ADVERTISEMENT

തല്ലുമ്പോൾ ചിലർ നന്നാകുന്നത് പോലെ തല്ലിയാൽ രുചിയേറുന്നൊരു വെറൈറ്റി ചിക്കൻ വിഭവമാണ് തല്ലു കൊള്ളി ചിക്കൻ. ചിക്കനെ ചേരുംപടി ചെറുതായി തല്ലുമ്പോൾ മാംസം കൂടുതൽ മൃദുവാകും; അതു രുചിയും കൂട്ടും.  ഇതിൽ ഉപയോഗിച്ചിരിക്കുന്ന രുചിക്കൂട്ടുകളും ഏറെ വ്യത്യസ്തമാണ്.  നോമ്പു തുറക്കലിനും നമ്മുടെ എല്ലാ ആഘോഷങ്ങൾക്കും ഉണ്ടാക്കാവുന്ന ഒരു സൂപ്പർ ചിക്കൻ വിഭവമാണിത്. ഒരിക്കൽ കഴിച്ചാൽ രുചി മറക്കില്ലെന്ന് ഉറപ്പ്.

ചേരുവകൾ 

  • ചിക്കൻ - 1 കിലോഗ്രാം
  • തൈര് - 5 ടേബിൾസ്പൂൺ
  • മുളകുപൊടി - 1/2 ടേബിൾസ്പൂൺ
  • ഉപ്പ്
  • ഗരം മസാല - 1/2 ടീസ്പൂൺ
  • ചതച്ച മുളക് - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
  • മസാലക്ക് ഉള്ള ചേരുവകൾ
  • സവാള - 2 എണ്ണം
  • മുളകുപൊടി - 11/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ്
  • ഇഞ്ചി - 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
  • ഏലക്ക - 3 എണ്ണം
  • ഗ്രാമ്പു - 3 എണ്ണം
  • കറുവപ്പട്ട - ചെറിയ കഷ്ണം
  • മല്ലിപ്പൊടി - 1/2 ടേബിൾസ്പൂൺ
  • കശുവണ്ടി - 2 ടേബിൾസ്പൂൺ
  • തക്കാളി  - 2 എണ്ണം
  • ഗരം മസാല - 1 ടീസ്പൂൺ
  • ഓയിൽ - 1 ടേബിൾസ്പൂൺ
  • തേങ്ങാപ്പാൽ - 1/4 കപ്പ്‌
  • കറിവേപ്പില 

 

പാകം ചെയ്യുന്ന വിധം

ചിക്കൻ മുഴുവനായി കഴുകി വൃത്തിയാക്കിയ ശേഷം നടുവേ ഒന്ന് മുറിച്ച് കൊടുക്കണം എന്നിട്ട് ഒരു തടി  കൊണ്ട് 5 മിനിറ്റ് നന്നായി ഒന്ന്  തല്ലി കൊടുക്കണം. എന്നിട്ട് ചിക്കൻ മുഴുവനായി ഒന്ന് വരഞ്ഞു കൊടുക്കണം അത് കഴിഞ്ഞ് ചിക്കൻ മറിച്ചിട്ടു വീണ്ടും തല്ലണം. അത് കഴിഞ്ഞു ചിക്കനിൽ പുരട്ടാനുള്ള ചേരുവകൾ എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം ചിക്കനിൽ പുരട്ടി 1 മണിക്കൂർ ഫ്രിഡ്ജിൽ വച്ച ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ വച്ച് വേവിച്ചെടുക്കണം.

ചിക്കൻ വെന്ത ശേഷം ഒരു പാനിൽ അൽപം എണ്ണ ഒഴിച്ചിട്ട് ചിക്കൻ ഒന്ന് ഷാലോ ഫ്രൈ ചെയ്ത് മാറ്റി വെയ്ക്കണം.അത് കഴിഞ്ഞ് ഒരു പാൻ വച്ച് ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പു, ഏലക്ക, കറുവപ്പട്ട എല്ലാം കൂടി ചതച്ചു എണ്ണയിൽ ഇട്ട് വഴറ്റുക. അതിലേക്ക് കറിവേപ്പില, സവാള നീളത്തിൽ അരിഞ്ഞത് എല്ലാം ചേർത്ത് നന്നായി വഴറ്റി സവാള ബ്രൗൺ കളർ ആവുമ്പോൾ അതിലേക്ക് പൊടികൾ ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റിയ ശേഷം അരച്ച തക്കാളി കൂടി ചേർത്ത് വഴറ്റി 2 മിനിറ്റ് ഒന്ന് അടച്ചു വയ്ക്കണം.

അതിന് ശേഷം അതിലേക്ക് 1/4 കപ്പ്‌ വെള്ളം കൂടി ചേർത്ത് കൊടുക്കണം വെള്ളം വറ്റി കഴിയുമ്പോൾ അരച്ച കശുവണ്ടി പേസ്റ്റും തേങ്ങാപ്പാലും ചേർത്ത് യോജിപ്പിച്ച് എടുക്കണം മസാലക്ക് ആവശ്യമായ ഉപ്പും കൂടി ചേർത്ത് കൊടുക്കണം.ഈ മസാലയിലേക്ക് ചിക്കൻ ഇട്ട് മസാല പുരട്ടി എടുത്ത ശേഷം വിളമ്പാം.

 

English Summary : Chicken Recipe in Special Masala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com