ADVERTISEMENT

ഇരുമ്പൻ പുളിയിട്ട് തേങ്ങ അരച്ച മീൻ കറി മിനിറ്റുകൾക്കുള്ളിൽ തയാറാക്കാം. ചോറിന്റെ കൂടെ നല്ല എരിവും പുളിയുമുള്ള മീൻകറിയുണ്ടെങ്കിൽ പിന്നെ വേറെയൊന്നും വേണ്ട. ചോറിന്റെയും കപ്പയുടെ യും കൂടെ കഴിക്കാൻ നല്ല ഒരു കറിയാണിത്. മത്സ്യങ്ങളിൽ നല്ല അളവിൽ ഒമേഗ - 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള വറ്റ മീൻ വച്ചാണ് ഈ കറി ഉണ്ടാക്കിയിരിക്കുന്നത്. കറി വച്ചതിനു ശേഷം പിറ്റേ ദിവസം ഉപയോഗിക്കുകയാണെങ്കിൽ രുചി ഒന്നുകൂടി കൂടും.

ചേരുവകൾ:

  • മീൻ(വറ്റ) - 300 ഗ്രാം
  • ചുവന്നുള്ളി - 10 എണ്ണം
  • ഇഞ്ചി - ചെറിയ കഷ്ണം
  • പച്ചമുളക് - 5 കഷ്ണം
  • കറിവേപ്പില - രണ്ട് തണ്ട് 
  • ഇരുമ്പൻ പുളി - ഒരു പിടി
  • ഉപ്പ് - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
  • മുളകുപൊടി - 1 ടേബിൾസ്പൂൺ 
  • വെളിച്ചെണ്ണ - 1 ടീസ്പൂൺ
  • തേങ്ങ ചിരകിയത് - 1 കപ്പ് 
  • കുടംപുളി - 4-5 അല്ലി
  • വെള്ളം - ആവശ്യത്തിന്

താളിക്കുന്നതിന്:

  • ചുവന്നുള്ളി - 5-6 എണ്ണം 
  • കറിവേപ്പില
  • വെളിച്ചെണ്ണ

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ  ചതച്ചെടുക്കുക. 
  • ചതച്ചെടുത്ത ചേരുവകൾ ഒരു മൺചട്ടിയിൽ  ഇട്ടുകൊടുക്കാം.
  • കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കാം.
  • ഇരുമ്പൻ പുളി അരിഞ്ഞിടണം.
  • ഇനി ആവശ്യത്തിനു ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് കൊടുത്തശേഷം അൽപം വെളിച്ചെണ്ണ ചേർത്തു കൈകൊണ്ട് നന്നായി തിരുമ്മി എടുക്കാം.
  • ചിരകിയ തേങ്ങ മിക്സിയുടെ ജാറിലേക്കിട്ട് അൽപം വെള്ളമൊഴിച്ച് നന്നായി അടിച്ചെടുക്കാം, ഈ കൂട്ട് മൺ ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കാം.
  • ഇനി ആവശ്യത്തിന് വെള്ളം ഒഴിച്ച ശേഷം നാലഞ്ച് അല്ലി കുടമ്പുളി അൽപ നേരം വെള്ളത്തിൽ കുതിർത്തു വച്ചത് ചേർത്തുകൊടുക്കാം. ഇനിയിത് അടുപ്പിൽ വച്ച് വേവിക്കാം. 
  • ഈ കൂട്ട് തിളയ്ക്കാറാകുമ്പോൾ മീൻ കഷ്ണങ്ങൾ ചേർത്തു കൊടുക്കാം. നുറുക്കി കഴുകി വൃത്തിയാക്കിയ മീനിൽ(വറ്റ) ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും പുരട്ടി വച്ചിരുന്ന മീനാണ് ചേർത്തു കൊടുക്കേണ്ടത്.
  • ഇനിയിത് ഇടത്തരം തീയിൽ കുറഞ്ഞത് 10 മിനിറ്റ് തിളപ്പിക്കണം, ഇടയ്ക്ക് ചട്ടി ചുറ്റിച്ചു കൊടുക്കാം.
  • മീൻ നന്നായി വെന്തശേഷം ചട്ടി അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കാം.
  • താളിക്കാനായി ഒരു ചെറിയ പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ഇട്ടു കൊടുത്തു നന്നായി മൂപ്പിച്ചെടുക്കുക, ശേഷം ഇത് കറിയിലേക്ക് ഒഴിച്ചു കൊടുക്കാം.
  • ഇരുമ്പൻപുളിയിട്ടു തേങ്ങ അരച്ച മീൻ കറി തയാറായിക്കഴിഞ്ഞു. 

English Summary : Fish Curry With Bilimbi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com