ADVERTISEMENT

മൈദ, പഞ്ചസാര, ബിറ്റർ ഒന്നും വേണ്ട കിടിലൻ രുചിയിൽ ബസ്മതി ചോറ് കൊണ്ട് ക്രിസ്പി ടാച്ചിൻ കേക്ക്. പേർഷ്യൻ വിഭവമായ സാഫ്‌റോൺ റൈസ് കേക്കിൽ ഒരു തലശ്ശേരി ചിക്കൻ മസാല കോമ്പിനേഷൻ കൊടുത്താണ് ഈ കേക്ക് തയാറാക്കുന്നത്, വളരെ ടേസ്റ്റിയാണ്. ഉച്ചയ്ക്ക് പ്രധാന വിഭവമായി വിളമ്പാം ഈ കേക്ക്. 

 

ചേരുവകൾ

  • ബസ്മതി റൈസ് - ഒന്നര കപ്പ് 
  • വെള്ളം – വേവിയ്ക്കാൻ ആവശ്യമായത് 
  • ഉപ്പ് - ചോറിന് ആവശ്യമായത് 
  • ചെറിയ സവാളയുടെ പകുതി നീളത്തിൽ അരിഞ്ഞത് 
  • തക്കാളി ചെറുതായി അരിഞ്ഞത് – കാൽ ഭാഗം
  • ചിക്കൻ - 250 ഗ്രാം
  • സവാള – 2 എണ്ണം ഫ്രൈ ചെയ്തത് 
  • തക്കാളി – 2 എണ്ണം ചെറുതായി അരിഞ്ഞത് 
  • ഇഞ്ചി ചതച്ചത് - ഒന്നര ടേബിൾസ്പൂൺ 
  • വെളുത്തുള്ളി ചതച്ചത് -രണ്ട് ടേബിൾസ്പൂൺ 
  • പച്ചമുളക് – 8 ചതച്ചെടുത്തത്
  • മല്ലിയില -ഒരു കൈപ്പിടി 
  • നാരങ്ങാ നീര് -ഒരു ടേബിൾസ്പൂൺ 
  • റോസ് വാട്ടർ -ഒരു ടീസ്പൂൺ 
  • തൈര് - രണ്ട് ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - കാൽ ടീസ്പൂണിലും കുറവ് /കളറിന് വേണ്ടി മാത്രം ,അധികം ചേർക്കരുത് 
  • ബിരിയാണി മസാല - കാൽ ടീസ്പൂൺ (അധികം മസാല ചേർത്താൽ കുത്തൽ മണം ഉണ്ടാകും)
  • സൺഫ്ലവർ ഓയിൽ -മൂന്ന് ടേബിൾസ്പൂൺ
  • നെയ്യ് - ഒരു ടീസ്പൂൺ 
  • മുട്ട - ഒന്ന് മുതൽ രണ്ടെണ്ണം വരെ ചേർക്കാം 
  • നെയ്/വെണ്ണ ഉപ്പില്ലാത്തത് - കാൽ കപ്പ് 
  • സൺഫ്ലവർ /കനോല ഓയിൽ - കാൽ കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 
  • പുളിയില്ലാത്ത തൈര് -അര കപ്പ് 
  • കിസ്മിസ് -പത്തെണ്ണം 

 

തയാറാക്കുന്ന വിധം

  • ബസ്മതി റൈസ് വെള്ളം തെളിയുന്നത് വരെ കഴുകി മുപ്പതു മിനിറ്റ് തണുത്ത വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. 
  • ചോറ് തയാറാക്കാൻ ഒരു പാത്രത്തിൽ കുറച്ചധികം വെള്ളം ആവശ്യത്തിന് ഉപ്പും സവാളയും തക്കാളിയും ഇട്ടു തിളപ്പിയ്ക്കുക. വെള്ളം തിളച്ചുവരുമ്പോൾ കുതിർത്തു വെച്ച അരി ചേർത്ത് കൊടുക്കണം 
  • തീ കൂട്ടി  ആറു തൊട്ടു എട്ടു മിനിറ്റ് വരെ തിളപ്പിയ്ക്കുക. വെന്തു പോകരുത്. ശേഷം വെള്ളം ഊറ്റിക്കളഞ്ഞു ചോറ് മാറ്റി വയ്ക്കുക. 

 

ചിക്കൻ തയാറാക്കാൻ 

  • ഒരു കുക്കറിൽ രണ്ട് ടേബിൾസ്പൂൺ ഓയിൽ ഒരു ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് കൊടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുത്തു ഇളക്കുക 
  • അടച്ചു വച്ചു മീഡിയം തീയിൽ രണ്ട് മിനിറ്റ് അടച്ചു വെച്ചു വേവിക്കുക. തക്കാളിക്ക ഉടഞ്ഞു വരുമ്പോൾ ചതച്ചു വച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കണം 
  • ഒന്ന് ഇളക്കി യോജിപ്പിച്ചതിനു ശേഷം വറുത്ത സവാള, മഞ്ഞൾപ്പൊടി, മുളകുപൊടി കളറിന് വേണ്ടിയും ചേർത്ത് കൊടുക്കുക 
  • ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.( ഒരു മിനിറ്റ്)

 

  • നാല് ടേബിൾസ്പൂൺ വെള്ളം ,ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് ,റോസ് വാട്ടർ ചേർത്ത് കൊടുത്തു മീഡിയം തീയിൽ രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക.
  • രണ്ട് വിസിൽ വന്നതിനു ശേഷം അടപ്പു തുറന്നു ചിക്കനിൽ ബിരിയാണി മസാല രണ്ട് ടേബിൾസ്പൂൺ തൈര് എന്നിവ ചേർത്ത് മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തു ഗ്രേവി ഒന്ന് കുറുക്കിയെടുക്കുക.

 

  • ഒരു ബൗളിൽ മുട്ട,അര കപ്പ് തൈര് എന്നിവ ചേർത്ത് സ്പൂൺ ഉപയോഗിച്ച് യോജിപ്പിക്കുക. കാൽ കപ്പ് നെയ്യ്/വെണ്ണ കാൽ കപ്പ് ഓയിൽ എന്നിവ ചേർത്ത് കൊടുക്കുക. ഇളം ചൂടുവെള്ളത്തിൽ കുതിർത്തു വച്ച കുങ്കുമപ്പൂവും വെള്ളവും ചേർത്ത് കൊടുക്കുക.
  • തയാറാക്കിയ ചോറിന്റെ മിശ്രിതവും ചേർത്ത് ഇളക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ചേർക്കാം. 

 

  • അവ്ൻ പ്രീഹീറ്റ്‌ ചെയുക 400 ഡിഗ്രി ഫാരൻഹീറ്റ്‌ ഇരുനൂറു ഡിഗ്രി സെൽഷ്യസിൽ പത്തു മിനിറ്റ് ഒരു ഗ്ലാസ് ബേക്കിങ് ബൗൾ അല്ലെങ്കിൽ നോൺ സ്റ്റിക്ക് ബേക്കിങ് പാൻ എടുത്തു നെയ് തേച്ചു കൊടുക്കുക 
  • ചോറിന്റെ മിക്സ് ആദ്യത്തെ ലെയർ ആയി ഇട്ടു കൊടുക്കുക ,കട്ടി ഉള്ളൊരു ഗ്ലാസ് കൊണ്ട് ഒന്ന് അമർത്തി കൊടുക്കണം. 
  • നടുക്കായി തയാറാക്കിയ ചിക്കൻ ചേർത്ത് കൊടുക്കുക, ഫ്രൈഡ് സവാളയും കിസ്മിസും മുകളിൽ ചേർത്ത് കൊടുക്കാം. 
  • അതിനും മുകളിലായി ബാക്കി ഉള്ള ചോറ് കൂടെ ചേർത്ത് കൊടുത്തു ലെവൽ ചെയ്യുക. 
  • ഒരു അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് നന്നായി മൂടി അവ്നിൽ ഏറ്റവും താഴത്തെ റാക്കിൽ ഒരു മണിക്കൂർ ബേക്ക് ചെയ്യുക. 
  • താഴെ വച്ചാൽ റൈസ് നല്ല ക്രിസ്പിയും ഗോൾഡൻ കളറും ആവുകയുള്ളൂ 
  • ഒരു മണിക്കൂർ കഴിഞ്ഞു ഒരു പരന്ന പ്ലേറ്റിലോട്ടു മറിച്ചിട്ടു കൊടുക്കാം 
  • ചൂടോടെ തന്നെ മുറിച്ച് വിളമ്പാം.


അവ്ൻ ഇല്ലാതെ തയാറാക്കാം 

ചുവടുകട്ടി ഉള്ള ഒരു നോൺസ്റ്റിക് പാൻ എടുക്കുക ,അതിലോട്ടു നാല് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. 

എണ്ണ ചൂടാകുമ്പോൾ ചോറ് പകുതി ഇട്ടു കൊടുക്കുക ,ഒരു തവി ഉപയോഗിച്ചു ചോറ് നന്നായി അമർത്തി ലെവൽ ചെയ്യുക. മുകളിലായിട്ടു ചിക്കൻ ഇട്ടു കൊടുക്കുക, ബാക്കി ചോറ് കൂടെ ചേർത്ത് കൊടുത്തു മീഡിയം തീയിൽ അടച്ചു വച്ച് പുറത്തോട്ടു ആവി വരുന്നത് വരെ വേവിക്കുക. ഇതു ഏഴു മിനിറ്റ് സമയം എടുക്കും. ആവി വന്നതിനു ശേഷം മൂടിയുടെ അകത്തൂടെ കൂടെ ഒരു തുണി ഇട്ടു ആവി പുറത്തു പോകാത്ത രീതിയിൽ അടച്ചുവെച്ചു ഏറ്റവും ചെറിയ തീയിൽ നാൽപ്പത്തി അഞ്ചു മിനിറ്റ് വേവിയ്ക്കുക. ശേഷം ഒരു പാത്രത്തിലോട്ടു വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com