ADVERTISEMENT

കൊറോണക്കാലമായതിനാൽ ഈ വർഷം ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് കണ്ണന്മാരും ഗോപികമാരും വരില്ലല്ലോ. അപ്പോൾ അവർക്കായി വീട്ടിൽ ഒരു പാൽപ്പായസം ഒരുക്കാം, വെറും പാൽപ്പായസമല്ല... ചോക്ലേറ്റ് പാൽപ്പായസം.

ചേരുവകൾ 

  • ഉണക്കലരി  - 1/2 കപ്പ് 
  • പാൽ - 1 ലിറ്റർ 
  • പഞ്ചസാര - ഏകദേശം 3/4 കപ്പ് (1/2 കപ്പ് + 1 1/2  ടേബിൾസ്പൂൺ) 
  • വെള്ളം - 1 കപ്പ് 
  • ഏലയ്ക്കാപൊടി- 1/4 ടീസ്പൂൺ
  • നെയ്യ് - 1 ടീസ്പൂൺ 
  • ചോക്ലേറ്റ് - 1 1/2 ടേബിൾസ്പൂൺ (ആവശ്യത്തിന് അനുസരിച്ച് മാറ്റാവുന്നതാണ് )

തയാറാക്കുന്ന വിധം

ഉണക്കലരി നന്നായി കഴുകിയ ശേഷം അര മണിക്കൂർ കുതിർത്തെടുക്കാം. നന്നായി കുതിർന്ന അരി വെള്ളം ഒഴിച്ച്, കുക്കറിൽ 1 വിസിലിൽ വേവിച്ചെടുക്കാം. (കുഴഞ്ഞ് പോകാതെ ശ്രദ്ധിക്കണം)

ആവി പോയ ശേഷം മൂടി മാറ്റി, വേവിച്ച് വച്ചിരിക്കുന്ന അരിയിലേക്ക് അല്പം നെയ്യും പഞ്ചസാരയും ചേർത്ത് ചെറുതീയിൽ വരട്ടി എടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ചോറിലേക്ക് മധുരം നന്നായി പിടിക്കും. അരി അമിതമായി വെന്തു പോവുകയുമില്ല. 

നന്നായി വരട്ടിയ ശേഷം, തിളപ്പിച്ച പാൽ ചേർത്ത് കൊടുക്കുക. പാലിന്റെ മുകളിലെ പാട മാറ്റാൻ മറക്കരുത്. 

ഇനി കൈ വിടാതെ ഇളക്കി പാൽ കുറുക്കി എടുക്കേണ്ടതാണ്. ഒന്ന് കുറുകി വരുമ്പോൾ ഏലയ്ക്കാപൊടിയും, താൽപര്യം ഉണ്ടെങ്കിൽ മാത്രം രണ്ടോ മൂന്നോ തുള്ളി വാനില എസൻസും ചേർത്ത് ഇളക്കി വീണ്ടും കുറുക്കിയെടുക്കാം. പാകത്തിന് കുറുകി വരുമ്പോൾ തീ അണച്ച് മാറ്റി വയ്ക്കാം.

അൽപം ചൂടാറിയ ശേഷം ഇതിലേക്ക് ചോക്ലേറ്റ് ചേർത്ത് കൊടുക്കാം. ചോക്ലേറ്റ് സ്പ്രെഡ് /ചോക്ലേറ്റ് സിറപ്പ് / കൊക്കോ പൗഡർ ഇവയിൽ ഏതെങ്കിലും ചേർക്കാവുന്നതാണ്.  കൊക്കോ പൗഡർ ആണെങ്കിൽ അല്പം കൂടി മധുരം ചേർക്കേണ്ടതാണ്. വ്യത്യസ്ത രുചിയിൽ ഉള്ള ചോക്ലേറ്റ് പാൽപായസം വിളമ്പാം. പായസം കുറുകി പോയാൽ പാലോ തിളപ്പിച്ചാറിയ വെള്ളമോ ചേർക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com