എത്രകഴിച്ചാലും മടുക്കാത്ത ചിക്കൻ റോസ്റ്റ്
Mail This Article
രുചികരമായ ചിക്കൻ റോസ്റ്റ്, തനി നാടൻ രീതിയിൽ തയാറാക്കാം.
ചേരുവകൾ
- ചിക്കൻ – 1 കിലോ
- സവാള – 2 എണ്ണം (വലുത് )
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ
- പച്ചമുളക് - 5എണ്ണം
- തക്കാളി – 2 എണ്ണം (മീഡിയം സൈസ് )
- നാരങ്ങാ നീര് – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ
- മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ
- കാശ്മീരി മുളകുപൊടി – 3 ടീസ്പൂൺ
- മുളകുപൊടി – 2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി - 1 ടീസ്പൂൺ
- ഗരം മസാല – 1 ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ചൂട് വെള്ളം – അര കപ്പ്
തയാറാക്കുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
ചിക്കനിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അര ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ നാരങ്ങാ നീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂർ മാറ്റിവയ്ക്കുക.
അര മണിക്കൂറിനു ശേഷം വെളിച്ചെണ്ണയിൽ ചിക്കൻ വറുത്തെടുത്ത് മാറ്റിവയ്ക്കാം.
ഫ്രൈയിങ് പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള ചേർത്ത് കൊടുക്കുക കുറച്ചു ഉപ്പും സവാളയിൽ ചേർത്ത് കൊടുത്താൽ വേഗം വഴന്നു കിട്ടും. സവാളയിലേക്കു പച്ചമുളകും കറി വേപ്പിലയും കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു വന്നാൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി കൂടി ചേർക്കാം. ഈ മിക്സിലേക്കു കാശ്മീരി മുളകുപൊടി രണ്ടു ടീസ്പൂൺ, ഒരു ടേബിൾസ്പൂൺ മുളകുപൊടി എന്നിവകൂടി ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ച മണം മാറിയാൽ തക്കാളി കൂടി ചേർത്ത് മൂടി വെച്ച് വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. തക്കാളി നന്നായി വഴന്നു വന്നാൽ നേരത്തെ വറുത്തെടുത്ത ചിക്കൻ ചേർത്ത് യോജിപ്പിക്കാം. അരക്കപ്പ് ചൂട് വെള്ളവും ചേർത്ത് ഒന്ന് കൂടി മൂടി വയ്ക്കുക. മീഡിയം തീയിൽ വയ്ക്കണം.
ശേഷം മൂടി തുറന്നു കുരുമുളക് പൊടിയും ഗരം മസാലയും കൂടി ചേർത്ത് ഒന്ന് ഡ്രൈയാക്കി എടുക്കണം.
കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം. നന്നായി ഡ്രൈ ആയാൽ സ്റ്റൗ ഓഫ് ചെയ്യാം. ടേസ്റ്റി ചിക്കൻ റോസ്റ്റ് ചൂടോടെ വിളമ്പാം.