ADVERTISEMENT

പൊരിച്ച കോഴീന്റെ മണം എന്ന ‘കിലുക്കം’ സിനിമയിലെ രേവതിയുടെ ഡയലോഗ് ഓർക്കുന്നുണ്ടോ?. അതുപോലെ അസാധ്യ മണംകൊണ്ടു കൊതിപ്പിക്കുന്ന ഒരു ചിക്കൻ വിഭവം തയാറാക്കിയാലോ. നെയ്മണമൂറുന്ന ഈ ചിക്കൻ റോസ്റ്റ് ചിക്കൻ പ്രേമികളുടെ നാവിൽ കൊതിയുടെ കപ്പലോടിക്കുമെന്നുറപ്പ്. എന്നാൽ പാകം ചെയ്താലോ കിടിലൻ രുചിയിലൊരു ചിക്കൻ ഗീ റോസ്റ്റ്.

 

ചേരുവകൾ

1. ചിക്കൻ – 1 Kg

2.  സവാള – 3  വലുത്

3.  ഇഞ്ചി ചതച്ചത് – 1 ടേബിൾസ്പൂൺ

4.  വെളുത്തുള്ളി ചതച്ചത് – 3 ടേബിൾസ്പൂൺ

5.  തക്കാളി – 1 വലുത്

6.  മഞ്ഞൾപ്പൊടി  – 1.5 ടീസ്പൂൺ

7.  മുളകുപൊടി –  1 ടേബിൾസ്പൂൺ

8.  മല്ലിപ്പൊടി –  1 ടേബിൾസ്പൂൺ

9.  ഗരംമസാലപ്പൊടി – 1 ടീസ്പൂൺ

10.  പെരുംജീരകപ്പൊടി – 1 ടീസ്പൂൺ

11.  നെയ്യ്  – 1 ടേബിൾസ്പൂൺ

12. സൺഫ്ലവർ ഓയിൽ –  3 ടേബിൾ സ്പൂൺ

13.  കറിവേപ്പില

14.  മല്ലിയില

15.  ഉപ്പ് ആവശ്യത്തിന്

16. നാരങ്ങാനീര് 1 ടേബിൾ സ്പൂൺ

 

തയാറാക്കുന്നവിധം

ഒരു പാത്രത്തിലേക്ക് നന്നായി കഴുകി വൃത്തിയാക്കിയ ഒരു കിലോ ചിക്കൻ ചെറിയ കഷണങ്ങളാക്കിയത് ചേർത്തു കൊടുക്കുക.  ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും,  ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും,  ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും കൂടെ ചേർത്ത് അരമണിക്കൂർ  അടച്ചു മാറ്റി വയ്ക്കുക.  ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രം ഇടത്തരം തീയിൽ ചൂടാക്കിയതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക.  നെയ്യ് നന്നായിട്ട് ഉരുകി കഴിയുമ്പോൾ അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത്  കൊടുക്കുക.  ഓയിൽ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് 3 സവാള നന്നായി ചെറുതാക്കി അരിഞ്ഞത് ചേർത്ത്  കൊടുത്ത് കുറച്ച് സമയം ഇളക്കുക.  ശേഷം ഇതിലേക്ക്  ഒരു ടേബിൾസ്പൂൺ ഇഞ്ചി ചതച്ചതും ,  മൂന്ന് ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും,  കുറച്ചു കറിവേപ്പിലയും,  സവാളക്ക് ആവശ്യത്തിനുള്ള കുറച്ചു ഉപ്പും കൂടെ ചേർത്തിട്ട്  ഗോൾഡൻ കളർ ആകുന്നവരെ ഒന്ന് വഴറ്റി കൊടുക്കുക.  സവാള ഏകദേശം ഗോൾഡൻ കളർ ആയി വരുമ്പോൾ തീ നന്നായി കുറച്ച് അതിലേക്ക്  അര ടീസ്പൂൺ മഞ്ഞൾപൊടിയും,  ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും,  ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും,  അര ടീസ്പൂൺ ഗരം മസാലപ്പൊടിയും ചേർത്ത്  പൊടികളുടെ പച്ചമണം മാറുന്നവരെ വഴറ്റി കൊടുക്കുക. 

 

ശേഷം ഒരു വലിയ തക്കാളി മിക്സിയിൽ നന്നായി അരച്ചത് ചേർക്കുക.  ഒപ്പം തന്നെ കുറച്ച് മല്ലിയില അരിഞ്ഞതും കൂടി ചേർക്കുക. തക്കാളിക്ക് പാകത്തിന് ഉപ്പും കൂടി ചേർത്ത് നന്നായിളക്കുക.  തക്കാളിയിലെ എണ്ണയൊക്കെ നന്നായി തെളിഞ്ഞു വരുമ്പോൾ അതിലേക്ക്  ചിക്കൻ കഷണങ്ങൾ ചേർത്ത് മൂടിവെച്ച്  15 മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക.  15 മിനിറ്റിനു ശേഷം അടപ്പ്  തുറന്നു വച്ച് നന്നായി ഡ്രൈ ആകുന്നവരെ വേവിച്ചെടുക്കുക. ചിക്കൻ നന്നായി ഡ്രൈ ആയിക്കഴിയുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകപ്പൊടിയും അര ടീസ്പൂൺ ഗരം മസാലപ്പൊടിയും കൂടെ ചേർത്ത്  നന്നായി ഇളക്കുക.  അവസാനം ഇതിലേക്ക് കുറച്ചു കറിവേപ്പിലയും കുറച്ചു മല്ലിയില അരിഞ്ഞതും കൂടി ചേർത്ത്  ഇളക്കിയതിനുശേഷം തീ ഓഫാക്കുക. സ്വാദിഷ്ടമായ ചിക്കൻ ഗീ റോസ്റ്റ് തയാർ. വിഡിയോ കാണാം

Content Summary : Chiken Ghee Roast Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com