ADVERTISEMENT

അത്താഴത്തിന് ചപ്പാത്തി കഴിക്കുന്നവർ ധാരാളമുണ്ട്. ചപ്പാത്തി ഉണ്ടാക്കുന്നതും ഒരു കലയാണ്. ഓരോരുത്തർ ഉണ്ടാക്കുന്ന ചപ്പാത്തിയും വ്യത്യസ്തമായിരിക്കും. എന്നും ഒരേ രീതിയിൽ നല്ല മാർദ്ദവമുള്ള ചപ്പാത്തി തയാറാക്കാൻ ചില പൊടിക്കൈകൾ.

ഒരു കപ്പ് ഗോതമ്പു പൊടിക്ക് അരക്കപ്പ് വെള്ളം എന്നതാണ് കണക്ക്. ചെറിയ ചൂടുവെള്ളത്തിൽ കുഴച്ചെടുത്താൽ  ചപ്പാത്തി ഒന്നുകൂടി മൃദുവായി കിട്ടും.

ഗോതമ്പുപൊടിയിലേക്ക് അൽപം എണ്ണ കൂടി ചേർത്താൽ ചപ്പാത്തി കൂടുതൽ നന്നായി കിട്ടും. ഒരു കപ്പ് ഗോതമ്പ് മാവു കൊണ്ട് ഏകദേശം ആറു ചപ്പാത്തി വരെ ഉണ്ടാക്കി എടുക്കാൻ കഴിയും.

ഒരു വലിയ ബൗളിലേക്ക് രണ്ട് കപ്പ് ഗോതമ്പുമാവ് എടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണ, ഒരു ടീസ്പൂൺ ഉപ്പ് ഇവ ചേർത്ത് കൈകൊണ്ട് തിരുമ്മി യോജിപ്പിക്കുക. ഒരുകപ്പ് ചെറിയ ചൂടുള്ള വെള്ളം ഒന്നിച്ച് ഒഴിച്ചശേഷം നന്നായി കുഴച്ചെടുക്കുക. ഏകദേശം അഞ്ചു മിനിറ്റോളം നല്ല മയം വരുന്നതുവരെ കുഴച്ച് എടുക്കണം.

കൈ വേദന ഉള്ളവർക്ക് ചപ്പാത്തി പരത്താൻ മിക്സിയുടെ ചെറിയ ജാർ ഉപയോഗിക്കാം. മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് വെള്ളം , അര ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ എണ്ണ, ഒരു കപ്പ് ഗോതമ്പു പൊടി ഇവ ചേർക്കുക. അടച്ചതിനുശേഷം പൾസ് ബട്ടൺ നിർത്തി നിർത്തി അമർത്തി കൊടുക്കുക. ഏകദേശം 40 സെക്കൻഡ് കൊണ്ട് പൊടി കുഴഞ്ഞു ഉരുണ്ടു വരും. (750 വാട്സ് എങ്കിലും പവറുള്ള മിക്സിയിൽ മാത്രമേ ചപ്പാത്തി കുഴച്ച് എടുക്കാൻ ശ്രമിക്കാവൂ )

ഈ മാവിൽ ഒരല്പം എണ്ണ തടവി അടച്ചുവെച്ച് ഒരു മണിക്കൂർ മാറ്റിവയ്ക്കണം.

ഇനി ചെറിയ ഉരുളകളാക്കുക. ശേഷം ആവശ്യത്തിനു മാത്രം പൊടി തൂത്ത് കനംകുറച്ച് പരത്തി എടുക്കാം. പരത്താൻ പൊടി ഏറെ ഉപയോഗിച്ച് കഴിഞ്ഞാൽ ചപ്പാത്തിയുടെ രുചി കുറയും.

ചപ്പാത്തി പാൻ നന്നായി ചൂടായ ശേഷം മാത്രമേ ചപ്പാത്തി ചുടാൻ തുടങ്ങാവൂ. ചപ്പാത്തി പാനിൽ ഇട്ടു    ഒരുവശം നിറം മാറി തുടങ്ങുമ്പോൾ മറിച്ചിടാം. ഒരു തവികൊണ്ട് നന്നായി അമർത്തി കൊടുത്താൽ ചപ്പാത്തി നന്നായി പൊങ്ങിവരും. അല്പം നെയ്യോ എണ്ണയോ തടവി കൊടുത്താൽ ചപ്പാത്തിയുടെ രുചി കൂടും.

 

English Summary : How to make perfect soft Chapati.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com