ADVERTISEMENT

ഇലയട കേരളത്തിലെ പരമ്പരാഗതമായ ഒരു പലഹാരമാണ്. ഇത് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വളരെ ആരോഗ്യകരവും രുചികരവുമായ ഇലയട ചെറുപയർ ഉപയോഗിച്ചും നമുക്ക് തയാറാക്കി എടുക്കാം. ചെറുപയറിന്റെ ആരോഗ്യഗുണങ്ങൾ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്, അതുകൊണ്ട് ഇത് ഇടയ്ക്കെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. 

 

ചേരുവകൾ:

  • ചെറുപയർ - 400 ഗ്രാം
  • വെള്ളം - 2-3 ടേബിൾസ്പൂൺ 
  • അരിപ്പൊടി - ¼ കപ്പ്
  • ഉപ്പ് - ½ ടീസ്പൂൺ

 

ഫില്ലിങ്ങിന്:

  • ശർക്കര - 250 ഗ്രാം
  • വെള്ളം - ¼ കപ്പ്
  • തേങ്ങ ചിരകിയത് - 1 ഇടത്തരം തേങ്ങ
  • ഏലക്ക പൊടി - ½ ടീസ്പൂൺ
  • ചുക്ക് പൊടി - ¼ ടീസ്പൂൺ
  • നെയ്യ് - 1 ടീസ്പൂൺ

 

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • ഫില്ലിങ് തയാറാക്കി എടുക്കാൻ ഒരു ഫ്രൈയിങ് പാൻ സ്റ്റൗവിൽ വച്ച് ശർക്കര, കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി എടുക്കാം.
  • ശർക്കര ഉരുക്കി കഴിഞ്ഞാൽ ഫില്ലിങ് തയാറാക്കി എടുക്കാനുള്ള പാത്രത്തിലേക്ക് ഇത് അരിച്ചൊഴിക്കാം.
  • ഈ ശർക്കരപ്പാനി അടുപ്പത്തുവച്ച് ഒന്നുകൂടി ഉരുക്കി, മുറിഞ്ഞു വീഴുന്ന പാകമാകുമ്പോൾ തേങ്ങ ചേർക്കാം. പിന്നീട് നന്നായി ഇളക്കി യോജിപ്പിച്ച് വെള്ളം വറ്റിച്ചെടുക്കാം.
  • ഇനി ഏലക്കായ പൊടിച്ചതും ചുക്കുപൊടിയും ചേർത്ത് ഇളക്കി എടുക്കാം.
  • നെയ്യ് കൂടി ചേർത്ത് ഇളക്കിയശേഷം അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കാം, ഫില്ലിങ് തയാറായിക്കഴിഞ്ഞു.
  • ആറു മണിക്കൂർ വെള്ളത്തിൽ കുതിർത്തു കഴുകി വാരിയ ചെറുപയർ മിക്സിയുടെ ഒരു ജാറിലേക്കിട്ട് അല്പം വെള്ളമൊഴിച്ച് നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. വെള്ളം കൂടി പോകരുത്, രണ്ടോ മൂന്നോ ടേബിൾസ്പൂൺ മതിയാകും.
  • ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം, ഇതിലേക്ക് അരിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്നിളക്കി എടുക്കാം.
  • ഇനി അട തയാറാക്കി എടുക്കാൻ മാവിൽ നിന്നും കുറച്ചെടുത്ത് കീറിയെടുത്ത വാഴയിലയിൽ വെച്ച് കൈ കൊണ്ട് നന്നായി കനംകുറച്ച് പരത്തിയെടുക്കാം. മാവ് കയ്യിൽ ഒട്ടിപിടിക്കാതിരിക്കാൻ കൈ ഇടയ്ക്കു വെള്ളത്തിൽ മുക്കിയെടുക്കാം 
  • പരത്തിയതിനുശേഷം അടയുടെ ഒരു ഭാഗത്തു മാത്രം ഫില്ലിംഗ് പരത്തി മറുഭാഗം കൊണ്ട് മൂടികൊടുക്കാം. 
  • ബാക്കിയുള്ളതും ഇതുപോലെ തയ്യാറാക്കി എടുത്തശേഷം 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.

 

English Summary : Cherupayar Ilayada, Healthy Snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com