ADVERTISEMENT

തേങ്ങ അരച്ചു വാളൻപുളിയും മുരിങ്ങക്കായും തക്കാളിയും ഇട്ടു വയ്ക്കുന്ന ഈ മീൻകറി ചോറിനും കപ്പയ്ക്കും ഒപ്പം കഴിക്കാൻ അതീവ രുചികരമാണ്.

ചേരുവകൾ 

  • അയല – 3 എണ്ണം  
  • തേങ്ങ    – 3/4 കപ്പ്‌ 
  • ചെറിയഉള്ളി – 3-4 എണ്ണം  
  • മുരിങ്ങയ്ക്ക  – ഒന്നിന്റെ പകുതി കഷ്ണങ്ങൾ ആക്കിയത് 
  • തക്കാളി        –  2 എണ്ണം നന്നായി പഴുത്തത് 
  • പച്ച മുളക്     – 3-4 എണ്ണം നെടുകെ പിളർന്നത് 
  • മഞ്ഞൾപ്പൊടി  – 1/4 ടീ സ്പൂൺ 
  • മുളകുപൊടി     – 2 1/2 ടീ സ്പൂൺ 
  • മല്ലിപ്പൊടി         –  2 ടീ സ്പൂൺ 
  • ഉലുവാപ്പൊടി   – 1/4 ടീ സ്പൂൺ 
  • വാളൻ പുളി      – 1 നെല്ലിയ്ക്കാ വലുപ്പം
  • കറിവേപ്പില       – 4 തണ്ട് 
  • വെളിച്ചെണ്ണ       –  1 ടേബിൾ സ്പൂൺ 
  • ഉപ്പ്                     –  പാകത്തിന് 

1. മീൻ വെട്ടി കഴുകി കഷ്ണങ്ങളാക്കി വയ്ക്കുക.
2. വാളൻ പുളി വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞ് വയ്ക്കുക.
3. മുളകുപൊടി, മല്ലിപ്പൊടി ഇവ ഒരു ചീന ചട്ടിയിൽ ഇട്ടു പച്ചമണം പോകുന്നത് വരെ ചെറു തീയിൽ ഇട്ടു നന്നായി മൂപ്പിക്കുക.

മീൻ കറിക്ക് ഉള്ള അരപ്പ് ഉണ്ടാക്കുന്ന വിധം 

നാളികേരം ചിരകിയത്, ചെറിയ ഉള്ളി, മഞ്ഞൾപ്പൊടി, മൂപ്പിച്ച മുളകുപൊടി, മല്ലിപ്പൊടി,  ഉപ്പ്,  പുളി പിഴിഞ്ഞത് ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് അരപ്പ് കലക്കി മാറ്റി വയ്ക്കുക.

തയാറാക്കുന്ന വിധം 

ഒരു ചട്ടിയിൽ മീൻ കഷ്ണങ്ങൾ ഇട്ടു അതിലേക്ക് കലക്കി വച്ചിരിക്കുന്ന അരപ്പ് ആവശ്യത്തിന് വെള്ളവും പുളിയും ഉപ്പും ചേർത്ത് കലക്കി അടച്ചു വച്ച് തിളപ്പിക്കുക.  ആദ്യത്തെ തിള വരാൻ തുടങ്ങുമ്പോൾ ഉലുവാപ്പൊടി, മുരിങ്ങയ്ക്ക, പച്ചമുളക്, തക്കാളി, കുറച്ചു കറിവേപ്പില ഇവ ഇട്ടു ഉപ്പും പുളിയും ചേർത്ത് ചെറിയ തീയിൽ അടച്ചു വയ്ക്കുക.  നന്നായി തിളച്ചു വരുമ്പോൾ ഇടയ്ക്ക് ചട്ടി ഒന്ന് ചുറ്റിച്ചു കൊടുക്കുക. മീൻ കറി തിളച്ചു കഴിഞ്ഞാൽ പിന്നെ സ്പൂൺ, തവി ഇവ ഒന്നും ഇട്ടു ഇളക്കരുത് കഷ്ണങ്ങൾ ഉടഞ്ഞു പോകും. നന്നായി തിളച്ചു ചാറു കുറുകി വരുമ്പോൾ മുകളിൽ എണ്ണ തെളിഞ്ഞു വരും. അപ്പോൾ തീ അണച്ച് കറിവേപ്പില ഇട്ട്  പച്ചവെളിച്ചെണ്ണയും മുകളിൽ ഒഴിച്ച് അടച്ചു വയ്ക്കുക. അയലക്കറി റെഡി.

മീൻ കറി ഏത് തയാറാക്കിയാലും കറി വച്ച ഉടനെ കഴിക്കാൻ എടുക്കരുത്. അത് അടുപ്പത്ത് ഇരുന്ന് കഷ്ണങ്ങളിൽ അരപ്പ് പിടിച്ചതിനു ശേഷം. അതായത് മിനിമം ഒരു അരമണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രം വിളമ്പുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com