തലശ്ശേരി സ്പെഷൽ ചിക്കൻ ദം ബിരിയാണി പ്രഷർ കുക്കറിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

  • ചിക്കന്‍- 1 കിലോ
  • ജീരറൈസ് - 4 കപ്പ്
  • സവാള - 4 എണ്ണം
  • തക്കാളി - 2 എണ്ണം
  • നാരങ്ങ - 1 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • മല്ലിയില - 1 കപ്പ്
  • ഇഞ്ചി- വെളുത്തുള്ളി അരച്ചത് - 3 ടീസ്പൂണ്‍
  • മുളകുപൊടി - 2 ടീസ്പൂണ്‍
  • കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
  • ഗരംമസാല - 1/2 ടീസ്പൂണ്‍
  • മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
  • തൈര് - 3 ടീസ്പൂണ്‍
  • നെയ്യ് - 3 ടീസ്പൂണ്‍
  • അണ്ടിപ്പരിപ്പ് - 50 ഗ്രാം
  • കിസ്മിസ് - 100 ഗ്രാം
  • എലയ്ക്ക - 5 എണ്ണം
  • കറുവാപ്പട്ട - 1 എണ്ണം
  • ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ആദ്യം ചിക്കന്‍ മാരിനേറ്റ് ചെയ്യാനാവശ്യമായ മസാലയാക്കായി  രണ്ട് ടീസ്പൂണ്‍ ഇഞ്ചി- വെളുത്തുള്ളി അരച്ചത്,  രണ്ട് ടീസ്പൂണ്‍ മുളകുപൊടി, അര ടീസ്പൂണ്‍ കുരുമുളകുപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, അര ടീസ്പൂണ്‍ ഗരംമസാല, അര ടീസ്പൂണ്‍ മല്ലിപ്പൊടി, മൂന്ന് ടീസ്പൂണ്‍ തൈര് എന്നിവ പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇങ്ങനെ തയാറാക്കിയ മസാലയിലേക്ക് ഒരു കഷ്ണം ബട്ടര്‍ കൂടി ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഒരു കിലോ ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി മസാല പുരട്ടി അരമണിക്കൂര്‍ വയ്ക്കുക.

അതിനു ശേഷം കൊത്തിയരിഞ്ഞ മൂന്ന് സവാള, ചെറുതായി അരിഞ്ഞ രണ്ട് തക്കാളി, ചെറുതായി അരിഞ്ഞ കാപ്‌സിക്കം, തൊലികളഞ്ഞ് അരിഞ്ഞ ഒരു നാരങ്ങ, രണ്ട് തണ്ട് കറിവേപ്പില എന്നിവ ഒരു സ്പൂണ്‍ ഇഞ്ചി - വെളുത്തള്ളി അരച്ചതും രണ്ട് സ്പൂണ്‍ തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് കൈകൊണ്ട് നന്നായി പിഴിഞ്ഞ് കുഴച്ചെടുക്കുക.

കുഴച്ചെടുത്ത ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ രണ്ട് പച്ചമുളകും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും കാല്‍ ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് ഇളക്കി  അര മണിക്കൂര്‍ വയ്ക്കുക.

ഈ സമയം വറുത്തെടുക്കാനുള്ള ചേരുവകള്‍ വറുത്തെടുക്കാം. അതിനായി ചുവടു കട്ടിയുളള പാത്രത്തില്‍ മൂന്ന് സ്പൂണ്‍ നെയ്യ് ഒഴിച്ച് കനം കുറച്ച് അരിഞ്ഞ ഒരു സവോള കുറച്ചു ഉപ്പ് ചേര്‍ത്ത് വറുത്തെടുക്കാം. അതിനു ശേഷം അണ്ടിപരിപ്പും കിസ്മിസും വറുത്തെടുക്കാം.

അതിനു ശേഷം മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന പച്ചക്കറികള്‍ പകുതി ചേര്‍ത്ത് വഴറ്റി അതിലേയ്ക്ക് മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്തു കൊടുക്കാം. ചിക്കനുമുകളിലായി ബാക്കിയുള്ള പച്ചക്കറികളും ചേര്‍ത്തു കൊടുക്കാം.

പാത്രം മൂടിവെച്ച് ചെറിയ തീയില്‍ ചേരുവകളെല്ലാം അഞ്ചുമിനിറ്റ് വേവിക്കുക. ഈ സമയം ചോറ് തയാറാക്കുന്നതിനായി ചൂടുവെള്ളത്തിലേയ്ക്ക് കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ ചേര്‍ത്തു കൊടുക്കാം. 

വെള്ളം തിളച്ചുവരുമ്പോള്‍ കഴുകിവാരിയ ജീരറൈസും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ചോറ് പകുതി വെന്തതിനു ശേഷം കോരിയെടുക്കുക.

ചെറിയ തീയില്‍ തിളച്ചു കൊണ്ടിരിക്കുന്ന ചിക്കനു മുകളിലായി കോരിയെടുത്ത പകുതി ചോറ് നിരത്തി വിളമ്പുക. അതിന് മുകളിലായി വറുത്തെടുത്ത സവാളയും അണ്ടിപ്പരിപ്പും കിസ്മിസും വിതറിക്കൊടുക്കാം. അരിഞ്ഞുവെച്ചിരിക്കുന്ന മല്ലിയിലയും ഇതോടൊപ്പം ചേര്‍ക്കാം. ഇതിനു ശേഷം ഒരു ടീസ്പൂണ്‍ നെയ്യ്  ഒഴിക്കുക. ലെയറുകളായി ബാക്കിയുള്ള ചോറും ഇതുപോലെ ചെയ്യാം.

അതിനു ശേഷം അടച്ച് ദം ചെയ്യാനായി മൈദമാവുകൊണ്ട് മൂടി നന്നായി ഒട്ടിച്ചെടുക്കുക. ചെറിയൊരു ദ്വാരം ഇടണം. അതുവഴി ആവി വരുന്നതു മനസിലാക്കി വേവ് അറിയാനാണ്. ആവി നന്നായി വന്നുതുടങ്ങുമ്പോള്‍ ദോശക്കല്ല് ചൂടാക്കി അതിനു മുകളിലായി ചെറു തീയില്‍ ബിരിയാണി പാത്രം വയ്ക്കുക. അര മണിക്കൂറിനു ശേഷം തീ അണച്ച് വീണ്ടും പത്തു മിനിറ്റ് കൂടി വെയ്ക്കാം. അതിനു ശേഷം വശങ്ങളില്‍ തേച്ചു പിടിപ്പിച്ച മൈദമാവ് ഇളക്കി പാത്രം തുറക്കാം.

English Summary:  Delicious mix of fragrant rice, spices, and meat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com