ADVERTISEMENT

നോൺ- വെജ്‌ ഇല്ലാത്തപ്പോഴൊ കഴിക്കാത്തപ്പോഴൊ പരീക്ഷിക്കാൻ പറ്റിയ, അത്യന്തം രുചികരമായ ഒരു കറിയും തോരനും പച്ചനേന്ത്രക്കായ വെച്ച് വളരെ പെട്ടെന്ന് തയാറാക്കാം.

നേന്ത്രക്കായ കറി (മീനില്ലാത്ത മീൻ കറി)

ചേരുവകൾ:

  • പച്ചനേന്ത്രക്കായ -2
  • സവാള - പകുതി
  • പച്ചമുളക്‌ -2
  • ഇഞ്ചി -1 ഇഞ്ച് വലുപ്പത്തിൽ 
  • വെളുത്തുള്ളി  -2 വലുത് 
  • തക്കാളി -1
  • കറിവേപ്പില -കുറച്ച്‌
  • മല്ലിപ്പൊടി - 1 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ 
  • മുളകുപൊടി - 1 ടീസ്പൂൺ
  • ഫിഷ്‌ മസാലപ്പൊടി - 1 ടീസ്പൂൺ (ഇഷ്ടമുണ്ടെങ്കിൽ)
  • ഉലുവാപ്പൊടി - ഒരു നുള്ള്
  • വെള്ളം - 1 കപ്പ്
  • കട്ടിയുള്ള തേങ്ങാപ്പാൽ -1/2 കപ്പ്
  • വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ 

 

താളിക്കാൻ

  • വെളിച്ചെണ്ണ
  • കടുക്‌
  • ഉലുവ
  • കറിവേപ്പില

തയാറാക്കുന്ന വിധം:  

•സവാള നീളത്തിൽ അരിയുക. പച്ചമുളക്‌ അറ്റം പിളർന്ന് വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുക്കുക. തക്കാളി ചതുരക്കഷണങ്ങളാക്കി  മുറിക്കുക. നേന്ത്രക്കായ് തൊലി മാറ്റി നടുവെ മുറിച്ച് കനം കുറച്ച്‌ അരിയുക. 

• ഒരു നോൺ സ്റ്റിക്ക്‌ പാൻ സ്റ്റൗവിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ശേഷം മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഫിഷ്‌ മസാല പൊടി , ഉലുവ പൊടി എന്നിവ ചേർത്ത്‌ വഴറ്റുക. മൂത്ത്‌ കഴിഞ്ഞാൽ തക്കാളിയും കറിവേപ്പിലയും ചേർത്ത്‌ വഴറ്റുക. 

• തക്കാളി വഴന്നതിന്‌ ശേഷം 1/2 ഗ്ലാസ് വെള്ളം ഒഴിച്ച് തിളക്കുമ്പോൾ മുറിച്ച് വെച്ച കായക്കഷണങ്ങൾ ചേർക്കുക. 5 മിനിറ്റ്‌ അടച്ച് വെച്ച് വേവിച്ചതിനുശേഷം ( ഇടയ്ക്കിടക്ക് ഇളക്കണം), ഉപ്പും 1/2 ഗ്ലാസ് വെള്ളവും  കൂടി ചേർത്ത്‌ 10 മിനിറ്റ്‌ കൂടി വേവിക്കുക. കഷണങ്ങൾ വെന്താൽ തേങ്ങാപ്പാൽ ഒഴിച്ച് തിളക്കുമ്പോൾ സ്റ്റൗ ഓഫ്‌ ചെയ്യാം. 

• കടുകും ഉലുവയും കറിവേപ്പില യും വെളിച്ചെണ്ണയിൽ താളിച്ച്‌ കറിയിൽ ചേർക്കുക.

കായത്തോലും പയറും തോരന്‍ 

ചേരുവകള്‍ :

• കായത്തോല്‍ - 2 കായയുടെ
• വന്‍പയര്‍ വേവിച്ചത് - 1/2 കപ്പ്
• കടുക് - കുറച്ച്
• സവാള - പകുതി (പൊടിയായി അരിയുക)
• പച്ചമുളക് - 2
• കറിവേപ്പില - കുറച്ച്
• തേങ്ങ ചിരകിയത് - 1/2 കപ്പ്
• മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
• ഉപ്പ് -ആവശ്യത്തിന്
• വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം:

•  കായത്തോലും (ചെറുതാക്കി അരിഞ്ഞത്) പയറും വേറെ വേറെ വേവിച്ച് മാറ്റി വയ്ക്കുക.
•  ഒരു ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടായാല്‍ കടുകിട്ട് പൊട്ടിച്ച് സവാളയും  പച്ചമുളകും  കറിവേപ്പിലയും  ചേര്‍ത്ത് 2 മിനിറ്റ് വഴറ്റി, ചിരകിയ തേങ്ങ ചേര്‍ക്കുക. തേങ്ങ ചൂടാകുമ്പോള്‍ വേവിച്ച കായത്തോലും പയറും ചേര്‍ക്കുക. നന്നായി ഇളക്കി 2-3 ടേബിള്‍ സ്പൂണ്‍  പയര്‍ വെന്ത വെള്ളം  ചേര്‍ത്ത് 2 മിനിറ്റ് അടച്ച് വെച്ച് വേവിച്ച് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com