ADVERTISEMENT

വിഷു സദ്യയ്ക്കൊരുക്കാം നല്ല രുചിയുള്ള നേന്ത്രപ്പഴം പുളിശ്ശേരി...

ചേരുവകൾ

1. നല്ല പഴുത്ത നേന്ത്രപ്പഴം - 1 എണ്ണം
2. തൈര് - 1 കപ്പ്
3. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
4. മുളകുപൊടി - 1 ടീസ്പൂൺ
5. കുരുമുളക് പൊടി - 3/4 ടീസ്പൂൺ
6. ശർക്കര - 2 ചെറിയ കഷ്ണം
7. വെള്ളം
8. ഉപ്പ് – ആവശ്യത്തിന്

അരപ്പ് തയാറാക്കുന്നതിന്
1. ചിരകിയ തേങ്ങ - 3/4 കപ്പ്
2. വെളുത്തുള്ളി അല്ലി - 2 എണ്ണം
3. ചുവന്നുള്ളി - 2 എണ്ണം
4. പച്ചമുളക് - 1 എണ്ണം
5. ചെറിയ ജീരകം - 1 ടീസ്പൂൺ
6. വെള്ളം - 1/4 കപ്പ്

താളിക്കുന്നതിന്
1. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
2. കടുക് - 1 ടീസ്പൂൺ
3. ഉലുവ - 1/2 ടീസ്പൂൺ
4. വറ്റൽ മുളക് - 2 എണ്ണം
5. കറിവേപ്പില

തയാറാക്കുന്ന വിധം

നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചു വയ്ക്കുക. പുളിശ്ശേരി തയാറാക്കുന്ന പാത്രത്തിൽ പഴം മുങ്ങി കിടന്ന് വേവാൻ ആവശ്യമുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. അതോടൊപ്പം അതിലേക്ക് അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും രണ്ട് ചെറിയ കഷ്ണം ശർക്കരയും ചേർത്ത ശേഷം അടുപ്പത്ത് വച്ച് തീ കത്തിക്കുക. തിള വന്നു തുടങ്ങുമ്പോൾ മൂടി വച്ച് ഇടത്തരം തീയിൽ 5 മിനിറ്റോളം വേവിക്കുക. 

ഈ പഴം വേവുന്ന സമയം കൊണ്ട് ഇതിലേക്കുള്ള അരപ്പ് തയാറാക്കിയെടുക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് ചിരകിയ തേങ്ങയും രണ്ട് ചെറിയ കഷ്ണം വെളുത്തുള്ളി അല്ലിയും രണ്ട് ചെറിയ ഉള്ളിയും ഒരു പച്ചമുളകും ഒരു ടീസ്പൂൺ ചെറിയ ജീരകവും കാൽ കപ്പ് വെള്ളവും ചേർത്ത് നല്ല മയത്തിൽ അരച്ച് മാറ്റിവയ്ക്കുക.

ഏകദേശം 5 മിനിറ്റിനു ശേഷം അടപ്പ് തുറന്ന് ഈ അരപ്പ് പഴത്തിലേക്ക് ഒഴിക്കുക. കുറച്ച് വെള്ളം കൂടെ അരപ്പിലേക്ക് ചേർത്ത് അതു കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഏകദേശം 5 മിനിറ്റോളം ചെറിയ തീയിൽ തിളപ്പിക്കുക. ശേഷം ഇതിലേക്ക് കട്ടകളൊക്കെ  നന്നായി ഉടച്ചിട്ടുള്ള അധികം പുളി ഇല്ലാത്ത ഒരു കപ്പ് തൈര് ചേർത്ത് നന്നായി ഇളക്കുക. തൈര് ചേർത്ത ശേഷം തിള വന്നു തുടങ്ങുമ്പോൾ  ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് ഇളക്കി തീ ഓഫാക്കുക.

ഇതിലേക്ക് താളിച്ച് ചേർക്കാൻ ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടാവുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർക്കുക. കടുക് പൊട്ടി തുടങ്ങുമ്പോൾ അര ടീസ്പൂൺ ഉലുവ ചേർക്കുക. ഉലുവ എല്ലാം നന്നായി പൊട്ടിക്കഴിയുമ്പോൾ രണ്ട് വറ്റൽമുളക് ചെറുതായി മുറിച്ചതും കുറച്ച് കറിവേപ്പിലയും കൂടെ ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം തീ ഓഫാക്കുക. ഇതിനെ പുളിശ്ശേരിയിലേക്ക് ചേർത്ത് കൊടുത്തിട്ട് നന്നായി ഇളക്കുക. സ്വാദിഷ്ടമായ പഴം പുളിശ്ശേരി തയാർ.

English Summary :  Ripe Banana Pulissery for Vishu Sadhya.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com