സാലഡുകളുടെ പ്രാധാന്യം മനസിലാക്കുന്നവരുടെ എണ്ണം ദൈനംദിനം കൂടിവരുകയാണ്. കൊളസ്ട്രോള്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം ഒരു നേരത്തെ ഭക്ഷണം സാലഡില്‍ ഒതുക്കുന്നത് വളരെ നല്ലതാണ്. ഇനിയല്‍പം ഡയറ്റ് നോക്കാം, എന്ന് വിചാരിക്കുന്നവര്‍ ആദ്യം കൂട്ടുപിടിക്കുന്നത് സാലഡിനെ ആയിരിക്കും. ലളിത ഭക്ഷണ ക്രമത്തില്‍ ഏറ്റവും മികച്ചതാണ് സാലഡുകള്‍. കുറഞ്ഞ അളവില്‍ കാര്‍ബോഹൈഡ്രേറ്റും കൂടുതല്‍ പ്രോട്ടീനും മിനറല്‍സും ഉള്ള സാലഡുകള്‍ കുറഞ്ഞ കാലറിയില്‍ തന്നെ വയറുനിറയ്ക്കും. തയാറാക്കാനാണെങ്കില്‍ വളരെ എളുപ്പം.
ചേരുവകള്‍:
• ചിക്കന്‍ - 500 ഗ്രാം (എല്ലില്ലാതെ)
• പാഴ്‌സലി - കുറച്ച്
• സവാള - 1
• തക്കാളി - 1
• സാലഡ് വെള്ളരി - 1
• കാരറ്റ് - പകുതി
• ലെറ്റ്യൂസ് -ഒരു ചെറുതിന്റെ പകുതി
• ചുവന്നുള്ളി - 6-7 എണ്ണം
• കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
• സോയസോസ് - 1 ടേബിള്‍ സ്പൂണ്‍
• ഒലിവ് എണ്ണ / ബട്ടര്‍ - 1 ടേബിള്‍ സ്പൂണ്‍
സാലഡ് ഡ്രെസിങ് തയാറാക്കാന്‍
• ഒലിവ് എണ്ണ - 2 ടേബിള്‍ സ്പൂണ്‍
• ചെറുനാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
• ഉപ്പ് - ആവശ്യത്തിന്
സോസ് തയാറാക്കാന്‍
• ഫ്രെഷ് ക്രീം - 100 ഗ്രാം
• പാല്‍ - 1 കപ്പ്
• കോണ്‍ഫ്ലവര്‍ - 1 ടേബിള്‍ സ്പൂണ്‍
• ഉപ്പ് - ആവശ്യത്തിന്
• കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
• കഴുകി വൃത്തിയാക്കിയ ചിക്കന്‍ കഷണങ്ങള്‍ നന്നായി വെള്ളം വാര്‍ന്നതിനുശേഷം വരഞ്ഞെടുക്കുക. ഇതില്‍ കുരുമുളക് പൊടിയും സോയസോസും പുരട്ടി കുറഞ്ഞത് 1/2 മണിക്കൂര്‍ മാറ്റി വയ്ക്കുക.
• പാഴ്‌സലിയും സവാളയും തക്കാളിയും നന്നായി ചെറുതാക്കി അരിഞ്ഞെടുക്കുക. ഒലീവെണ്ണയും ചെറുനാരങ്ങാനീരും ഉപ്പും നല്ലതുപോലെ യോജിപ്പിച്ച് ഇതില്‍ ചേര്‍ത്ത് വെക്കുക.
• ഇനി സാലഡ് വെള്ളരിയും, കാരറ്റും വട്ടത്തില്‍ കനം കുറച്ചും ലെറ്റൂസ് അല്‍പം നീളത്തിലും അരിഞ്ഞെടുക്കുക.
• ഒരു പാന്‍ സ്റ്റൌവില്‍ വെച്ച് ചൂടാകുമ്പോള്‍ ഒലീവെണ്ണയോ ബട്ടറോ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് വെച്ച ചിക്കന്‍ ചെറിയ തീയില്‍ വേവിച്ചെടുക്കുക. ഇതിലേക്ക് ചുവന്നുള്ളിയും ചേര്‍ത്ത് കൊടുക്കണം
• ഫ്രെഷ് ക്രീമും 1/2 കപ്പ് പാലും കൂടി യോജിപ്പിച്ച് വെക്കുക. ബാക്കി 1/2 കപ്പ് പാല്‍ കോണ്‍ഫ്ലവറുമായും യോജിപ്പിക്കുക. ഇനി ഒരു പാന്‍ സ്റ്റൌവില്‍ വെച്ച് ചൂടാകുമ്പോള്‍ ഫ്രെഷ് ക്രീമും പാലും കൂടി യോജിപ്പിച്ചത് ചേര്‍ത്ത് ചെറിയ തീയില്‍ 1/2 മിനിറ്റ് ചൂടാക്കുക. ശേഷം കോണ്‍ഫ്ലവറും പാലും കൂടി യോജിപ്പിച്ചത് ചേര്‍ത്ത് ചെറിയ തീയില്‍ തന്നെ വെച്ച് കൈയെടുക്കാതെ ഇളക്കി കുറുക്കിയെടുക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ സ്റ്റൌ ഓഫ് ചെയ്യാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്തിളക്കി വെക്കുക.
• വേവിച്ചെടുത്ത ചിക്കന്‍ മുറിച്ചെടുത്ത ശേഷം ഇഷ്ടമുള്ളതുപോലെ സാലഡ് സെറ്റ് ചെയ്യാം.
ശ്രദ്ധിക്കാൻ :ഡയറ്റ് നോക്കുന്നവര്‍ക്ക് സോസിനു പകരം സാലഡ് ഡ്രെസിങ് തന്നെ ഉപയോഗിക്കാം.
English Summary : Healthy Salad Recipe For Weight Loss.