ADVERTISEMENT

നല്ല രുചിയുള്ള ഈ ചിക്കന്‍ കറി തേങ്ങാപ്പാലും തേങ്ങ വറുത്തരച്ചതുമൊന്നുമില്ലാതെ തയാറാക്കാം. അപ്പത്തിനും ചോറിനും ചപ്പാത്തിക്കും എല്ലാം ഈ കറി പെര്‍ഫെക്‌ട് കോമ്പിനേഷനാണ്‌.

 

ചേരുവകൾ

•  ചിക്കൻ - ഒരു കിലോഗ്രാം
•  മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
•  കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
•  മല്ലി പൊടി - 3 ടീസ്പൂൺ
•  ചിക്കന്‍ മസാലപൊടി - 3 ടീസ്പൂൺ
•  സവാള - 2 വലുത്
•  പച്ചമുളക് - 2 എണ്ണം
•  ഇഞ്ചി - 1 ഇഞ്ച് വലിപ്പത്തില്‍
•  വെളുത്തുള്ളി - 4-5 എണ്ണം
•  തക്കാളി - 1 എണ്ണം
•  കറിവേപ്പില - 2-3 തണ്ട്
•  വെളിച്ചെണ്ണ - 6-7 ടേബിള്‍സ്പൂണ്‍
•  ഉപ്പ് - ആവശ്യത്തിന്‌
•  വെള്ളം - 1 1/2 - 2 കപ്പ്

 

തയാറാക്കുന്ന വിധം :

•  ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി കഴുകി വെള്ളം വാര്‍ന്ന ശേഷം 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും 1 ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ഉപ്പും പുരട്ടി 1/2 മണിക്കൂര്‍ മാറ്റി വയ്ക്കുക.

•  മല്ലി പൊടിയും ചിക്കന്‍ മസാലപൊടിയും 1/4 കപ്പ് വെള്ളമൊഴിച്ച് കുതിര്‍ത്ത് വെക്കുക

•  ഇനി ഒരു പാനിൽ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ചിക്കന്‍ ചേര്‍ത്ത് മീഡിയം തീയില്‍ 5-6 മിനിറ്റ് ഫ്രൈ ചെയ്ത് മാറ്റി വയ്ക്കുക.

•  വീണ്ടും പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, സവാള ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. അതിനുശേഷം ഇതിലെ 1/4 ഭാഗം കുതിര്‍ത്ത് വച്ച മസാലപ്പൊടിയില്‍ ചേര്‍ത്ത് ഒട്ടും തരിയില്ലാതെ നല്ല മയത്തില്‍ അരച്ചെടുക്കുക.

•  പാനിലുള്ള ബാക്കി സവാളയിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും നടുവെ കീറിയ പച്ചമുളകും ചേർത്ത് പച്ച മണം പോകുന്നതുവരെ നന്നായി വഴറ്റുക.

•  ഇനി ഇതിലേക്ക് മഞ്ഞൾപൊടിയും കാശ്മീരി മുളകുപൊടിയും കറിവേപ്പിലയും അരച്ചെടുത്ത മസാലയും കൂടി ചേര്‍ത്ത്, നന്നായി വഴന്ന് വരുമ്പോള്‍ അടിച്ചെടുത്ത തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക.

•  ശേഷം വെള്ളവും ഉപ്പും ചേര്‍ത്ത് തിളച്ച് തുടങ്ങുമ്പോള്‍ വറുത്തെടുത്ത ചിക്കൻ ചേർത്ത് വേവിച്ചെടുക്കുക.

•  ഇനി കടുകും കറിവേപ്പിലയും പച്ചമുളകും വെളിച്ചെണ്ണയില്‍ താളിച്ച് ചേർത്താല്‍ നല്ല രുചിയുള്ള ചിക്കൻ കറി തയാര്‍.

 

 

English Summary : Tasty and Easy Chicken Curry Recipe in Malayalam. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com