ADVERTISEMENT

കാപ്പി പ്രിയർക്ക് വ്യത്യസ്ത രുചിയിൽ ഒരുക്കാം ചൂടുള്ളതും തണുപ്പിച്ചതുമായ മൂന്ന് വ്യത്യസ്ത കോഫി രുചികൾ.

1. ഫിൽറ്റർ കോഫി 

ചേരുവകൾ 

  • കാപ്പിപ്പൊടി - 3 ടേബിൾ സ്‌പൂൺ 
  • പാൽ - 1 ഗ്ലാസ്സ് 
  • വെള്ളം -  1 ഗ്ലാസ്സ് 
  • പഞ്ചസാര - 2 ടേബിൾ സ്‌പൂൺ 

തയാറാക്കുന്ന വിധം 

ആദ്യമായി ഗ്യാസ് കത്തിച്ച് ഒരു പാനിൽ ഒരു ഗ്ലാസ്സ് വെള്ളം വച്ച് നന്നായി തിളപ്പിക്കുക. വെള്ളം തിളയ്ക്കുന്ന സമയത്ത് നമുക്ക് ഫിൽറ്ററിൽ (ഫിൽറ്റർ ഇല്ലാത്തവർ അരിപ്പ എടുത്ത് അതിൽ ഒരു തുണി ഇട്ട് അതിലേക്ക് ഇതേ പോലെ ചെയ്‌താൽ മതി) ആദ്യം 3 ടേബിൾ സ്‌പൂൺ കാപ്പിപ്പൊടി ഇട്ടു കൊടുക്കുക. അതിനു ശേഷം ഒരു പ്രസർ വച്ചു  ചെറുതായി ഒന്നു പ്രസ് ചെയ്യുക. അതിനു ശേഷം ഒരു ഗ്ലാസ്സ് തിളച്ച വെള്ളം അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി ഇത് അടച്ച് 20 മിനിട്ട് അങ്ങനെ തന്നെ വയ്ക്കുക. അതിനുശേഷം ഒരു പാനിൽ ഒരു ഗ്ലാസ്സ് പാലിൽ (വെള്ളം ചേർക്കാത്ത പാൽ) ഒന്നര ടീസ്‌പൂൺ പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. ഇനി ഫിൽറ്ററിലെ കോഫി മിക്‌സ് ആവശ്യത്തിന് എടുത്ത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് തിളച്ച പാൽ ഒഴിക്കുക. പാൽ ഒഴിച്ച ശേഷം അൽപം കോഫി മിക്‌സ് മുകളിലായി ഒഴിച്ചു കൊടുക്കാം. നല്ല ഫിൽറ്റർ കോഫി റെഡി. 

filter-coffee

2. ഐസ്ഡ് ഫ്രാപ്പുക്സിനോ കോഫി റെഡി

ചേരുവകൾ 

  • ഐസ് ക്യൂബ്സ് - 1  കപ്പ് 
  • കാപ്പി പൊടി - 1 ടീസ്‌പൂൺ 
  • തിളപ്പിച്ച വെള്ളം - 1 ടേബിൾസ്‌പൂൺ 
  • പാൽ - 1 കപ്പ്
  • ചോക്ലേറ്റ് സിറപ്പ് - 1 ടേബിൾസ്‌പൂൺ 
  • പഞ്ചസാര സിറപ്പ് - 1/4 കപ്പ് 

തയാറാക്കുന്ന വിധം 

ഇത് നല്ല തണുത്ത ഒരു കോഫി ആണ്. വളരെ എളുപ്പമാണ് ഇത് തയാറാക്കാൻ. 

ആദ്യമായി  ഒരു ബൗളിൽ ഒരു ടീസ്‌പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ എടുക്കുക അതിലേക്ക് ഒരു ടേബിൾ സ്‌പൂൺ ചെറു ചൂടു വെള്ളം ഒഴിച്ച് നന്നായി മിക്‌സ് ചെയ്ത് മാറ്റി വയ്ക്കുക.  ഇനി പഞ്ചസാര സിറപ്പ് തയാറാക്കാം. അതിനായി ഗ്യാസ് കത്തിച്ച് പാൻ അടുപ്പത്തു വച്ചു അതിലേക്ക് അര ഗ്ലാസ്സ് വെള്ളം ഒഴിക്കുക. ഇതിലേക്ക് അര കപ്പ് പഞ്ചസാരയും കൂടി ചേർത്ത് തിളപ്പിക്കുക. പഞ്ചസാര സിറപ്പ് റെഡി ആയ ശേഷം ഗ്യാസ് ഓഫ് ചെയ്യുക. അതിനു ശേഷം ഒരു മിക്‌സിയുടെ ജാറിൽ തണുത്ത ഒരു ഗ്ലാസ്സ് പാൽ ഒഴിച്ച്  ഇതിലേക്ക് നേരത്തെ തയാറാക്കി വച്ചിരുന്ന കോഫിയുടെ മിക്‌സും പഞ്ചസാര സിറപ്പും  (ആവശ്യത്തിനു) ഐസ് ക്യൂബ്സും കുറച്ചു ചോക്ലേറ്റ് സിറപ്പും(ആവശ്യമെങ്കിൽ മാത്രം ചേർക്കുക) കൂടി ചേർത്ത് രണ്ടു മിനിട്ട് നേരമെങ്കിലും മിക്‌സിയിൽ അടിച്ചെടുക്കുക. ഇനി ഒരു ഗ്ലാസ്സിൽ കുറച്ച് ചോക്ലേറ്റ് സിറപ്പ് ഉപയോഗിച്ചു ഗ്ലാസ്സ് ഒന്നു സെറ്റ് ചെയ്യുക. അതിനുശേഷം ഗ്ലാസ്സിലേക്ക് കോഫി ഒഴിച്ചു മുകളിലായി കുറച്ചു ചോക്ലേറ്റ് സിറപ്പ് ഒഴിച്ചു സെറ്റ് ചെയ്യാം. ഐസ്ഡ് ഫ്രാപ്പുക്സിനോ കോഫി റെഡി. 

3. ബട്ടർഫ്‌ളൈ പീ കോഫി 

ചേരുവകൾ 

  • പാൽ - 1 കപ്പ് 
  • മിൽക്‌മെയ്‌ഡ്‌ - 2 ടേബിൾസ്‌പൂൺ 
  • എസ്പ്രെസ്സോ - 2 ടേബിൾസ്‌പൂൺ 

എസ്പ്രെസോ തയാറാക്കുവാൻ വേണ്ട ചേരുവകൾ 

  • കാപ്പി പൊടി - 1 ടേബിൾസ്‌പൂൺ 
  • വെള്ളം - 1  ടേബിൾസ്‌പൂൺ 
  • പൊടിച്ച പഞ്ചസാര - 1 ടേബിൾസ്‌പൂൺ 

തയാറാക്കുന്ന വിധം 

ഇത് ശംഖു പുഷ്പത്തിന്റെ പൂവ് കൊണ്ട് തയാറാക്കുന്ന ഒരു കോഫിയാണ്.

ആദ്യമായി ശംഖു പുഷ്പത്തിന്റെ വെള്ളം തയാറാക്കാം. അതിനായി ഒരു ഗ്ലാസ്സിൽ  നാലോ അഞ്ചോ ശംഖു പുഷ്പത്തിന്റെ പൂവ് ഇട്ട് അതിലേക്ക് അര ഗ്ലാസ്സ് തിളച്ച വെള്ളം ഒഴിക്കുക. (ശംഖു പുഷ്പത്തിന്റെ പൂവ് പാലിലേക്കിട്ട് തിളപ്പിച്ചാലും ഈ കളർ കിട്ടും). 10-15 മിനിട്ട് കഴിയുമ്പോൾ പൂവിൽ നിന്ന് മുഴുവൻ കളറും വെള്ളത്തിലേക്ക് മാറും. ഇടയ്ക്ക് നന്നായി ഇളക്കി കൊടുക്കുക. ഇനി തയാറാക്കേണ്ടത് എസ്പ്രസ്സോ (കോഫി ക്രീം) ആണ്.  അതിനായി ഒരു കപ്പിലേക്ക് ഒരു ടേബിൾ സ്‌പൂൺ ഇൻസ്റ്റന്റ് കോഫി പൗഡറും ഒരു ടേബിൾ സ്‌പൂൺ പഞ്ചസാരയും ഒരു ടീസ്‌പൂൺ വെള്ളവും ചേർത്ത് ഒരു ഹാൻഡ്‌ബ്ലെൻഡറോ സ്‌പൂണോ ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്യുക. സ്‌പൂൺ ഉപയോഗിച്ചാണെങ്കിൽ 10 മിനിട്ട് നേരം ബ്ലെൻഡ് ചെയ്യുക. ഇനി ഒരു ഗ്ലാസ്സിലേക്ക് മുക്കാൽ ഗ്ലാസ്സ് തിളച്ച പാൽ ഒഴിക്കുക. ഇതിൽ രണ്ടു ടേബിൾ സ്‌പൂൺ മിൽക് മെയ്‌ഡ്‌ ചേർത്ത് നന്നായി മിക്‌സ് ചെയ്ത് മാറ്റി വയ്ക്കുക. ഒരു ഗ്ലാസ്സെടുത്ത് അതിലേക്ക് ഐസ് ക്യൂബ്സ് ഇട്ട് മിക്‌സ് ചെയ്‌തു വച്ചിരിക്കുന്ന പാൽ ഒഴിക്കുക. അതിനു മുകളിലായി എസ്പ്രസ്സോ ചേർക്കുക. മുകളിൽ സെറ്റ് ചെയ്യാനായി കുറച്ചു മാറ്റി വച്ച ശേഷം മുഴുവൻ ക്രീമും ചേർക്കാം. ഇനി ഇതിനു മുകളിലായി ശംഖു പുഷ്പത്തിന്റെ വെള്ളം ഒഴിച്ചു കൊടുക്കാം. ഡിപ് ചെയ്‌തു വേണം ഇത് ഒഴിക്കാൻ അങ്ങനെ ചെയ്യുമ്പോൾ നല്ല ഒരു ഷേഡ് കിട്ടും. ഇനി ബാക്കിയുള്ള എസ്പ്രസ്സോ കൂടി മുകളിലായി ഒഴിച്ചു  കൊടുക്കാം. ബട്ടർഫ്‌ളൈ പീ കോഫി റെഡി.

English Summary : Filter Coffee, Iced Frappuccino, Butterfly Pea Coffee. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com